ഒരുപാട് വർഷങ്ങൾക്ക് ശേഷമാണു മമ്മുട്ടി മാസ്റ്ററോടൊത് വട്ടോളി നാഷണൽ ഹെയർ സെക്കണ്ടറി സ്കൂളിലേക്ക് വീണ്ടും പോകാൻ അവസരം ഉണ്ടായത് . ഒരുപാടു കാലം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ച അദ്ദേഹം അവിടുത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കെ ഞങ്ങൾ സ്കൂൾ ഗേറ്റ് കടന്നു ഉള്ളിലേക്ക് നീങ്ങി ..
സ്കൂൾ അവധി ആയതുകൊണ്ട് തന്നെ എങ്ങും ഒഴിഞ്ഞു കിടക്കുകയായിരുന്നു ..
വെറും മൂന്ന് വര്ഷം കൊണ്ട് ഒരു ജന്മം മുഴുവൻ ഓർമ്മിക്കാൻ ഉള്ളത്ര മനോഹരമായ ഓർമ്മകൾ സമ്മാനിച്ച പ്രിയപ്പെട്ട സ്കൂൾ , ഒരുകാലത്തു പോകാൻ മടിച്ചതും പിന്നെ എത്ര ആഗ്രഹിച്ചാലും പോകാൻ കഴിയാത്തതുമായ ഒരിടം . മാസ്റ്റർ വണ്ടിയിൽ നിന്ന് ഇറങ്ങി പഴയകാല പ്രൗഢിയോടെയും തലയെടുപ്പോടെയും നിൽക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ സ്റ്റാഫ് റൂമിന്റെ ഉള്ളിലേക്ക് മെല്ലെ നടന്നു പോയി ,
സ്റ്റാഫ്‌റൂമിന്റെ പുറംകളർ പെയിന്റിംഗ് ഒക്കെ പച്ചയാക്കിയിരിക്കുന്നു . എന്നാലും ആ പഴയ ചുവന്ന കളർ തന്നെയായിരുന്നു എനിക്ക് ഇഷ്ടം
ചെടികളും മുറ്റവും ഒക്കെ അതുപോലെ തന്നെ അല്ലങ്കിൽ അല്പം കൂടെ നന്നായിട്ടുണ്ട് , ഒരുപാടു ഓടിക്കളിച്ചു ആ ബാസ്കറ്റ് ബോൾ കോർട്ടും അതിന്റെ ബാക്കിലെ വോളിബോൾ കോർട്ടും സൈഡ് ലായി ഉയരത്തിൽ ഉള്ള വാട്ടർ ടാങ്കിയും ഒക്കെ ഒന്നുകൂടെ കാണാൻ കഴിഞ്ഞ സന്തോഷം , ഞാൻ വണ്ടിയിൽനിന്നിറങ്ങി സ്കൂൾ ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് നടന്നു
ഹോ...എന്തൊരു വെയിൽ.. ഒരു കാലത് വെയിലും മഴയും ഒന്നും അറിഞ്ഞിരുന്നില്ല , ഗ്രൗണ്ടിലേക്കുള്ള പടവുകൾ മെല്ലെ ഇറങ്ങിനോക്കി , പണ്ട് ഓടിക്കയറിയ കാലുകൾക്കൊന്നും ഇന്ന് അത്ര ഉഷാറില്ലാത്തപോലെ , പ്രായം ഒക്കെ ആയില്ലേ എന്ന ഡയലോഗ് പറയാൻ ആയോ ആവൊ ? ഗ്രൗണ്ടിനോട് ചേർന്ന് നിൽക്കുന്ന ആ സ്റ്റേജിന്റെ സൈഡിലെ മരത്തണലിനെ ലക്ഷമാക്കി നീങ്ങി , ഒരുപാട് കാലം സ്കൂൾബസ് കാത്തിരുന്ന ആ മരത്തണൽ ,സ്കൂൾ വിട്ട്കഴിഞ്ഞാൽ പിന്നെ അവിടെ ഇരുന്ന് ഓരോ വർത്താനം പറയാൻ നല്ല രസായിരുന്നു , എത്ര എത്ര മനസ്സുകൾ പരസ്പരം കൈമാറിയ ഇടം , കളിയായും താമാശയായും തുടങ്ങി ഒടുവിൽ പിരിയാൻ കഴിയാത്ത വിധം അടുക്കുകയും , അവസാനം സ്വപ്നം സാക്ഷാത്കരിച്ചവരും പാതിവഴിയിൽ ഇട്ടിട്ടു പോയവരും , ഒരിക്കലും നടക്കില്ലെന്ന് അറിഞ്ഞു പരസപരം മറക്കാൻ ശ്രമിച്ചവരുടെയും ,പിരിഞ്ഞിട്ടും പിരിയാൻ കഴിയാതെ കരയിൽ അകപ്പെട്ട പരൽമീൻ കണക്കെ പിടയുന്നവരുടെയും ഒക്കെ കഥപറയാൻ ഉണ്ടായിരുന്നു ആ മരത്തണലിനു ..
