തമിഴ് നാട്ടിലെ സ്കൂളുകളിൽ ഫസ്റ്റ് ബെഞ്ചും ബാക്ക് ബെഞ്ചും ഇല്ല എന്ന വാർത്ത കണ്ടപ്പോളാണ് അതുപോലൊരു ക്ലാസ്സ്‌റൂമിന്റെ പഴയ ഓർമ്മ മനസ്സിൽ മെല്ലെ പൊങ്ങി വന്നത്, പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഏകദേശം ഒരു 2000-2001 കാലഘട്ടം( നാദാപുരം-പാറക്കടവ്) "കല്ലും പുറം മാപ്പിള യൂ പി" സ്കൂളിലും ഇതേ രീതിയിൽ തന്നെ ആയിരുന്നു ബെഞ്ചും ഡെസ്കും ഇട്ടത്.പാറക്കടവ് ടൗണിൽ നിന്നും ഒരു 150 മീറ്റർ മാത്രം അകലെ സ്ഥിതിചെയ്തിരുന്ന ഒരു കൊച്ചു മനോഹരമായ സ്കൂൾ,നീളത്തിലുള്ള കോണിപ്പടികൾ കയറി ഗേറ്റ് കടന്നു ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു വലിയ നടുമുറ്റത്തിനു മൂന്നു ഭാഗത്തായി കുറച്ചു ഭാഗം ഓടിട്ടതും ബാക്കി വാർപ്പിട്ടതുമായ ഇരു നിലകളിലായി നീളത്തിൽ സ്ഥിച്ചെയ്യുന്ന കെട്ടിടം കാണാം.അങ്ങാടിയുടെ തിക്കിനും തിരക്കിനും കോലാഹലങ്ങൾക്കുമിടയിൽ കരിങ്കല്ലിന്റെ ചുറ്റുമതിലുകളാൽ തീർത്ത അത്യാവശ്യം നല്ല ശാന്തമായ അന്തരീക്ഷം. ഉമ്മേം ഉമ്മാന്റെ ജേഷ്ടത്തിമാരും ഒക്കെ അവിടാ പഠിച്ചേ എന്ന് പറയുന്നത് കേൾക്കാറുണ്ടായിരുന്നു .അന്ന് അവരെ പഠിപ്പിച്ച സതിയ്യപ്പൻ മാഷും ലീല ടീച്ചറും അടക്കം പണ്ടത്തെ ടീച്ചേർസ് ചിലരൊക്കെ അപ്പോഴും ഉണ്ടായിരുന്നത്രെ,സതിയ്യപ്പൻ മാസ്റ്റർ ഹെഡ്മാസ്റ്ററായിരുന്നു അദ്ദേമഹണ് എന്നെ ചേർക്കാൻ വന്ന ഉമ്മാനോട് ഇവന്ന് നന്നായി പഠിച് ഭാവിയിൽ വല്ല ഗവണ്മെന്റ് ജോബ് എങ്ങാനും കിട്ടുകയാണെങ്കിൽ ഒരു കൊല്ലം കൂടുതൽ സർവീസ് ചെയ്യാൻ കഴിയുമല്ലോ എന്ന ദീർഗ്ഗവീക്ഷണം കൊണ്ട് സ്കൂൾ രജിസ്റ്ററിൽ എന്റെ ഒരു വയസ്സ് കുറച് എഴുതിയ കക്ഷി, പാസ്പോർട്ട് എടുക്കുന്ന സമയം അതുകൊണ്ട് ഉണ്ടായ പൊല്ലാപ്പ് ചെറുതൊന്നും ആയിരുന്നില്ല,ഇസ്ലാം, മാപ്പിള, ഒബിസി,എന്നത് ഒഴിച്ചാൽ സ്കൂൾ സെർട്ഫിക്കറ്റിൽ ആകെ മൊത്തം തെറ്റായിരുന്നു. അതിന്റെ കാരണക്കാർ എന്റെ രക്ഷിതാക്കൾ കൂടെയായിരുന്നു.അന്നൊന്നും ഇന്നത്തെ അത്ര നിയമം സ്ട്രിക്റ്റും ആയിരുന്നില്ല എന്നതാണ് സത്യം, ആരും അറിഞ്ഞുകൊണ്ട് ചെയ്യില്ലല്ലോ, അവസാനം ഞാൻ സ്കൂളിൽ പോയിട്ടേ ഇല്ല എന്നരീതിയിൽ പാസ്പോർട്ട് ഓഫീസിൽ ഫോം ഫിൽ ചെയ്തു കൊടുത്ആണ് പാസ്പോർട്ട് പോലും എടുക്കേണ്ടിവന്നത്, സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. നമുക്ക് നേരെ ക്ലാസ്സ് മുറിയിലേക്ക് പോകാം..
