Sunday, August 31, 2025

നീലക്കണ്ണുള്ള സുന്ദരിയും കോഴി കുഞ്ഞുങ്ങളും

തമിഴ് നാട്ടിലെ സ്കൂളുകളിൽ ഫസ്റ്റ് ബെഞ്ചും ബാക്ക് ബെഞ്ചും ഇല്ല എന്ന വാർത്ത കണ്ടപ്പോളാണ് അതുപോലൊരു ക്ലാസ്സ്‌റൂമിന്റെ പഴയ ഓർമ്മ മനസ്സിൽ മെല്ലെ പൊങ്ങി വന്നത്, പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത്  ഏകദേശം ഒരു 2000-2001 കാലഘട്ടം( നാദാപുരം-പാറക്കടവ്) "കല്ലും പുറം മാപ്പിള യൂ പി" സ്കൂളിലും ഇതേ രീതിയിൽ തന്നെ ആയിരുന്നു ബെഞ്ചും ഡെസ്കും ഇട്ടത്.പാറക്കടവ് ടൗണിൽ നിന്നും ഒരു 150 മീറ്റർ മാത്രം അകലെ സ്ഥിതിചെയ്തിരുന്ന ഒരു കൊച്ചു മനോഹരമായ സ്കൂൾ,നീളത്തിലുള്ള കോണിപ്പടികൾ കയറി ഗേറ്റ് കടന്നു ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു വലിയ നടുമുറ്റത്തിനു മൂന്നു ഭാഗത്തായി കുറച്ചു ഭാഗം ഓടിട്ടതും ബാക്കി വാർപ്പിട്ടതുമായ  ഇരു നിലകളിലായി നീളത്തിൽ സ്ഥിച്ചെയ്യുന്ന കെട്ടിടം കാണാം.അങ്ങാടിയുടെ തിക്കിനും തിരക്കിനും കോലാഹലങ്ങൾക്കുമിടയിൽ കരിങ്കല്ലിന്റെ ചുറ്റുമതിലുകളാൽ തീർത്ത അത്യാവശ്യം നല്ല ശാന്തമായ അന്തരീക്ഷം.   ഉമ്മേം ഉമ്മാന്റെ ജേഷ്ടത്തിമാരും ഒക്കെ അവിടാ പഠിച്ചേ എന്ന് പറയുന്നത് കേൾക്കാറുണ്ടായിരുന്നു .അന്ന് അവരെ പഠിപ്പിച്ച സതിയ്യപ്പൻ മാഷും ലീല  ടീച്ചറും അടക്കം പണ്ടത്തെ ടീച്ചേർസ് ചിലരൊക്കെ അപ്പോഴും ഉണ്ടായിരുന്നത്രെ,സതിയ്യപ്പൻ മാസ്റ്റർ ഹെഡ്മാസ്റ്ററായിരുന്നു അദ്ദേമഹണ് എന്നെ ചേർക്കാൻ വന്ന ഉമ്മാനോട് ഇവന്ന് നന്നായി പഠിച് ഭാവിയിൽ വല്ല ഗവണ്മെന്റ് ജോബ് എങ്ങാനും കിട്ടുകയാണെങ്കിൽ ഒരു കൊല്ലം കൂടുതൽ സർവീസ് ചെയ്യാൻ കഴിയുമല്ലോ എന്ന  ദീർഗ്ഗവീക്ഷണം കൊണ്ട് സ്കൂൾ രജിസ്റ്ററിൽ എന്റെ ഒരു വയസ്സ് കുറച് എഴുതിയ കക്ഷി, പാസ്പോർട്ട്‌ എടുക്കുന്ന സമയം അതുകൊണ്ട് ഉണ്ടായ പൊല്ലാപ്പ് ചെറുതൊന്നും ആയിരുന്നില്ല,ഇസ്ലാം, മാപ്പിള, ഒബിസി,എന്നത് ഒഴിച്ചാൽ സ്കൂൾ സെർട്ഫിക്കറ്റിൽ ആകെ മൊത്തം തെറ്റായിരുന്നു. അതിന്റെ കാരണക്കാർ എന്റെ രക്ഷിതാക്കൾ കൂടെയായിരുന്നു.അന്നൊന്നും ഇന്നത്തെ അത്ര നിയമം സ്ട്രിക്റ്റും ആയിരുന്നില്ല എന്നതാണ് സത്യം, ആരും അറിഞ്ഞുകൊണ്ട് ചെയ്യില്ലല്ലോ, അവസാനം ഞാൻ സ്കൂളിൽ പോയിട്ടേ ഇല്ല എന്നരീതിയിൽ പാസ്പോർട്ട്‌ ഓഫീസിൽ ഫോം ഫിൽ ചെയ്തു കൊടുത്ആണ് പാസ്പോർട്ട്‌ പോലും എടുക്കേണ്ടിവന്നത്, സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. നമുക്ക് നേരെ ക്ലാസ്സ്‌ മുറിയിലേക്ക്  പോകാം..
 
നീളമുള്ള ക്ലാസ്സ്‌ റൂം ആയിരുന്നു ഞങ്ങളുടേത്.കറുത്ത കാവി കൊണ്ട് ഏതോ കാലം  മെഴുകിയ നിലത്തു അവിടെ വിടെ അല്പം കുഴികൾ ഉണ്ടായിരുന്നു, 
കൂടാതെ പാതി ചിതൽ അരിച്ച ജാലകം, കുറ്റിയോരം ഭാഗം രണ്ടിഞ്ചു ബ്രെഷ്കൊണ്ട് തലങ്ങും വിലങ്ങും അടിച്ച ഓയിൽ പെയിന്റിന്റെ ബാക്കിവന്ന ഇളംനീല കളർ പെയിന്റ് നൈസായി പൂശി മൊഞ്ചാക്കിയ കട്ടില ജാലകങ്ങൾ , അതിന്റെ ഉള്ളിലൂടെ ഞെരുക്കി അമർത്തി  അടിച്ചു കേറ്റിയ ജനൽ കമ്പികൾക്ക് ശ്വാസം മുട്ടും പോലെ തോന്നി, ഞങ്ങൾക്ക് മുൻപ് കഴിഞ്ഞു പോയ സീനിയർസ് ജനൽകമ്പികൾ പാതി വളച്ചു വെച്ച് ആശ കൊടുത്തത് കൊണ്ടുതന്നെ ഈ പ്രാവശ്യം ഞങ്ങളുടെ കൈകളാൽ സ്വാതന്ത്രം കിട്ടുമെന്നുള്ള മോഹമുണ്ടായിരിക്കാം ആ ജനൽ അഴികൾക്ക്, ക്ലാസ്സ്‌ മുറിയുടെ പിന്നാമ്പുറ കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു.. കമ്മ്യൂണിസ്റ് പച്ചയെയും ഉപ്പില ചെടികളെയും സാക്ഷിയാക്കി കീറി വലിച്ചെറിഞ്ഞ  നോട്ട്ബുക്കിന്റെ പുറംച്ചട്ടകളും വെള്ളപ്പേപ്പറുകളും ഫില്ലറില്ലാത്ത പേനകളും നിറഞ്ഞു നിൽക്കുമ്പോൾ പുളിയച്ച്ചാറിന്റേം ജോക്കർ മുട്ടായിന്റേം ജാമിന്റേം അച്ചാറിന്റേം ഒക്കെ കവറുകൾ കൊണ്ട് പിന്നാമ്പുറം ആകെ അലങ്കരിച്ചിരിക്കുന്നു...
ഞാൻ കൗതുകത്തോടെ അതൊക്കെ വീക്ഷിക്കുമ്പോൾ പണ്ട് കല്യാണരാമനിലെ ദിലീപിന്റെ കവിതയിൽ പറഞ്ഞപോലെ ''ഇളംകാറ്റിൽ തേങ്ങാ കുലകൾ'' ആടുമ്പോൾ ആ ഇളം കാറ്റിന്റെ കൂടെ പിന്നാമ്പുറത്തു നിന്ന് നുഴഞ്ഞു കയറിയ വെള്ളത്തിന്റെ ലഭ്യത കുറവ്മൂലം ചരൽ കല്ല് കൊണ്ട്നിറഞ്ഞ മൂത്രപുരയിലെ മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധം അതുവരെ കൊതിയൂറുന്ന മുട്ടായി കവറുകൾ കണ്ടപ്പോൾ ഉണ്ടായിരുന്ന ആ ഫ്ലോ അങ്ങ് ഇല്ലാതെയാക്കി കളഞ്ഞു.... 

