Friday, August 29, 2025

നബിദിനം

വല്യ പെരുന്നാളും ചെറിയ പെരുന്നാളും കഴിഞ്ഞാൽ പിന്നെ ഏറ്റവും വല്യ ആഘോഷം നബിദിനം ആയിരുന്നു അന്ന് . അതിനു ഒരുപാട് കാരണങ്ങളും ഉണ്ടായിരുന്നു .നബിദിനം അടുത്താൽ ഇടക്കിടക്ക് ഉള്ള സാഹിത്യ സമാജങ്ങളും പാട്ടും പ്രസംഗങ്ങളും കിസ് മത്സരവും മറ്റു വെറൈറ്റി ഐറ്റംസുകൾ കൊണ്ട് നിറഞ്ഞ ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ പ്രകടിപ്പിക്കാനും പുഷ്ടിപ്പെടുത്താനും ഉള്ള ഏറ്റവും നല്ല അവസരമായിരുന്ന് റബീഉൽ അവ്വൽ മാസം ,മാത്രമല്ല ഇന്നത്തെ പോലെ ടെക്നലോജിയ അന്ന് വലിയ പുരോഗതി ഒന്നും ഇല്ലാത്ത കാലമായത് കൊണ്ട് തന്നെ നമ്മുടെ കലാപരമായ കഴിവുകൾ സ്റ്റേജിൽ കയറി അവതരിപ്പിക്കാൻ ഇടക്ക് മാത്രം കിട്ടുന്ന അപൂർവ്വം അവസരങ്ങളെ അന്ന് ഉണ്ടായിരുന്നുള്ളൂ.., കൊല്ലത്തിൽ ഇടക്ക് മാത്രം കയ്യിൽ മൈക് കിട്ടുമ്പോൾ ഉള്ള സന്തോഷവും സ്റ്റേജിൽ കയറുമ്പോൾ ഉള്ള ആ പേടിയോടുകൂടെ ഉള്ള ആ ആവേശവും ഒക്കെ ഇന്ന് ഓർക്കുമ്പോൾ കുളിര് തോനുന്നു . എനിക്ക് അന്നും ഇന്നും സ്റ്റേജിൽ കയറിയാൽ ഉള്ളം കൈ വിയർക്കും.. പോത്തു പോലെ വളർന്നിട്ടും ഇന്നും പേടിത്തൂറി ആണല്ലോടാ നീ എന്ന് ഇടയ്ക്കിടെ ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്താറുണ്ട് ,


ആദ്യമൊക്കെ സ്റ്റേജിൽ കയറി മൈക്ക് കയ്യിൽ കിട്ടിയാൽ പിന്നെ ഒരു കോൺഫിഡൻസു എവിടെനിന്നോ വരുമായിരുന്നു , പക്ഷേ ടീൻ ഏജ് പ്രായം പാട്ട്പാടുന്ന ആൺകുട്ടികൾക്ക് ഒരു വില്ലനായിരുന്നു , അഥവാ ആ സമയം നമ്മുടെ സൗണ്ട് മെല്ലെ മെല്ലെ മാറി തുടങ്ങും.., നമ്മൾ വിചാരിക്കുന്നിടത് പിടിച്ചാൽ കിട്ടില്ല , അത് ശെരിക്കും നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് ചെറുതൊന്നും അല്ല ,പെൺകുട്ടികൾക്കും അങ്ങനെ ഒക്കെ ഉണ്ടോ ആവൊ , ഒരു പത്തിരുപത് കിലോ ഇരട്ടിമധുരം ഒറ്റയിരിപ്പിനു തിന്നിട്ടും നോ രക്ഷ , അല്ലെങ്കിലേ എനിക്ക് എന്റെ ശബ്ദം അത്ര ഇഷ്ടമല്ലായിരുന്നു , അല്പം ഗാംഭീര്യം ഉള്ള ശബ്ദം കിട്ടിയിരുന്നെങ്കിൽ എന്ത് രസായ്‌നും എന്ന എപ്പോളും വിചാരിക്കും ., വാട്സപ്പിൽ അയച്ച വോയിസ് സ്വയം കേട്ടുനോക്കുമ്പോൾ അറിയാം എന്ത് ബോറാ എന്ന് , ഞാൻ വിചാരിച്ചത് എനിക്ക് മാത്രാ ഇങ്ങനെ എന്നായിരുന്നു പക്ഷെ  ഇതേ പറ്റി ഞാൻ സംസാരിച്ച ഒട്ടുമിക്ക ആൾക്കാരും സ്വന്തം ശബ്ദത്തിന്റെ കാര്യത്തിൽ എന്റെ അതേ അഭിപ്രായക്കാരായിരുന്നു എന്നതാണ് വേറെ ഒരു രസം..,

എല്ലാ പരിപാടിക്കും ചാടിക്കേറി നിൽക്കുന്നത് അന്ന് ഒരു ആദത് ആയിരുന്നു , എല്ലാം കൂടെ പഠിക്കാൻ പറ്റുമോ ഇല്ലയോ എന്നൊന്നും നോക്കൂല പേര് കൊടുത്തിടും , അവസാനം എല്ലാം കൂടെ കൊളാവുമൊന്ന് പേടിച്ചു ഊണും ഉറക്കവും ഇല്ലാതെ തിരിഞ്ഞു കളിക്കും , എന്നാലും സമ്മാനങ്ങൾ കൂമ്പാരമാകുന്നത് ഓർക്കുമ്പോൾ ആവേശം കൂടും . 

അറബി ഗാനങ്ങൾ കൂടുതലും സ്കൂളിൽ വെച് കായക്കൊടിഹനീഫ് മാഷ് പഠിപ്പിച്ചതായിരുന്നു നബിദിനത്തിനും പാടുന്നത് , അതിലെ ഏകദേശ ഗാനങ്ങളും പൂർണ്ണമായി അറിയില്ലെങ്കിലും കുറെ ഒക്കെ മനസ്സിൽ കിടപ്പുണ്ട് ,

No comments:

Post a Comment