നീളമുള്ള ക്ലാസ്സ് റൂം ആയിരുന്നു ഞങ്ങളുടേത്.കറുത്ത കാവി കൊണ്ട് ഏതോ കാലം മെഴുകിയ നിലത്തു അവിടെ വിടെ അല്പം കുഴികൾ ഉണ്ടായിരുന്നു,
കൂടാതെ പാതി ചിതൽ അരിച്ച ജാലകം, കുറ്റിയോരം ഭാഗം രണ്ടിഞ്ചു ബ്രെഷ്കൊണ്ട് തലങ്ങും വിലങ്ങും അടിച്ച ഓയിൽ പെയിന്റിന്റെ ബാക്കിവന്ന ഇളംനീല കളർ പെയിന്റ് നൈസായി പൂശി മൊഞ്ചാക്കിയ കട്ടില ജാലകങ്ങൾ , അതിന്റെ ഉള്ളിലൂടെ ഞെരുക്കി അമർത്തി അടിച്ചു കേറ്റിയ ജനൽ കമ്പികൾക്ക് ശ്വാസം മുട്ടും പോലെ തോന്നി, ഞങ്ങൾക്ക് മുൻപ് കഴിഞ്ഞു പോയ സീനിയർസ് ജനൽകമ്പികൾ പാതി വളച്ചു വെച്ച് ആശ കൊടുത്തത് കൊണ്ടുതന്നെ ഈ പ്രാവശ്യം ഞങ്ങളുടെ കൈകളാൽ സ്വാതന്ത്രം കിട്ടുമെന്നുള്ള മോഹമുണ്ടായിരിക്കാം ആ ജനൽ അഴികൾക്ക്, ക്ലാസ്സ് മുറിയുടെ പിന്നാമ്പുറ കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു.. കമ്മ്യൂണിസ്റ് പച്ചയെയും ഉപ്പില ചെടികളെയും സാക്ഷിയാക്കി കീറി വലിച്ചെറിഞ്ഞ നോട്ട്ബുക്കിന്റെ പുറംച്ചട്ടകളും വെള്ളപ്പേപ്പറുകളും ഫില്ലറില്ലാത്ത പേനകളും നിറഞ്ഞു നിൽക്കുമ്പോൾ പുളിയച്ച്ചാറിന്റേം ജോക്കർ മുട്ടായിന്റേം ജാമിന്റേം അച്ചാറിന്റേം ഒക്കെ കവറുകൾ കൊണ്ട് പിന്നാമ്പുറം ആകെ അലങ്കരിച്ചിരിക്കുന്നു...
ഞാൻ കൗതുകത്തോടെ അതൊക്കെ വീക്ഷിക്കുമ്പോൾ പണ്ട് കല്യാണരാമനിലെ ദിലീപിന്റെ കവിതയിൽ പറഞ്ഞപോലെ ''ഇളംകാറ്റിൽ തേങ്ങാ കുലകൾ'' ആടുമ്പോൾ ആ ഇളം കാറ്റിന്റെ കൂടെ പിന്നാമ്പുറത്തു നിന്ന് നുഴഞ്ഞു കയറിയ വെള്ളത്തിന്റെ ലഭ്യത കുറവ്മൂലം ചരൽ കല്ല് കൊണ്ട്നിറഞ്ഞ മൂത്രപുരയിലെ മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധം അതുവരെ കൊതിയൂറുന്ന മുട്ടായി കവറുകൾ കണ്ടപ്പോൾ ഉണ്ടായിരുന്ന ആ ഫ്ലോ അങ്ങ് ഇല്ലാതെയാക്കി കളഞ്ഞു....