ഇനി ചുമരിലക്ക് നോക്കിയാൽ വെട്ടി ഒട്ടിച്ച വർണ്ണക്കടലാസുകളെ പിന്നിലാക്കികൊണ്ട് ചുവന്ന മണ്ണിന്റെ ചളികൊണ്ട് വരച്ച വിവിധ തരം ഡിസൈനുകളാൽ ഉള്ള ചിത്ര പണികൾ കാണാം. റബർ ബോൾ ചളിയിൽ മുക്കി എറിഞ്ഞതായിരുന്നു അതിൽ മികച്ചത്. കട്ടക്ക് നിന്നുകൊണ്ട് പല നീളത്തിലും വലുപ്പത്തിലും ഉള്ള ഹവാക്കാർ ഹവായ് ചെരുപ്പിന്റെ ഫോട്ടോസ്റ്റാറ്റ് രണ്ടാം സ്ഥാനത്തും കൈപ്പതി ചിന്നങ്ങൾ അവിടിവിടായി മൂന്നാം സ്ഥാനത്തും നിലകൊണ്ടിരുന്നു.
ക്ലാസ്സിൽ മൂന്ന് ബെഞ്ചു ഒരു ഭാഗത്തും വേറെ മൂന്ന് ബെഞ്ചു മറുഭാഗത്തും,ആ രീതിയിലായിരുന്നു ബെഞ്ചും ഡെസ്കും ക്രമീകരിച്ചിരുന്നത്,  ആൺകുട്ടികളും പെൺകുട്ടികളും അടക്കം ഒരു ഇരുപതി അഞ്ചു മുപ്പതു കുട്ടികളെ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഓർമ്മ., ക്ലാസ്സ്‌ ടീച്ചർക്ക് എല്ലാരേം ഒരേപോലെ വാച്ച്ചെയ്യാനും പരിഗണിക്കാനും കഴിയും എന്നത് നല്ല കാര്യം തന്നെയായിരുന്നു.

ഒന്നിച്ചു ഒന്നാം ക്ലാസ്സിൽ മദ്രസ്സയിൽ പഠിക്കുന്ന അതേ കുട്ടികൾ ആയിരുന്നു അവിടേം ഉള്ളത്. സൊ.. പരസ്പരം കമ്പനി ആവാൻ വലിയ ടൈം ഒന്നും വേണ്ടി വന്നില്ല.പെൺകുട്ടികളും ഏറെക്കുറെ അങ്ങനെ തന്നെ ആണ്.. ചെക്യാട് മുതൽ, ഉമ്മത്തൂർ, താനക്കൊട്ടൂർ ഭാഗത്തു നിന്നൊക്കെയും അവിടെ പഠിക്കാൻ കുട്ടികൾ എത്തിയിരുന്നു, അതും കാൽ നടയായി എന്ന് പ്രത്യേകം ഓർമിക്കുക.

സാധാരണ 9 മണി ക്ക് മദ്രസ വിട്ടാൽ പിന്നെ വീട്ടിൽ വന്നു കളിക്കാലോ,ഉപ്പാപ്പന്റെ കൂടെ പറമ്പിൽ ഒറ്റക്ക് പൊക്കാൻ കഴിയാത്ത തേങ്ങയും പൃതിക്കമാവിന്റെ അണ്ടിയും അടക്കേം ഒക്കെ പെറുക്കാൻ കൂടാം,പഴുത്ത കശുമാങ്ങാ പിഴിഞ്ഞ് അല്പം കറയോടെ ആണെങ്കിലും മധുരമുള്ള നീര് കുടിക്കാം, അതിലുപരി പെറുക്കി കൂട്ടിയ കശുവണ്ടിയിൽ അല്പം ആരും കാണാതെ എടുത്ത്പോയി മുൻപിൽ ഉള്ള മലഞ്ചരക്ക് കടയിൽ വിറ്റ് തൊട്ടടുത്ത കടയിൽനിന്ന് മുട്ടായി വാങ്ങാം എന്നോക്കെ ചിന്തിച്ചു പ്ലാൻ ചെയ്ത് നടക്കുന്ന എന്നെ പിടിച്ചു സ്കൂളിൽ ചേർത്തത് എന്റെ സ്വപ്നങ്ങൾക്ക് ഓർക്കപ്പുറത് കിട്ടിയ അടിയായിപ്പോയി , 
അതിനു പുറമെ ഇടക്ക്ഉമ്മാനെ കാണാനും പൂതി ആയിപ്പോയി.. അല്ലങ്കിലും ഉമ്മാക്ക് ന്നോട് വല്യ ഇഷ്ടോന്നുല്ലാ ന്ന് തോന്നുന്ന്.ഉമ്മാക്ക് എന്നെ കാണായിട്ട് സങ്കടം ഒന്നൂല്ലേ ആവോ...  ഉണ്ടെങ്കിൽ എന്നെ ഇവിടെ കൊണ്ടാക്കുമോ..അതുംഎന്നെ പലതും പറഞ്ഞു പറ്റിച്ചു മുട്ടായിയൊക്കെ വാങ്ങിതന്നു പുതിയ കുപ്പായോം പാന്റും ഒക്കെ ഉടുപ്പിച്ചു കയ്യുംപിടിച്ചു കൂട്ടി കൊണ്ടുവന്നത് ഇങ്ങനെ ഒരു ട്രാപ്പിലേക്ക് ആയിരുന്നു എന്ന് ആരറിഞ്ഞു,. ചിന്തകൾ പലതും കടന്ന് പോയി, ഇടക്കിടക്ക് തറവാട്ടിൽ താമസിക്കാൻ വരുന്ന ഇക്കാക്കമാരോടൊത്തു "കുത്തറാളി" കെട്ടുന്ന സമയം ഓരെ നടുപുറത്തു എന്റെ പല്ലിന്റെ പാടുകൾ ഒന്നൊഴിയാതെ പതിയുമ്പോൾ ദേശ്യം കൊണ്ട് ഇഞ്ഞ അണ്ണാച്ചീന്റെടത് നിന്ന് തവിടു കൊടുത്ത് വാങ്ങിയതാ എന്ന് ഇടക്ക് പറയുന്നത് ശെരിക്കും എന്നെ ആസ്വസ്ഥനാക്കിയിരുന്നു,ഇനിയെങ്ങാനും അത് സത്യം തെന്നെയാവുമോ പടച്ചോനെ...  എന്റെ മനസ്സ് അറിയാതെ ഒന്ന് പതറി...  ഹേയ് അങ്ങനെ ഒന്നും ആവൂലയ്ക്കും, കണ്ടതിലൂടെ പായുന്ന കീരീനെ പിടിക്കാൻ വരുന്നതും റോഡിൽ കുഴി എടുക്കുന്നതും ആക്രി പീടിയേൽ പഴേ പാട്ടയും ബക്കറ്റും എടുക്കാൻ വരുന്നതുമായ അണ്ണാച്ചിന്റെ കൂടെ ഉള്ള കുട്ടികൾ എന്നെപോലെ  അല്ലാലോ..  മാത്രല്ല അവർ സംസാരിക്കുന്നത് തന്നെ വേറെ എന്തൊക്കെയോ ഭാഷ ആണ്, എനിക്കാണെങ്കിൽ അതൊന്നും അറിയുകേം ഇല്ല... ഞാൻ സ്വയം സമാദാനിച്ചു...