നീളമേറിയ വരാന്തയിലൂടെ നടന്നു കൊണ്ടിരിക്കുമ്പോൾ എന്നെ മൃദുവായി തഴുകിക്കൊണ്ടിരിക്കുന്ന കാറ്റിനു സാധാരണക്ക് വിപരീതമായി എന്തോ പ്രത്യേകത ഉണ്ടായിരുന്നു, ആ ഇളം കാറ്റിന്റെ സുഗന്ധം ഒറ്റ സെക്കന്റ് കൊണ്ട് പഴയ ക്ലാസ്സ്മുറിയിലേക്ക് എത്തിച്ചു . അതെ ഇതുതന്നെ.. എന്റെ ക്ലാസ് മുറിയുടെ പുറത്തു തന്നെ നിന്ന്കൊണ്ട് ഞാൻ ഉള്ളിലേക്ക് നോക്കി , ക്ലാസ് മുറിനിറയെ കുട്ടികൾ ഉണ്ടായിരുന്നു.. നീല പാന്റും വെള്ള ഷർട്ടും ഉടുതുകൊണ്ട് നിരനിരയായി ഇരുന്നുകൊണ്ട് അവർ ടീച്ചറെ ശ്രദ്ധിക്കുകയായിരുന്നു , എന്നെ കണ്ടതും അടുത്തേക്ക് വന്ന ടീച്ചർ ക്ലാസ്സിൽ കയറി ഇരിക്കാൻ പറഞ്ഞു . ഞാൻ കയറി എന്റെ സ്ഥലത്തു ഇരുന്നു , ഞാൻ ക്ലാസ് മുറിയിലെ ആ ബെഞ്ചിലിരുന്ന് ചുറ്റും ഒന്ന് നോക്കി , എല്ലാം പരിചയമുള്ള മുഖങ്ങൾ തന്നെ ,
എനിക്ക് കൗതുകമായി.. എല്ലാവരുടെയും പേരുകൾ മുഴുവനായും ഓർമ്മ കിട്ടുന്നില്ല ,നാവിന്തുമ്പില് വന്ന പേരുകളിൽ മാറിമാറി ഉരുവിട്ട്കൊണ്ട് ഏകദേശം ആളുകളുടെയും പേരുകൾ ഓർമ്മിച്ചു ,രണ്ടുമൂന്ന് പേരുടെ ശെരിക്കും മറന്ന് പോയിരുന്നു ... പക്ഷെ എല്ലാവരെയും എനിക്ക് അറിയാം , മുന്ബെഞ്ചിലെ പഠിപ്പികളെയും ബാക് ബെഞ്ചിലെ ഉഴപ്പന്മാരെയും ഒക്കെ ഞാൻ മാറിമാറി നോക്കി, എനിക്ക് അത്ഭുതം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല , ടീച്ചർ ക്ലാസ് എടുക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു ,
പക്ഷേ എനിക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല , പ്രിയപ്പെട്ടവരേ ഒക്കെ അടുത്കിട്ടിയ നിമിഷത്തിൽ ലയിച്ചുപോയിരുന്നു ,നീലയും കറുപ്പും ചുവപ്പും പേന കൊണ്ട് അവിടിവിടങ്ങളിയായി പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് വെച്ച്കൊണ്ട് ഭംഗിയിൽ എഴുതിയിരിക്കുന്നത് കാണാം , ഒരറ്റം കൂർത്ത വില്ല് കീറിമുറിച്ചു ഹാർട്ട് ചില പ്രണയത്തിന്റെ തീവ്രതയെ സൂചിപ്പിച്ചിരുന്നു , കറപിടിച്ച ഡസ്കിന്റെ ചില ഭാഗങ്ങൾ ബ്ലേഡ് ഉപയോഗിച്ചു വൃത്തിയായി ചുരണ്ടി മിനുക്കി പല ആര്ട്ട് വർക്കുകളും ,സ്ടുടെന്റ്റ് യൂണിയന്റെ പേരുകളും കൊണ്ട് അലങ്കരിച്ചിരുന്നു . എന്റ കൈകൾ മെല്ലെ അതൊക്കെ തലോടി നോക്കി , ഞാൻ ഓരോരുത്തരെയായി മുഖത്തേക്ക് നോക്കാൻ തുടങ്ങി , ഓരോരുത്തരുടെ മന്ദഹാസങ്ങൾ കാണുമ്പോൾ മനസ്സിൽ സന്തോഷം കൂടിക്കൊണ്ടിരുന്നു .