ഇനി ചുമരിലക്ക് നോക്കിയാൽ വെട്ടി ഒട്ടിച്ച വർണ്ണക്കടലാസുകളെ പിന്നിലാക്കികൊണ്ട് ചുവന്ന മണ്ണിന്റെ ചളികൊണ്ട് വരച്ച വിവിധ തരം ഡിസൈനുകളാൽ ഉള്ള ചിത്ര പണികൾ കാണാം. റബർ ബോൾ ചളിയിൽ മുക്കി എറിഞ്ഞതായിരുന്നു അതിൽ മികച്ചത്. കട്ടക്ക് നിന്നുകൊണ്ട് പല നീളത്തിലും വലുപ്പത്തിലും ഉള്ള ഹവാക്കാർ ഹവായ് ചെരുപ്പിന്റെ ഫോട്ടോസ്റ്റാറ്റ് രണ്ടാം സ്ഥാനത്തും കൈപ്പതി ചിന്നങ്ങൾ അവിടിവിടായി മൂന്നാം സ്ഥാനത്തും നിലകൊണ്ടിരുന്നു.
ക്ലാസ്സിൽ മൂന്ന് ബെഞ്ചു ഒരു ഭാഗത്തും വേറെ മൂന്ന് ബെഞ്ചു മറുഭാഗത്തും,ആ രീതിയിലായിരുന്നു ബെഞ്ചും ഡെസ്കും ക്രമീകരിച്ചിരുന്നത്, ആൺകുട്ടികളും പെൺകുട്ടികളും അടക്കം ഒരു ഇരുപതി അഞ്ചു മുപ്പതു കുട്ടികളെ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഓർമ്മ., ക്ലാസ്സ് ടീച്ചർക്ക് എല്ലാരേം ഒരേപോലെ വാച്ച്ചെയ്യാനും പരിഗണിക്കാനും കഴിയും എന്നത് നല്ല കാര്യം തന്നെയായിരുന്നു.
ഒന്നിച്ചു ഒന്നാം ക്ലാസ്സിൽ മദ്രസ്സയിൽ പഠിക്കുന്ന അതേ കുട്ടികൾ ആയിരുന്നു അവിടേം ഉള്ളത്. സൊ.. പരസ്പരം കമ്പനി ആവാൻ വലിയ ടൈം ഒന്നും വേണ്ടി വന്നില്ല.പെൺകുട്ടികളും ഏറെക്കുറെ അങ്ങനെ തന്നെ ആണ്.. ചെക്യാട് മുതൽ, ഉമ്മത്തൂർ, താനക്കൊട്ടൂർ ഭാഗത്തു നിന്നൊക്കെയും അവിടെ പഠിക്കാൻ കുട്ടികൾ എത്തിയിരുന്നു, അതും കാൽ നടയായി എന്ന് പ്രത്യേകം ഓർമിക്കുക.