ഇനി എപ്പോളാ റബ്ബേ പോരേൽ എത്തുക... എന്ന് ഇടയ്ക്കിടെ ഓർത്തു വിഷമിച്ചു ഇരിക്കുകയായിരുന്നു ഞാൻ അടക്കം അവിടെ ഉള്ള ഓരോരുത്തരും. ചിലർ എൻക് ന്റെ ഉമ്മാനെ കാണണോ എന്ന് പറഞ്ഞു രണ്ടു കൈകളും ചുരുട്ടി കണ്ണിലിട്ട് വലത്തോട്ടും ഇടത്തോട്ടും തിരിച്ചു കാറി കരയുന്നു , ഹോ എന്തോരൊച്ചയാ ഈ പിണുക്കുങ്ങൾക്ക്...ഞാൻ രണ്ടു ചെവിയും പൊത്തി ഇരുന്നുപോയി.. എല്ലാരും ഉമ്മനെയാ വിളിക്കുന്നെ.. ആർക്കും ഉപ്പാനെ വേണ്ടേ ആവോ... ഞാൻ ഒരു നിമിഷം എന്റെ ഉപ്പനേം ഓർത്തു പോയി...പാവം ഉപ്പ എന്റെ ഈ അവസ്ഥ അറിഞ്ഞാൽ ഉപ്പാക്ക് എന്തായാലും സങ്കടാവും,  മറ്റുചിലർ വാവിട്ട് കരയുന്നവരെ നോക്കി കണ്ണിൽ വെള്ളം നിറച്ചു ചുണ്ടുകൾ വിതുമ്പി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു, ചിലർക്കാകട്ടെ താഴെ ഭൂമി മേലെ ആകാശം എന്ന മട്ട്, എല്ലാം ക്യാഹൈ...

 വെള്ള കുപ്പായോം പച്ച പാന്റും ആയിരുന്നു യൂണിഫോം...  തല നിറയെ വെളിച്ചെണ്ണ തേച് കുളിച് ഒരുങ്ങി മുടിയൊക്കെ പറ്റിച്ചു മുൻപോട്ട് വാർന്ന് പുട്ടി ഇട്ടപോലെ ഇരു കവിളിലും പൌഡർ ഒക്കെ ഇട്ടു മുക്കാ മുറിയൻ പാന്റൊക്കെ ഉടുത്തു പൊടിമോനെ പോലെ മൊഞ്ജനായി ഇരിക്കുകയായിരുന്നു ഞാൻ.  ബാക്കിയുള്ള മൊഞ്ചന്മാർ ന്റെ അടുത്തും മൊഞ്ചത്തികളൊക്കെ ഓപ്പോസിറ് സൈഡ് ഉം ഇരിക്കുന്നു. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുന്നു. അങ്ങനെ ആയിരുന്നു അന്നത്തെ ക്ലാസ്സ്‌ റൂം സെറ്റ് ചെയ്തത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ... 

ഞങ്ങൾ മാന്യന്മാർ എല്ലാം ഒന്നിച്ചായിരുന്നു ഇരുന്നുന്നത്, അല്ലങ്കിലും ഞാൻ എവിടെ പഠിച്ചപ്പോളും എനിക്ക് കിട്ടിയത് മുഴുവൻ ഇങ്ങനെ തന്നെ ആയിരുന്നു, പേരെടുത്തു പറയാൻ വയ്യ, അവരിൽ ചിലരൊക്കെ ഇന്ന് നല്ല പൊസിഷനിൽ നിൽക്കുന്നവരാണ്..  ബെല്ലടിച്ചു കുറെ നേരായിട്ടും ടീച്ചർമാർ ഒന്നും ക്ലാസ്സിലേക്ക് വരുന്നത് കണ്ടില്ല ... രണ്ടുമാസത്തെ വിശേഷങ്ങൾ ഓരോന്നായി സ്റ്റാഫ്‌ റൂമിൽ നിന്ന് പങ്കുവെക്കുന്നുണ്ടാവാം അന്ന് ഇന്നത്തെ പോലെ വാട്സ്ആപ്പ് ഫേസ്ബുക് ഒന്നും ഇല്ലാലോ..  ഞങ്ങളും ഓരോന്ന് പറഞ്ഞു അങ്ങനെ ഇരിക്കുമ്പോ  ഞങ്ങളുടെ കൂട്ടത്തിലെ ഒന്നാം ക്ലാസ്സിലെ ആണെങ്കിലും വല്യ കോഴി തമ്പുരാൻ (ഇന്ന് അവനൊക്കെ ഏതു നിലയിൽ എത്തിയോ ആവോ) ഒരു ഐഡിയ മുമ്പോട്ട് വെച്ച്, എന്താന്ന് വെച്ചാൽ ഓരോരുത്തരുടെയും മുൻപിൽ മുഖത്തോട് മുഖം ആയി ഇരിക്കുന്ന പെൺകുട്ടിയാണ് ഓരോരുത്തരുടെയും പെണ്ണുങ്ങൾ(മെൻ വിൽ ബി മെൻ)അല്ലങ്കിലും ഒന്നാം ക്ലാസ്സിൽ ഉള്ള കുട്ടികൾ ഒക്കെ അന്ന് അങ്ങനെ ഒക്കെ പറയാൻ മാത്രം ഉള്ള വിവരം ഉണ്ടോ എന്നല്ലേ നിങ്ങളും ഇപ്പൊ ചിന്തിക്കുന്നത്.. ഹ്മ്മ്..അന്ന് ഇന്നത്തെ പോലെ അല്ല അപ്പുറത്തും ഇപ്പുറത്തും ഒക്കെ ഉള്ള വീട്ടിലെ കുട്ടികൾ ഒഴിവ് സമയത്ത് ഇന്നത്തെ പോലെ യൂട്യൂബ് കണ്ടോ ഗെയിം കളിച്ചോ ഇരിക്കുന്നതിനു പകരം ചോറും കൂട്ടാനും കളിക്കലായിരുന്നു പതിവ്, അതിൽ ഒരെ വയസ്സിലുള്ള ഭർത്താവും ഭാര്യേം തന്നെക്കാൾ മൂത്തതോ ആയ മക്കളും ഒക്കെ ഉണ്ടാവാറുള്ളത് പതിവായിരുന്നു,  മാത്രമല്ല കച്ചവടവും അടുക്കള പണിയെയും ഒക്കെ നന്നായി അറിയാമായിരുന്നു ....സ്വന്തമായി പലചരക്കു കടയും ഇറച്ചി കടയും എന്തിനേറെ കളിവണ്ടി വരെ ഉള്ള മുതലാളി ആയിരുന്നു ഞാനും...  അത് വിശദമായി തന്നെ വിവരിക്കാനുണ്ട്, ഇനിയൊരിക്കൽ ആവട്ടെ... 