" വരണ്ടുകിടക്കുന്ന ഭൂമിക്ക് കിട്ടാവുന്ന മനോഹരമായ സമ്മാനായിരുന്നത്രെ മഴത്തുള്ളികളുടെ ചുംബനങ്ങൾ " ആ മഴത്തുള്ളികൾ എന്റെ കണ്ണിനെ ഈറനണിയിക്കുന്നതോടൊപ്പം മനസ്സിനെ കുളിരണിയിച്ചു . കളങ്കമില്ലാത്ത സ്നേഹത്തിന്റെ അവസാന കാലത്തേ കൂട്ടുകാർ , സത്യം .. സ്കൂൾ കാലഘട്ടത്തിനു ശേഷം സ്നേഹം കാണിച്ചവർ അധികവും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .
ഡ്യൂട്ടി കഴിഞ്ഞു പോകുന്ന ആരോ ബൈക് സ്റ്റാർട്ടാക്കുന്ന സൗണ്ട് കേട്ടതും ക്ലാസ് മുറിയിലെ ടീച്ചർ എങ്ങോട്ടോ പോയി , സഹപാഠികൾ ഒക്കെ എവിടെയോ മറഞ്ഞു , വാതിലുകൾ അടക്കപ്പെട്ടു . ഞാൻ മെല്ലെ ക്ലാസ് മുറിയുടെ ജാലകത്തിന്റെ അടുത്തേക്ക് നീങ്ങി . പാതി തുരുമ്പിച്ച കമ്പികൾക്കിടയിലൂടെ ഉള്ളിലേക്ക് നോക്കി , എല്ലാം ശൂന്യമായിരുന്നു . വീണ്ടും ഒന്ന് ഉള്ളിൽ കയറി ഇരിക്കാൻ ആഗ്രഹമുണ്ടായിരുന്നു , മായ്ഞ്ഞു പോയ്കൊണ്ടിരിക്കുന്ന ഓർമ്മകൾ വീണ്ടും വലിച്ചിഴച്ചക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാവാം , മനസ്സ് അനുവദിച്ചില്ല, കഴിഞ്ഞു പോയ ആ നല്ല മുഹൂർത്തങ്ങളൊക്കെ അതിന്റെ ഭംഗി നിലനിർത്തിക്കൊണ്ട് തന്നെ മെല്ലെ തിരിച്ചു നടന്നു , മാഷും അദ്ദേഹത്തിന്റെ ആവശ്യം കഴിഞ്ഞു എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു,
ഓട് വിരിച്ച ക്ലാസ്റൂമിന്റെ കുറുകെ ഇട്ട വീതികൂടിയ പലകയിൽ ഇരുന്ന് രണ്ടു പ്രാവുകൾ പരസ്പരം പ്രണയിക്കുന്നുണ്ടായിരുന്നു , കൈമാറാൻ മടിച്ചൊരാ പ്രണയ ലേഖനങ്ങളെ സാക്ഷിയാക്കികൊണ്ട്...
No comments:
Post a Comment