സാധാരണ 9 മണി ക്ക് മദ്രസ വിട്ടാൽ പിന്നെ വീട്ടിൽ വന്നു കളിക്കാലോ,ഉപ്പാപ്പന്റെ കൂടെ പറമ്പിൽ ഒറ്റക്ക് പൊക്കാൻ കഴിയാത്ത തേങ്ങയും പൃതിക്കമാവിന്റെ അണ്ടിയും അടക്കേം ഒക്കെ പെറുക്കാൻ കൂടാം,പഴുത്ത കശുമാങ്ങാ പിഴിഞ്ഞ് അല്പം കറയോടെ ആണെങ്കിലും മധുരമുള്ള നീര് കുടിക്കാം, അതിലുപരി പെറുക്കി കൂട്ടിയ കശുവണ്ടിയിൽ അല്പം ആരും കാണാതെ എടുത്ത്പോയി മുൻപിൽ ഉള്ള മലഞ്ചരക്ക് കടയിൽ വിറ്റ് തൊട്ടടുത്ത കടയിൽനിന്ന് മുട്ടായി വാങ്ങാം എന്നോക്കെ ചിന്തിച്ചു പ്ലാൻ ചെയ്ത് നടക്കുന്ന എന്നെ പിടിച്ചു സ്കൂളിൽ ചേർത്തത് എന്റെ സ്വപ്നങ്ങൾക്ക് ഓർക്കപ്പുറത് കിട്ടിയ അടിയായിപ്പോയി ,
അതിനു പുറമെ ഇടക്ക്ഉമ്മാനെ കാണാനും പൂതി ആയിപ്പോയി.. അല്ലങ്കിലും ഉമ്മാക്ക് ന്നോട് വല്യ ഇഷ്ടോന്നുല്ലാ ന്ന് തോന്നുന്ന്.ഉമ്മാക്ക് എന്നെ കാണായിട്ട് സങ്കടം ഒന്നൂല്ലേ ആവോ... ഉണ്ടെങ്കിൽ എന്നെ ഇവിടെ കൊണ്ടാക്കുമോ..അതുംഎന്നെ പലതും പറഞ്ഞു പറ്റിച്ചു മുട്ടായിയൊക്കെ വാങ്ങിതന്നു പുതിയ കുപ്പായോം പാന്റും ഒക്കെ ഉടുപ്പിച്ചു കയ്യുംപിടിച്ചു കൂട്ടി കൊണ്ടുവന്നത് ഇങ്ങനെ ഒരു ട്രാപ്പിലേക്ക് ആയിരുന്നു എന്ന് ആരറിഞ്ഞു,. ചിന്തകൾ പലതും കടന്ന് പോയി, ഇടക്കിടക്ക് തറവാട്ടിൽ താമസിക്കാൻ വരുന്ന ഇക്കാക്കമാരോടൊത്തു "കുത്തറാളി" കെട്ടുന്ന സമയം ഓരെ നടുപുറത്തു എന്റെ പല്ലിന്റെ പാടുകൾ ഒന്നൊഴിയാതെ പതിയുമ്പോൾ ദേശ്യം കൊണ്ട് ഇഞ്ഞ അണ്ണാച്ചീന്റെടത് നിന്ന് തവിടു കൊടുത്ത് വാങ്ങിയതാ എന്ന് ഇടക്ക് പറയുന്നത് ശെരിക്കും എന്നെ ആസ്വസ്ഥനാക്കിയിരുന്നു,ഇനിയെങ്ങാനും അത് സത്യം തെന്നെയാവുമോ പടച്ചോനെ... എന്റെ മനസ്സ് അറിയാതെ ഒന്ന് പതറി... ഹേയ് അങ്ങനെ ഒന്നും ആവൂലയ്ക്കും, കണ്ടതിലൂടെ പായുന്ന കീരീനെ പിടിക്കാൻ വരുന്നതും റോഡിൽ കുഴി എടുക്കുന്നതും ആക്രി പീടിയേൽ പഴേ പാട്ടയും ബക്കറ്റും എടുക്കാൻ വരുന്നതുമായ അണ്ണാച്ചിന്റെ കൂടെ ഉള്ള കുട്ടികൾ എന്നെപോലെ അല്ലാലോ.. മാത്രല്ല അവർ സംസാരിക്കുന്നത് തന്നെ വേറെ എന്തൊക്കെയോ ഭാഷ ആണ്, എനിക്കാണെങ്കിൽ അതൊന്നും അറിയുകേം ഇല്ല... ഞാൻ സ്വയം സമാദാനിച്ചു...