പറഞ്ഞു വന്നത്.. മ്മ് മ്.. കാ ട്ടു കോഴികൾ.. എല്ലാവരും ഓരോരുത്തരുടെ മുൻപിലും ഉള്ള കുട്ടികളെ നോക്കാൻ തുടങ്ങി,എല്ലാരും സെറ്റ്, എല്ലാരുമല്ല ഞങ്ങളുടെ ബെഞ്ചു മാത്രമാണ് ട്ടോ ബാക്കി എല്ലാം വെറും പാവം ശിശുക്കൾ.. ഇതൊന്നും അറിയുന്നേ ഉണ്ടായിരുന്നില്ല... ഞാൻ നോക്കുമ്പോ എനിക്ക് കിട്ടിയ പെണ്ണിനെ എനിക്ക് ഇഷ്ടായിക്കില്ലായ്നും.. അയ്യേ...നേരത്തെ മൂക്കിന്ന് ഒലിപ്പിച്ചു കരഞ്ഞതിൽ ചീവീടിന്റെ ഒച്ചയുള്ള ഒരുത്തി..  ഞാൻ ഞെട്ടിപ്പോയി..   അല്ല എന്റെ സങ്കല്പത്തിലെ കുട്ടി ഇങ്ങനെ അല്ല, ഓൾക്ഈലും മൊഞ്ചു വേണം, ഓൾ മൂക്കിന്ന് ഒലിപ്പിച്ചു കരയുന്ന ഓളൊന്നും ആവാൻ പാടില്ല..  എൻക് സങ്കടായി.. ഇഷ്ടമില്ലാത്ത ആളെ എങ്ങനെ പെണ്ണുങ്ങളാക്കും, ഇതിപ്പോ എങ്ങനെ മുൻപോട്ട് പോകും എന്ന് അറിയാതെ ഞാൻ കുഴങ്ങി. ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നീട് ഒരു അവസരം കിട്ടീല്ലെങ്കിലോ എന്ന് എന്റെ മനസ്സിനെ വേട്ടയാടി, അവസാനം രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു, ഏയ് ഇത് ശെരിയാവില്ല, എൻക് മാണ്ട ഓളെ.., ഞാനില്ല ഈ കളിക്ക് ഒറ്റ വാശി ഇറക്കി നോക്കി, ഒരിറ്റും അയഞ്ഞു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. കെട്ടീല്ലെങ്കിലും സാരല്ല ഓള ഞാൻ കേട്ടൂല, അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു,
എല്ലാരും കെട്ടുമ്പോൾ ഒരാൾ മാത്രം ബാക്കിയാവുന്നത് എന്റെ കോഴിചങ്കുകൾക്ക് സഹിച്ചില്ല.

ഒടുവിൽ മധ്യസ്‌ത ചർച്ചകൾ ആരംഭിച്ചു, ഒരുപാട് അഭിപ്രായങ്ങൾ വന്നു, ഒടുവിൽ എന്റെ കട്ട സുഹൃത് തന്നെ  മധ്യസ്ഥൻ ആയിരുന്നത് കൊണ്ട് എനിക്ക് ഇഷ്ടം ഉള്ള ആളുടെ നേരെ മാറി ഇരിക്കാം എന്ന ഓഫർ തന്നു.. ആഹാ അത് കൊള്ളാം എന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടി, ബാക്കിയുള്ള എല്ലാർക്കും അത് സമ്മദം ആയി... ഞാൻ ഓരോരുത്തരെ ആയി നോക്കി... അവസാനം മധ്യസ്ഥനായ അവന്റെ മുൻപിൽ ഇരുന്ന നീല കണ്ണുള്ള രണ്ടു സൈഡിലേക്കും മുടി മടഞ്ഞിട്ട് പച്ച റിബൺ കെട്ടിയ കണ്മഷി ഒക്കെ എഴുതിയ മൊഞ്ചത്തിയുടെ നേരെയാണ് എന്റെ കണ്ണുകൾ ഉടക്കിയത്, അവൻ ദയനീയമായി ഒന്ന് എന്നെ നോക്കി കണ്ണ് മിഴിച്ചെങ്കിലും  മൊഞ്ചിന്റെ കാര്യത്തിൽ വല്യ അന്തം ഒന്നും ഇല്ലാത്ത ഓൻ എനിക്ക് വേണ്ടി മാറി ഇരുന്നു തന്നു...  ഓന്റെ ആ ത്യാഗമുഹൂർത്തത്തെ ആ വലിയ മനസ്സിനെ ഞാൻ ഇന്നു നിങ്ങളുടെ മുൻപാകെ സ്മരിക്കുന്നു.. സിനിമേൽ മാത്രല്ല ജീവിതത്തിലും ഇങ്ങനെത്തെ കട്ട കമ്പനിക്കാർ ഉണ്ടാവുന്നവരാണ് ഭാഗ്യം ചെയ്തവർ ല്ലേ.. പകരം ഞാൻ എന്റെ കയ്യിൽ ഉമ്മ വാങ്ങിത്തന്ന മുട്ടായി യിൽ ഒന്ന് അവന്ന് സമ്മാനിച്ചു, എല്ലാരും ഹാപ്പി.. മുട്ടായി കിട്ടിയപ്പോൾ അവനും ഹാപ്പി..  ഞാനാകട്ടെ നീലക്കണ്ണുള്ള മൊഞ്ചത്തിനെ കിട്ടിയ സന്തോഷത്തിൽ ഓളേം നോക്കി ഇരുന്നു... 

ഇച്ചിരി നേരം അങ്ങനെ ഇരിക്കുമ്പോളേക്ക് ടീച്ചർ വന്നു,ചുവന്ന സാരി ഉടുത്ത പൊട്ടു തൊട്ട നല്ല സ്വഭാവം ഉള്ള ടീച്ചർ ആയിരുന്നു ഞങ്ങളുടേത്. അവർ ഹാജർ പട്ടിക തുറന്നു അറ്റെൻഡൻസ് വിളിച്ചു, പിന്നെ കവറിൽ കൊണ്ടുവന്ന ഉള്ള് കാണുന്ന വെള്ള  പ്ലാസ്റ്റിക് പൊതിയിൽ പൊതിഞ്ഞ ഉരുണ്ട ചെറിയ നാരങ്ങ മുട്ടായി രണ്ടെണ്ണം വെച്ച് എല്ലാർക്കും തന്നു.., ആദ്യത്തെ ദിവസം ആയത് കൊണ്ട് കുറച്ചു പാട്ടൊക്കെ പാടി തന്നു ഞങ്ങളും അറിയുമ്പോലെ ഏറ്റു പാടി, കഥ പറഞ്ഞു തന്നു.. കുറച്ചു കഴിഞ്ഞപ്പോൾ കൂടെ ഇരുന്ന ഒരു പൈസക്കാരന്റെ ബാഗിലെ നീണ്ടകുപ്പീലെ മഞ്ഞ കളറുള്ള കലക്കിയ ടാങ്കിന്റെ വെള്ളം ഇടക്കിടക്ക് അവനെ സോപ്പിട്ടു അടിച്ചുമാറ്റി കുടിച്ചു പള്ള നിറച്ചു. അന്ന് ടാങ്കിന്റെ വെള്ളം കലക്കി കൊണ്ട് വരുന്നോർക്കൊക്കെ ക്ലാസ്സിൽ വല്യ സ്വീകാര്യത ആയിരുന്നു. ഞങ്ങളുടെ വീട്ടിൽ ഒക്കെ വിരുന്നുകാർ വരുമ്പോൾ മാത്രമേ ഉമ്മ ടാങ്ക് കലക്കാറുള്ളൂ... 

 അങ്ങനെ ആ ദിവസം സന്തോഷത്തോടെ വീട്ടിൽ പോയി പുതിയ പെണ്ണുങ്ങളെ കിട്ടിയ കാര്യം മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ ഏഴിൽ പഠിക്കുന്ന ഇത്താത്താനെ അറീച്ചു...., ഒന്നാമത്തെ ദിവസം തന്നെ പെണ്ണും കെട്ടി വന്ന എന്നെ അവൾ യാതൊരു ദയയും ഇല്ലാതെ ഉമ്മാക്ക് ഒറ്റി കൊടുത്തു... ഓളെ മാപ്ല അങ്ങട്ടേലെ വയസ്സൻ ഹാജിന്റെ കാര്യം നാളെ ഓളെ ഉമ്മാനോട് ഞാനും പറഞ്ഞു കൊടുക്കും എന്ന് മനസ്സിൽ ശപതം ചെയ്തു.. 
" പുതിയാപ്ല പോയി കുപ്പായോം പേന്റും എല്ലാം കയ്ച്ചിട്ട് വാ കുളിപ്പിച്ച് തരാ.. നാറീട്ട് വയ്യാ "ആകെ മാനം പോയി നിൽക്കുന്ന എന്നെ നോക്കി ഉമ്മ പറഞ്ഞു .. 