ഇനി എപ്പോളാ റബ്ബേ പോരേൽ എത്തുക... എന്ന് ഇടയ്ക്കിടെ ഓർത്തു വിഷമിച്ചു ഇരിക്കുകയായിരുന്നു ഞാൻ അടക്കം അവിടെ ഉള്ള ഓരോരുത്തരും. ചിലർ എൻക് ന്റെ ഉമ്മാനെ കാണണോ എന്ന് പറഞ്ഞു രണ്ടു കൈകളും ചുരുട്ടി കണ്ണിലിട്ട് വലത്തോട്ടും ഇടത്തോട്ടും തിരിച്ചു കാറി കരയുന്നു , ഹോ എന്തോരൊച്ചയാ ഈ പിണുക്കുങ്ങൾക്ക്...ഞാൻ രണ്ടു ചെവിയും പൊത്തി ഇരുന്നുപോയി.. എല്ലാരും ഉമ്മനെയാ വിളിക്കുന്നെ.. ആർക്കും ഉപ്പാനെ വേണ്ടേ ആവോ... ഞാൻ ഒരു നിമിഷം എന്റെ ഉപ്പനേം ഓർത്തു പോയി...പാവം ഉപ്പ എന്റെ ഈ അവസ്ഥ അറിഞ്ഞാൽ ഉപ്പാക്ക് എന്തായാലും സങ്കടാവും, മറ്റുചിലർ വാവിട്ട് കരയുന്നവരെ നോക്കി കണ്ണിൽ വെള്ളം നിറച്ചു ചുണ്ടുകൾ വിതുമ്പി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു, ചിലർക്കാകട്ടെ താഴെ ഭൂമി മേലെ ആകാശം എന്ന മട്ട്, എല്ലാം ക്യാഹൈ...
വെള്ള കുപ്പായോം പച്ച പാന്റും ആയിരുന്നു യൂണിഫോം... തല നിറയെ വെളിച്ചെണ്ണ തേച് കുളിച് ഒരുങ്ങി മുടിയൊക്കെ പറ്റിച്ചു മുൻപോട്ട് വാർന്ന് പുട്ടി ഇട്ടപോലെ ഇരു കവിളിലും പൌഡർ ഒക്കെ ഇട്ടു മുക്കാ മുറിയൻ പാന്റൊക്കെ ഉടുത്തു പൊടിമോനെ പോലെ മൊഞ്ജനായി ഇരിക്കുകയായിരുന്നു ഞാൻ. ബാക്കിയുള്ള മൊഞ്ചന്മാർ ന്റെ അടുത്തും മൊഞ്ചത്തികളൊക്കെ ഓപ്പോസിറ് സൈഡ് ഉം ഇരിക്കുന്നു. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുന്നു. അങ്ങനെ ആയിരുന്നു അന്നത്തെ ക്ലാസ്സ് റൂം സെറ്റ് ചെയ്തത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ...
ഞങ്ങൾ മാന്യന്മാർ എല്ലാം ഒന്നിച്ചായിരുന്നു ഇരുന്നുന്നത്, അല്ലങ്കിലും ഞാൻ എവിടെ പഠിച്ചപ്പോളും എനിക്ക് കിട്ടിയത് മുഴുവൻ ഇങ്ങനെ തന്നെ ആയിരുന്നു, പേരെടുത്തു പറയാൻ വയ്യ, അവരിൽ ചിലരൊക്കെ ഇന്ന് നല്ല പൊസിഷനിൽ നിൽക്കുന്നവരാണ്.. ബെല്ലടിച്ചു കുറെ നേരായിട്ടും ടീച്ചർമാർ ഒന്നും ക്ലാസ്സിലേക്ക് വരുന്നത് കണ്ടില്ല ... രണ്ടുമാസത്തെ വിശേഷങ്ങൾ ഓരോന്നായി സ്റ്റാഫ് റൂമിൽ നിന്ന് പങ്കുവെക്കുന്നുണ്ടാവാം അന്ന് ഇന്നത്തെ പോലെ വാട്സ്ആപ്പ് ഫേസ്ബുക് ഒന്നും ഇല്ലാലോ.. ഞങ്ങളും ഓരോന്ന് പറഞ്ഞു അങ്ങനെ ഇരിക്കുമ്പോ ഞങ്ങളുടെ കൂട്ടത്തിലെ ഒന്നാം ക്ലാസ്സിലെ ആണെങ്കിലും വല്യ കോഴി തമ്പുരാൻ (ഇന്ന് അവനൊക്കെ ഏതു നിലയിൽ എത്തിയോ ആവോ) ഒരു ഐഡിയ മുമ്പോട്ട് വെച്ച്, എന്താന്ന് വെച്ചാൽ ഓരോരുത്തരുടെയും മുൻപിൽ മുഖത്തോട് മുഖം ആയി ഇരിക്കുന്ന പെൺകുട്ടിയാണ് ഓരോരുത്തരുടെയും പെണ്ണുങ്ങൾ(മെൻ വിൽ ബി മെൻ)അല്ലങ്കിലും ഒന്നാം ക്ലാസ്സിൽ ഉള്ള കുട്ടികൾ ഒക്കെ അന്ന് അങ്ങനെ ഒക്കെ പറയാൻ മാത്രം ഉള്ള വിവരം ഉണ്ടോ എന്നല്ലേ നിങ്ങളും ഇപ്പൊ ചിന്തിക്കുന്നത്.. ഹ്മ്മ്..അന്ന് ഇന്നത്തെ പോലെ അല്ല അപ്പുറത്തും ഇപ്പുറത്തും ഒക്കെ ഉള്ള വീട്ടിലെ കുട്ടികൾ ഒഴിവ് സമയത്ത് ഇന്നത്തെ പോലെ യൂട്യൂബ് കണ്ടോ ഗെയിം കളിച്ചോ ഇരിക്കുന്നതിനു പകരം ചോറും കൂട്ടാനും കളിക്കലായിരുന്നു പതിവ്, അതിൽ ഒരെ വയസ്സിലുള്ള ഭർത്താവും ഭാര്യേം തന്നെക്കാൾ മൂത്തതോ ആയ മക്കളും ഒക്കെ ഉണ്ടാവാറുള്ളത് പതിവായിരുന്നു, മാത്രമല്ല കച്ചവടവും അടുക്കള പണിയെയും ഒക്കെ നന്നായി അറിയാമായിരുന്നു ....സ്വന്തമായി പലചരക്കു കടയും ഇറച്ചി കടയും എന്തിനേറെ കളിവണ്ടി വരെ ഉള്ള മുതലാളി ആയിരുന്നു ഞാനും... അത് വിശദമായി തന്നെ വിവരിക്കാനുണ്ട്, ഇനിയൊരിക്കൽ ആവട്ടെ...
പറഞ്ഞു വന്നത്.. മ്മ് മ്.. കാ ട്ടു കോഴികൾ.. എല്ലാവരും ഓരോരുത്തരുടെ മുൻപിലും ഉള്ള കുട്ടികളെ നോക്കാൻ തുടങ്ങി,എല്ലാരും സെറ്റ്, എല്ലാരുമല്ല ഞങ്ങളുടെ ബെഞ്ചു മാത്രമാണ് ട്ടോ ബാക്കി എല്ലാം വെറും പാവം ശിശുക്കൾ.. ഇതൊന്നും അറിയുന്നേ ഉണ്ടായിരുന്നില്ല... ഞാൻ നോക്കുമ്പോ എനിക്ക് കിട്ടിയ പെണ്ണിനെ എനിക്ക് ഇഷ്ടായിക്കില്ലായ്നും.. അയ്യേ...നേരത്തെ മൂക്കിന്ന് ഒലിപ്പിച്ചു കരഞ്ഞതിൽ ചീവീടിന്റെ ഒച്ചയുള്ള ഒരുത്തി.. ഞാൻ ഞെട്ടിപ്പോയി.. അല്ല എന്റെ സങ്കല്പത്തിലെ കുട്ടി ഇങ്ങനെ അല്ല, ഓൾക്ഈലും മൊഞ്ചു വേണം, ഓൾ മൂക്കിന്ന് ഒലിപ്പിച്ചു കരയുന്ന ഓളൊന്നും ആവാൻ പാടില്ല.. എൻക് സങ്കടായി.. ഇഷ്ടമില്ലാത്ത ആളെ എങ്ങനെ പെണ്ണുങ്ങളാക്കും, ഇതിപ്പോ എങ്ങനെ മുൻപോട്ട് പോകും എന്ന് അറിയാതെ ഞാൻ കുഴങ്ങി. ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നീട് ഒരു അവസരം കിട്ടീല്ലെങ്കിലോ എന്ന് എന്റെ മനസ്സിനെ വേട്ടയാടി, അവസാനം രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു, ഏയ് ഇത് ശെരിയാവില്ല, എൻക് മാണ്ട ഓളെ.., ഞാനില്ല ഈ കളിക്ക് ഒറ്റ വാശി ഇറക്കി നോക്കി, ഒരിറ്റും അയഞ്ഞു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. കെട്ടീല്ലെങ്കിലും സാരല്ല ഓള ഞാൻ കേട്ടൂല, അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു,
എല്ലാരും കെട്ടുമ്പോൾ ഒരാൾ മാത്രം ബാക്കിയാവുന്നത് എന്റെ കോഴിചങ്കുകൾക്ക് സഹിച്ചില്ല.