പൂപ്പൽ പിടിച്ച ആൾമറയുള്ള കിണറ്റിൻ കരയിൽ അടുത്ത ആഴ്ച  മടയാൻ വേണ്ടി പൊതിർത്താൻ ഇട്ട ഓല ചീന്തുകൾക്ക് മേലെ കയറ്റി നിർത്തി മെലൂട്ടെ വെള്ളം ഒഴിക്കുന്ന ഉമ്മാന്റെ അർത്ഥം വെച്ചുള്ള ചിരിയിൽ
ഞാനങ്ങു ഇല്ലാണ്ടായി പോയപോലെ...

Friday, August 29, 2025

നബിദിനം

വല്യ പെരുന്നാളും ചെറിയ പെരുന്നാളും കഴിഞ്ഞാൽ പിന്നെ ഏറ്റവും വല്യ ആഘോഷം നബിദിനം ആയിരുന്നു അന്ന് . അതിനു ഒരുപാട് കാരണങ്ങളും ഉണ്ടായിരുന്നു .നബിദിനം അടുത്താൽ ഇടക്കിടക്ക് ഉള്ള സാഹിത്യ സമാജങ്ങളും പാട്ടും പ്രസംഗങ്ങളും കിസ് മത്സരവും മറ്റു വെറൈറ്റി ഐറ്റംസുകൾ കൊണ്ട് നിറഞ്ഞ ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ പ്രകടിപ്പിക്കാനും പുഷ്ടിപ്പെടുത്താനും ഉള്ള ഏറ്റവും നല്ല അവസരമായിരുന്ന് റബീഉൽ അവ്വൽ മാസം ,മാത്രമല്ല ഇന്നത്തെ പോലെ ടെക്നലോജിയ അന്ന് വലിയ പുരോഗതി ഒന്നും ഇല്ലാത്ത കാലമായത് കൊണ്ട് തന്നെ നമ്മുടെ കലാപരമായ കഴിവുകൾ സ്റ്റേജിൽ കയറി അവതരിപ്പിക്കാൻ ഇടക്ക് മാത്രം കിട്ടുന്ന അപൂർവ്വം അവസരങ്ങളെ അന്ന് ഉണ്ടായിരുന്നുള്ളൂ.., കൊല്ലത്തിൽ ഇടക്ക് മാത്രം കയ്യിൽ മൈക് കിട്ടുമ്പോൾ ഉള്ള സന്തോഷവും സ്റ്റേജിൽ കയറുമ്പോൾ ഉള്ള ആ പേടിയോടുകൂടെ ഉള്ള ആ ആവേശവും ഒക്കെ ഇന്ന് ഓർക്കുമ്പോൾ കുളിര് തോനുന്നു . എനിക്ക് അന്നും ഇന്നും സ്റ്റേജിൽ കയറിയാൽ ഉള്ളം കൈ വിയർക്കും.. പോത്തു പോലെ വളർന്നിട്ടും ഇന്നും പേടിത്തൂറി ആണല്ലോടാ നീ എന്ന് ഇടയ്ക്കിടെ ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്താറുണ്ട് ,


ആദ്യമൊക്കെ സ്റ്റേജിൽ കയറി മൈക്ക് കയ്യിൽ കിട്ടിയാൽ പിന്നെ ഒരു കോൺഫിഡൻസു എവിടെനിന്നോ വരുമായിരുന്നു , പക്ഷേ ടീൻ ഏജ് പ്രായം പാട്ട്പാടുന്ന ആൺകുട്ടികൾക്ക് ഒരു വില്ലനായിരുന്നു , അഥവാ ആ സമയം നമ്മുടെ സൗണ്ട് മെല്ലെ മെല്ലെ മാറി തുടങ്ങും.., നമ്മൾ വിചാരിക്കുന്നിടത് പിടിച്ചാൽ കിട്ടില്ല , അത് ശെരിക്കും നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് ചെറുതൊന്നും അല്ല ,പെൺകുട്ടികൾക്കും അങ്ങനെ ഒക്കെ ഉണ്ടോ ആവൊ , ഒരു പത്തിരുപത് കിലോ ഇരട്ടിമധുരം ഒറ്റയിരിപ്പിനു തിന്നിട്ടും നോ രക്ഷ , അല്ലെങ്കിലേ എനിക്ക് എന്റെ ശബ്ദം അത്ര ഇഷ്ടമല്ലായിരുന്നു , അല്പം ഗാംഭീര്യം ഉള്ള ശബ്ദം കിട്ടിയിരുന്നെങ്കിൽ എന്ത് രസായ്‌നും എന്ന എപ്പോളും വിചാരിക്കും ., വാട്സപ്പിൽ അയച്ച വോയിസ് സ്വയം കേട്ടുനോക്കുമ്പോൾ അറിയാം എന്ത് ബോറാ എന്ന് , ഞാൻ വിചാരിച്ചത് എനിക്ക് മാത്രാ ഇങ്ങനെ എന്നായിരുന്നു പക്ഷെ  ഇതേ പറ്റി ഞാൻ സംസാരിച്ച ഒട്ടുമിക്ക ആൾക്കാരും സ്വന്തം ശബ്ദത്തിന്റെ കാര്യത്തിൽ എന്റെ അതേ അഭിപ്രായക്കാരായിരുന്നു എന്നതാണ് വേറെ ഒരു രസം..,

എല്ലാ പരിപാടിക്കും ചാടിക്കേറി നിൽക്കുന്നത് അന്ന് ഒരു ആദത് ആയിരുന്നു , എല്ലാം കൂടെ പഠിക്കാൻ പറ്റുമോ ഇല്ലയോ എന്നൊന്നും നോക്കൂല പേര് കൊടുത്തിടും , അവസാനം എല്ലാം കൂടെ കൊളാവുമൊന്ന് പേടിച്ചു ഊണും ഉറക്കവും ഇല്ലാതെ തിരിഞ്ഞു കളിക്കും , എന്നാലും സമ്മാനങ്ങൾ കൂമ്പാരമാകുന്നത് ഓർക്കുമ്പോൾ ആവേശം കൂടും . 

അറബി ഗാനങ്ങൾ കൂടുതലും സ്കൂളിൽ വെച് കായക്കൊടിഹനീഫ് മാഷ് പഠിപ്പിച്ചതായിരുന്നു നബിദിനത്തിനും പാടുന്നത് , അതിലെ ഏകദേശ ഗാനങ്ങളും പൂർണ്ണമായി അറിയില്ലെങ്കിലും കുറെ ഒക്കെ മനസ്സിൽ കിടപ്പുണ്ട് ,

Thursday, August 28, 2025

ജൂത്തവാല

ജൂത്താ വാല 
തിരക്കേറിയ നഗരത്തിന്റെ റോഡിൻറെ ഇരുവശങ്ങളിലുമായി ഇന്റർ ലോക്ക് വിരിച്ച നടപ്പാതകൾ മുംബൈ നഗരത്തിന്റെ മനോഹരമായ ക്കാഴ്ചകളിൽ ഒന്നാണ് . ഓരോ നടപ്പാതളുടെ രണ്ടു ഭാഗത്തുമായി കച്ചവടക്കാർ കയ്യടക്കിയിരിക്കുന്നതും കാണാം . വലിയ വിലക്ക് ഷോപ്പിൽ വിൽക്കുന്ന അതെ ഗുണമേന്മയുള്ള സാധനങ്ങൾ നിസ്സാര വിലക്ക് ഫൂട്പാത്തിൽ കിട്ടും എന്നത് അവിടെ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസം തന്നെയായിരുന്നു . കാര്യമായി വാങ്ങിക്കാൻ ഒന്നും ഇല്ലങ്കിലും വെറുതെ അതൊക്കെ കണ്ടും മിണ്ടിയും നടക്കുക ഒരു ശീലമായിരുന്നു .കച്ചവടം ചെയ്യാൻ ഗവണ്മെന്റ് ലൈസൻസ് ഉള്ളവരും ഇല്ലാത്തവരും അവർക്കിടയിൽ ഉണ്ടാവും . മുനിസിപ്പാലിറ്റി വണ്ടി ലൈസൻസ് ഇല്ലാത്തവരെ പൊക്കാൻ വരുമ്പോൾ സാധനങ്ങൾ എല്ലാം വാരിക്കെട്ടി തുണിയിൽ പൊതിഞ്ഞു തലയിലാക്കി ഗെല്ലികളിലേക്കും ബിൽടിങ്ങിന്റെ അകത്തേക്കും ഓടുന്നവർ ലൈസൻസ് ഇല്ലാത്തവരും ഇതൊന്നും കണ്ടാൽ ഓടാതെ ഇതൊക്കെ എന്ത് എന്നമട്ടിൽ നിൽക്കുന്നവർ ലൈസൻസ് ഉള്ളവരും ആയിരുന്നു എന്ന്അ പതിയെ മനസ്സിലായി, അവർക്ക് പ്രത്യേകം നമ്പറും ചെറിയ കൗണ്ടറും ഉണ്ടായിരുന്നു . 

അങ്ങനെ അതൊക്കെ കണ്ട് വീട്ടിലേക്ക് ടാക്സി വെയിറ്റ് ചെയ്യുമ്പോളാണ്   അതുപോലെ ഒരു ഷോപ്പിലേക്ക് എന്റെ കണ്ണുകൾ പോയത് . രണ്ടു മീറ്റർ മാത്രം നീളവും വീതിയും തോന്നിക്കുന്ന ഒരു കുഞ്ഞു കൌണ്ടർ . രണ്ടുപേരായിരുന്നു അവിടെ ജോലിക്ക് ഉണ്ടായിരുന്നത് .
കാഴ്ചയിൽ അറുപത്തി അഞ്ചു എഴുപത് വരെ പ്രായം തോന്നിക്കുന്ന രണ്ടു ജൂത്തവാല (ഷൂ കച്ചവടക്കാരൻ)ചാച്ച മാർ . അതിൽ ഒരാൾ എപ്പോഴും ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ചു ഉണ്ടാക്കി കൊടുക്കുക എന്ന ജോലിയായിരുന്നു , മറ്റേ ആൾ നടത്തിപ്പുകാരനും സെയിൽസ് ഒക്കെ ചെയ്യുന്ന ആളും ആണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം . എന്ത് മനോഹരമായിട്ടദ്ദേഹം ഓരോ നിറത്തിലും വലുപ്പത്തിലും വ്യത്യസ്ത ഡിസൈനിലും ഉള്ള ഷൂകൾ ഉണ്ടാക്കികൊണ്ടിരിക്കുന്നത് ,അദ്ദേഹത്തിന്റെ കൈമിടുക്കും ജോലിയിലുള്ള കൃത്യമായും ചിട്ടയോടും കൂടെയുള്ള ആ നിർമ്മാണം കാണുമ്പോൾ തന്നെ ഈ മേഖലയിൽ ഉള്ള അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് മനസ്സിലാക്കാവുന്നതേ ഉള്ളു,

 കാഴ്ചയിൽ ചെറുതെങ്കിലും ഓരോ വാതിലും ഓപ്പണാക്കിയാൽ ഓരോ ചുവരു പോലെ തോന്നിക്കുന്ന  വരിവരിയായി നീളത്തിലും വീതിയിലും കറുത്ത സ്ക്രൂകളാൽ അലങ്കരിച്ച മനോഹരമായതും പരമ്പരാഗതവുമായ രീതിയിൽ പണികഴിപ്പിച്ച ആ കൗണ്ടറിൽ എന്നത്തേയും പോലെ അദ്ദേഹം സാധനങ്ങൾ അടുക്കിവെക്കുകയായിരുന്നു . "ജൂത്താ ചാഹിയെ ക്യാ ബാബു ( ഷൂ വേണോ മോനെ )" ടാക്സിക്ക് വെയിറ്റ് ചെയ്യുന്നതിനിടെ ചുമ്മാ അങ്ങോട്ട് നോക്കി നിന്ന എന്നോടായി ആ ചാച്ച(അങ്കിൾ) ചോദിച്ചു . "അഭി നഹി ചാച്ചാ , ബാദ്‌മേ ലേഖാ "(ഇപ്പൊ വേണ്ട അങ്കിൾ പിന്നീട് വാങ്ങാം) " ഞാൻ നൈസ് ആയി ഒഴിഞ്ഞു മാറി . നിന്റെ കാലിനു പറ്റിയ ഒരു മോഡൽ ഞാൻ കാണിച്ചു തന്നോട്ടെ വെറുതെ നോക്കിക്കോളൂ , എപ്പോഴെങ്കിലും വേണം എന്ന് തോന്നിയാൽ എന്നെ സമീപിക്കുമല്ലോ " അയാൾക് എന്നെ വിടാൻ ഉദ്ദേശമില്ലന്ന് തോനുന്നു . ആവശ്യം ഒന്നും ഇല്ലങ്കിലും ടാക്സി  വരുന്നത് വരെ അവരോട് വെറുതെ സംസാരിച്ചിരിക്കാം എന്ന് കരുതി ഞാനും അടുത്ത് ചെന്ന് ചെന്നു .

ഈ പ്രായത്തിലും ജോലിചയ്യാനുള്ള ഇവരുടെ ആ മനസ്സും താല്പര്യവും നമ്മെ ഒന്ന് ചിന്തിപ്പിക്കാം , നമ്മുടെ നാട്ടിലൊക്കെ ഈ പ്രായത്തിൽ ജോലി ചെയ്യുന്ന ആളുകളെ അപൂർവ്വമായേ കാണാറുള്ളൂ എങ്കിലും ഇവിടെ ഇത് സാധാരണം ആണ് ,
ഈ മേഖലയിൽ മാത്രമല്ല ട്ടോ , സകല ജോലികളിലും .ഇതിനിടയിൽ ഒരു കാര്യം കൂടെ പറയാം...,
 ഒരു എൺപത് വയസ്സിനു മുകളിലുള്ള ഒരു ടാക്സി ഡ്രൈവറുടെ കൂടെ ഞാൻ യാത്ര ചെയ്തത് ഓർമ്മ വരുന്നു ,വെള്ള പാന്റും വെള്ള ഷർട്ടും ഇട്ട ഒരു മെലിഞ്ഞു വെളുത്ത മനുഷ്യൻ . വെളുത്ത മുടിയും നരച്ച താടിയും ചുളിഞ്ഞ സ്കിന്നും ഉള്ളിലോട്ട് കുഴിഞ്ഞതാണെങ്കിലും നീല കളർ ഉള്ള കണ്ണുകളോട് കൂടിയ അദ്ദേഹത്തിന് പ്രായം കൂടുതൽ ഉള്ളത് കൊണ്ടാവാം കൈകൾ ഒക്കെ ശെരിക്കും വിറച്ചു വിറച്ചു സൂക്ഷിച്ചായിരുന്നു അദ്ദേഹം കാർ ഓടിക്കുന്നത് .
നമ്മുടെ നാട്ടിൽ ഈ പ്രായത്തിലുള്ള ആളുകൾ ഇത്ര ആരോഗ്യത്തോടെ ജോലിചെയ്യുന്നത് പോയിട്ട് നേരെ നടക്കാൻ കൂടെ പ്രയാസപ്പെടുന്നത് കാണാം , അല്ലങ്കിലും പാവം അവർ റസ്റ്റ് എടുക്കേണ്ട സമയം കൂടെ അല്ലെ അവരുടെ വാർദ്ധക്യം .,

പത്തെഴുപത് വർഷം കുടുംബത്തിന് വേണ്ടി നഷ്ടപ്പെട്ട ഒരു മനുഷ്യന് ജീവിതത്തിന്റെ അവസാന കാലം അസുഖങ്ങൾ കൊണ്ടും ബലക്ഷയം മറ്റു പരിമിതികൾ കൊണ്ടും പ്രയാസപ്പെടുന്ന സമയത്ത് പോലും റസ്റ്റ്‌ കിട്ടിയില്ല എങ്കിൽ ഏത് അവസ്ഥയിൽ കൂടെ ആയിരിക്കും അദ്ദേഹത്തിന്റെ ജീവിതവും മനസ്സും കടന്ന് പോകുന്നുണ്ടാവുക അല്ലെ....