ഒടുവിൽ മധ്യസ്‌ത ചർച്ചകൾ ആരംഭിച്ചു, ഒരുപാട് അഭിപ്രായങ്ങൾ വന്നു, ഒടുവിൽ എന്റെ കട്ട സുഹൃത് തന്നെ മധ്യസ്ഥൻ ആയിരുന്നത് കൊണ്ട് എനിക്ക് ഇഷ്ടം ഉള്ള ആളുടെ നേരെ മാറി ഇരിക്കാം എന്ന ഓഫർ തന്നു.. ആഹാ അത് കൊള്ളാം എന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടി, ബാക്കിയുള്ള എല്ലാർക്കും അത് സമ്മദം ആയി... ഞാൻ ഓരോരുത്തരെ ആയി നോക്കി... അവസാനം മധ്യസ്ഥനായ അവന്റെ മുൻപിൽ ഇരുന്ന നീല കണ്ണുള്ള രണ്ടു സൈഡിലേക്കും മുടി മടഞ്ഞിട്ട് പച്ച റിബൺ കെട്ടിയ കണ്മഷി ഒക്കെ എഴുതിയ മൊഞ്ചത്തിയുടെ നേരെയാണ് എന്റെ കണ്ണുകൾ ഉടക്കിയത്, അവൻ ദയനീയമായി ഒന്ന് എന്നെ നോക്കി കണ്ണ് മിഴിച്ചെങ്കിലും മൊഞ്ചിന്റെ കാര്യത്തിൽ വല്യ അന്തം ഒന്നും ഇല്ലാത്ത ഓൻ എനിക്ക് വേണ്ടി മാറി ഇരുന്നു തന്നു... ഓന്റെ ആ ത്യാഗമുഹൂർത്തത്തെ ആ വലിയ മനസ്സിനെ ഞാൻ ഇന്നു നിങ്ങളുടെ മുൻപാകെ സ്മരിക്കുന്നു.. സിനിമേൽ മാത്രല്ല ജീവിതത്തിലും ഇങ്ങനെത്തെ കട്ട കമ്പനിക്കാർ ഉണ്ടാവുന്നവരാണ് ഭാഗ്യം ചെയ്തവർ ല്ലേ.. പകരം ഞാൻ എന്റെ കയ്യിൽ ഉമ്മ വാങ്ങിത്തന്ന മുട്ടായി യിൽ ഒന്ന് അവന്ന് സമ്മാനിച്ചു, എല്ലാരും ഹാപ്പി.. മുട്ടായി കിട്ടിയപ്പോൾ അവനും ഹാപ്പി.. ഞാനാകട്ടെ നീലക്കണ്ണുള്ള മൊഞ്ചത്തിനെ കിട്ടിയ സന്തോഷത്തിൽ ഓളേം നോക്കി ഇരുന്നു...
ഇച്ചിരി നേരം അങ്ങനെ ഇരിക്കുമ്പോളേക്ക് ടീച്ചർ വന്നു,ചുവന്ന സാരി ഉടുത്ത പൊട്ടു തൊട്ട നല്ല സ്വഭാവം ഉള്ള ടീച്ചർ ആയിരുന്നു ഞങ്ങളുടേത്. അവർ ഹാജർ പട്ടിക തുറന്നു അറ്റെൻഡൻസ് വിളിച്ചു, പിന്നെ കവറിൽ കൊണ്ടുവന്ന ഉള്ള് കാണുന്ന വെള്ള പ്ലാസ്റ്റിക് പൊതിയിൽ പൊതിഞ്ഞ ഉരുണ്ട ചെറിയ നാരങ്ങ മുട്ടായി രണ്ടെണ്ണം വെച്ച് എല്ലാർക്കും തന്നു.., ആദ്യത്തെ ദിവസം ആയത് കൊണ്ട് കുറച്ചു പാട്ടൊക്കെ പാടി തന്നു ഞങ്ങളും അറിയുമ്പോലെ ഏറ്റു പാടി, കഥ പറഞ്ഞു തന്നു.. കുറച്ചു കഴിഞ്ഞപ്പോൾ കൂടെ ഇരുന്ന ഒരു പൈസക്കാരന്റെ ബാഗിലെ നീണ്ടകുപ്പീലെ മഞ്ഞ കളറുള്ള കലക്കിയ ടാങ്കിന്റെ വെള്ളം ഇടക്കിടക്ക് അവനെ സോപ്പിട്ടു അടിച്ചുമാറ്റി കുടിച്ചു പള്ള നിറച്ചു. അന്ന് ടാങ്കിന്റെ വെള്ളം കലക്കി കൊണ്ട് വരുന്നോർക്കൊക്കെ ക്ലാസ്സിൽ വല്യ സ്വീകാര്യത ആയിരുന്നു. ഞങ്ങളുടെ വീട്ടിൽ ഒക്കെ വിരുന്നുകാർ വരുമ്പോൾ മാത്രമേ ഉമ്മ ടാങ്ക് കലക്കാറുള്ളൂ...
അങ്ങനെ ആ ദിവസം സന്തോഷത്തോടെ വീട്ടിൽ പോയി പുതിയ പെണ്ണുങ്ങളെ കിട്ടിയ കാര്യം മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ ഏഴിൽ പഠിക്കുന്ന ഇത്താത്താനെ അറീച്ചു...., ഒന്നാമത്തെ ദിവസം തന്നെ പെണ്ണും കെട്ടി വന്ന എന്നെ അവൾ യാതൊരു ദയയും ഇല്ലാതെ ഉമ്മാക്ക് ഒറ്റി കൊടുത്തു... ഓളെ മാപ്ല അങ്ങട്ടേലെ വയസ്സൻ ഹാജിന്റെ കാര്യം നാളെ ഓളെ ഉമ്മാനോട് ഞാനും പറഞ്ഞു കൊടുക്കും എന്ന് മനസ്സിൽ ശപതം ചെയ്തു..
" പുതിയാപ്ല പോയി കുപ്പായോം പേന്റും എല്ലാം കയ്ച്ചിട്ട് വാ കുളിപ്പിച്ച് തരാ.. നാറീട്ട് വയ്യാ "ആകെ മാനം പോയി നിൽക്കുന്ന എന്നെ നോക്കി ഉമ്മ പറഞ്ഞു ..
പൂപ്പൽ പിടിച്ച ആൾമറയുള്ള കിണറ്റിൻ കരയിൽ അടുത്ത ആഴ്ച മടയാൻ വേണ്ടി പൊതിർത്താൻ ഇട്ട ഓല ചീന്തുകൾക്ക് മേലെ കയറ്റി നിർത്തി മെലൂട്ടെ വെള്ളം ഒഴിക്കുന്ന ഉമ്മാന്റെ അർത്ഥം വെച്ചുള്ള ചിരിയിൽ
ഞാനങ്ങു ഇല്ലാണ്ടായി പോയപോലെ...
No comments:
Post a Comment