പറഞ്ഞു വന്നത് നമ്മുടെ ജൂത്താ വാലയും ഇതേപോലെയാണെന്ന് തോനുന്നു .രണ്ടിൽ ഒരാൾക്ക് തീരെ വയ്യാതാവുന്ന പോലെ ഉണ്ട് , എങ്കിലും എന്ത്കൊണ്ടോ അവർ ഒരു മടിയും കാണിക്കാതെ പ്രായത്തെ തോൽപ്പിച്ച വേകതയിൽ ജോലിയിൽ മുഴുകി കൊണ്ടിരിക്കുന്നു .

ആപ്കേലിയെ മേ ഏക് സ്‌പെഷ്യൽ ഡിസൈൻ ദിഖാദൂൻ ക്യാ ? എന്നെ വിടുന്ന മട്ട് ഇല്ലന്ന് തോന്നുന്ന് , വല്യ താല്പര്യം ഒന്നും ഇല്ലങ്കിലും ഞാനും ഒന്ന് മൂളി , "ഹാൻ ജി " . അയാൾ രണ്ടു മൂന്നു ഷീറ്റ് ലെതർ എന്നെ കാണിച്ചു . ഒരു ഡാർക്ക് ബ്ലൂ ടൈപ്പ് ,ഒരു ബ്ലാക്ക് ടൈപ്പ് ,ഒരു ബ്രൗൺ ടൈപ്പ് . അതിൽ ഒന്ന് പ്ലൈനാണെങ്കിലും നല്ല ക്വാളിറ്റി ഉള്ളത് പോലെ ഫീൽ ആയി , പക്ഷെ കളർ ബ്ലൂ ആയത് കൊണ്ട് എനിക്കും ഇഷ്ടം ആയില്ല , എല്ലാ പാന്റിന്റെ കൂടെയും മാച്ച് ആയില്ലങ്കിലോ ? കറുപ്പ് വല്യ കുഴപ്പമില്ല എന്ന് തോന്നി എന്നാലും ബ്രൗൺ കണ്ടപ്പോൾ ചെറിയ ഒരു ആകർഷണം എനിക്കും ഫീലായി എങ്കിലും ഞാൻ പുറത്തു കാണിച്ചില്ല.. 

എനിക്ക് താല്പര്യം ഇല്ലാത്ത പോലെ തോന്നിയത്കൊണ്ടാവാം അയാൾ വേറെയും മോഡൽ എടുക്കാൻ ഒരുങ്ങി . ഞാൻ അതും ചുമ്മാ ഓരോന്നോരോന്നായി നോക്കി , എന്നാലും ആദ്യം കണ്ട ബ്രൗൺ തന്നെ ആയിരുന്നു എന്റെ മനസ്സിൽ ഉള്ളത് .പൊതുവെ ഷൂ, വാച്ച്, മോതിരം ഒക്കെ എന്റെ വീക്നെസ് ആയിരുന്നു..  ഞാൻ ഓരോന്നിന്റെയും വിലകൾ ചോദിച്ചു മനസ്സിലാക്കി . അയാളുടെ കുശലാന്വേഷണവും നാട്ടുകാര്യങ്ങളും ഒക്കെ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടായിരുന്നു ട്ടോ 

അങ്ങനെ അരമണിക്കൂർ നേരത്തെ സംസാരത്തിനോടുവിൽ അയാൾ എന്നെ വീഴ്ത്തി എന്ന് പറയാം...  ശെരിക്കും അദ്ദേഹത്തിന്റെ സംസാരവും   അതിന്റെ ക്വാളിറ്റിയും ഡിസൈനും ഒക്കെ ഇഷ്ടപ്പെട്ടത് കൊണ്ടും കൂടെ ഞാൻ  ഓർഡർ കൊടുത്തു . രാവിലെ തന്നെ ഒരു കസ്റ്റമേറെ കിട്ടിയ സന്തോഷത്തിൽ അദ്ദേഹവും ഹാപ്പി ആയി,അന്നത്തെ ബോണിയും ഞാൻ ആയിരുന്നു. ആജ് ആപ്കാ ബോണിയെ എന്ന് ആയാൾ പറഞ്ഞത് ഓർക്കുന്നു. 

 എന്റെ കാലിന്റെ അളവെടുത്തു മോഡൽ കാണിച്ചു കൊടുത്തു , ലതർ ഷീറ്റ് സെലക്ട് ചെയ്തു ,സോൾ സെലക്ട് ചെയ്തു ,ഓരോന്നും നമുക്ക് ഇഷ്ടം ഉള്ളത് സെലെക്ട് ചെയ്തു കൊടുക്കാനുള്ള ഓപ്ഷൻ ഉള്ളത് കൊണ്ട് തന്നെ നമ്മൾ മനസ്സിൽ വിചാരിക്കുന്ന മോഡൽ തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാൻ കഴിയും.. 

പുറത്തു മാർക്കറ്റിൽ പത്തും പതിനയ്യായിരവും കൊടുക്കേണ്ടിവരുന്ന ഷൂ മാന്യമായ റേറ്റിൽ നമ്മൾ പറയുന്ന ഡിസൈനിൽ മുൻപിൽവെച്ചു തന്നെ ഉണ്ടാക്കിത്തരുന്ന ഇത്തരം അനേകം ജൂത്താവാലമാർ മുംബൈയിൽ ഉടനീളം കാണാൻ സാധിക്കും.. 

നമ്മളെ അപേക്ഷിച്ചു അവർ ഈ ചെറിയ പൈസക്ക് ജോലിചെയ്താലും ഹാപ്പിയായി ജീവിക്കുന്നു , ചെറിയ വരുമാനം ലഗുവായ ഭക്ഷണം ,ചെറിയ സൗകര്യത്തിൽ ഉള്ള താമസം ഇങ്ങനെ ഒക്കെ ആയുള്ള ലളിത ജീവിതം ഒരുവിധം സാധാരണക്കാരെ ഒക്കെ സന്തോഷമായി ജീവിക്കാൻ സഹായിക്കുന്നു , ആരോടും പരാതിയും പരിഭവവും ഇല്ലാത്ത ജീവിതം... 

അന്ന് അദ്ദേഹം എന്നോട് പറഞ്ഞ ഒരു കാര്യം സത്യമായിരുന്നു....  എന്റെ വയസ്സ് ചോദിച്ചറിഞ്ഞു എന്നിട്ട് പറഞ്ഞു ചെറിയ പ്രായമല്ലേ... നീ ഇനിയും കുറെ വർഷങ്ങൾക്ക് ശേഷം ഇവിടെ വരും.. എന്നിട്ട് എന്നോട് പറയും അന്ന് നിങ്ങൾ ഉണ്ടാക്കി തന്ന ഈ ഷൂ പോലെ ഒരെണ്ണം കൂടെ എനിക്ക് ഉണ്ടാക്കി തരൂ എന്ന്... അതിന്റെ ക്വാളിറ്റിയെ കുറിച്ചായിരുന്നു എന്നോട് സൂചിപ്പിച്ചത്.... ഇന്നേക്ക് ഏകദേശം രണ്ട് മൂന്ന് വർഷം ആവുന്നു ആദ്യം ഒന്നും അതികം ഉപയോഗിച്ചിരുന്നില്ല എങ്കിലും ഇപ്പൊ നിത്യം ഉപയോകിക്കുന്നു... ഒരു പോറൽ പോലും ഇല്ലാതെ അടിപൊളിയായി ഉപോയോകിക്കാൻ കഴിയുന്നു എന്നത് മനസ്സിന് സന്തോഷം നൽകുന്നു.... 

Wednesday, August 27, 2025

ശക്തൻ

" ദേഷ്യം വരുമ്പോൾ ശരീരത്തെ പിടിച്ചു നിർത്തുന്നവനാണ് ശക്തൻ " ഉസ്താദ് ജോറായി ക്ലാസ്സ്‌ എടുക്കുകയാണ്, 

ദൂര ദർശനിൽ രാവിലെ ചോപ്പും മഞ്ഞെ ഇട്ടു വരുന്ന ഒരു ശക്തിമാൻ ഉണ്ടായിരുന്നു. പിന്നെ ബാലരമയിലെ ശക്തിമാനും, ബാല മംഗളത്തിലെ ശക്തിമരുന്നും  ഒക്കെ മനസ്സിൽ മാറി മാറി വന്നു... 
എന്നാൽ ശെരിക്കും ഞങ്ങൾക്ക് ശക്തൻ ഇവരൊക്കെയായിരുന്നു, നടുപ്പൊയിൽ സ്കൂളിൽ പഠിക്കുമ്പോ
ഇബ്രാനാജീക്കാന്റെ ഒന്തത്തെ മുന്നിലെപച്ച മാങ്ങാ ആരും കാണാതെ എറിഞ്ഞിട്ട് ഓടി എടുത്ത് കൊണ്ട് വരുന്നവനായിരുന്നു ശക്തൻ , 
സൈക്കിളിന്റെ ബാക്കിലെ ടയറിൽ തേക്കില വെച്ച് മോട്ടോർ ബൈക്ന്റെ സൗണ്ട് ഉണ്ടാക്കി ഏറ്റവും സ്പീഡിൽ പൂക്കോട്ട് പോയില്ലേ മുക്കിൽ എത്തുന്നവനായിരുന്നു ശക്തൻ,
സൂചി ഏറിൽ എതിരാളികളുടെ നടുപ്പുറത്തു ചോന്ന കല ഏറ്റവും കൂടുതൽ പൂശുന്നവനായിരുന്നു ശക്തൻ, 
ഉച്ചക്ക് ശേഷം ബാഗും എടുത്ത് മാഷ് കാണാതെ മതില് ചാടി വീട്ടിലേക്കൊടുന്നവയിരുന്നു ശക്തൻ,
മാകൂടന്റെ വയലിലെ മൂക്കാത്ത വെള്ളേരി പറിച്ചു തെങ്ങിനിടിച്ചു കറുമുറാ തിന്നുന്നവനായിരുന്നു ശക്തൻ,
പരല് പുൽച്ചാടി തവള മുതൽ നീല പൊന്മാനെ വരെ പിടിച്ചു കിടത്തി അനസ്ഥേഷ്യ പോലുമില്ലാതെ ഓപ്പറേഷൻ ചെയ്യുന്നവനായിരുന്നു ശക്തൻ. 
കേരളത്തിലെ കലാരുപങ്ങളെ പറ്റി ചോദിച്ച കുമാരൻ മാഷോട് കുമാരൻ കളി എന്ന് പറഞ്ഞവനായിരുന്നു ശക്തൻ,
അനധികൃത ബസ്റ്റോപ്പ് പൊളിക്കാൻ വന്ന പോലീസുകാർക് പണികൊടുക്കാൻ വേണ്ടി നായി കൊരണ പൊടി വിതറിയവരായിരുന്നു ശക്തൻ,
ഇരുന്നൂർ മില്ലി ഓയിൽ ഒഴിക്കേണ്ട നൗഷാദകന്റെ വാടക സ്റ്റോറിലെ എഞ്ചിനിൽ പെട്രോൾടാങ്കിലേക്ക് നാലര ലിറ്റർ ഓയിൽ ഒഴിച്ചിട്ടു ഇനീം വേണം എന്ന് വിളിച്ചു പറഞ്ഞവരായിരുന്നു ശക്തൻ


ശക്തന്മാരെ കൊണ്ട് പൊറുതി മുട്ടിയതായിരുന്നു ആകാലം. ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ കഴിയാത്ത കുരുത്തക്കേടുകൾ ഒരുപാട് പറയാൻ ഉണ്ട്..  എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കുരുത്തക്കേട് എന്ന ഒരൊറ്റ വികാരത്തിൽ ഒന്നിച്ചു നിന്നിരുന്ന ആ കാലം...  വിശദീകരിക്കാം പിന്നീടൊരിക്കൽ....

വലീദിന്റെ കാലിലെ കെട്ട്

കുറച്ചു ദിവസത്തെ ലീവിന് ശേഷം വിദ്വാൻ വീണ്ടും മദ്രസയിലേക്ക് വന്നതായിരുന്നു , ശരീരത്തിന് വല്യ ഷീണം ഒന്നും തോന്നിയില്ല എങ്കിലും  ഉള്ള എസ്പ്രെഷൻ മുഴുവൻ വാരിക്കോരി ഇട്ടതുകൊണ്ട്തന്നെ ഞങ്ങൾക്ക് പെട്ടന്ന് കാര്യം പിടികിട്ടി,

ഒന്നും മനസ്സിലാവാത്ത പോലെ ഞങ്ങൾ അവനോട് ചോദിച്ചു , എന്ത് പറ്റിയതായിരുന്നു ബല്ലു... ഒരു ദീർഗ്ഗ ശ്വാസം എടുത്തുകൊണ്ടു അവൻ കാര്യം പറഞ്ഞു , എന്റെ കാലിൽ വലിയ ഒരു മുറിവെടോ നല്ല ആഴം ഉണ്ട് . ഒരു നാലിഞ്ചു കനത്തിൽ വെള്ള കോട്ടൺ തുണികൊണ്ട് കെട്ടിയ ആ വലിയ കെട്ട് കൗതുകത്തോടെ ഞങ്ങൾ നോക്കി ഇരുന്നു .
എങ്ങനേ പറ്റിയതാണെന്ന് ചോദിക്കും മുൻപ് തന്നെ കല്ലിൽ തട്ടി ആണിയിൽ വീണതാണെന്ന മറുപടികൊണ്ട് അവൻ ഞങ്ങളുടെ വായടപ്പിച്ചു , ഇപ്പൊ എങ്ങനുണ്ട് ? കുഴപ്പമില്ലടോ ചെറിയ വേദന ഉണ്ട് എന്നാലും കുറവുണ്ട് .  വല്യ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത dr കെട്ടിയ ആ വലിയ കെട്ട് തടവിക്കൊണ്ട് മറുപടി പറഞ്ഞു .
അപ്പോഴാണ് നൗഷാദ് ഉസ്താദിന്റെ അബാബീൽ ന്റെ കാതടപ്പിക്കുന്ന ശബ്ദം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.  അങ്ങനെ എല്ലാരും വർത്താനം ഒക്കെ നിർത്തി നല്ല മക്കളായി മൂപ്പരെ കാത്തിരുന്ന് , അന്നത്തെ വാടക സ്റ്റോറിലെ ഏറ്റവും മുന്തിയ ഇനം ബൾബിന്റെ  പ്രകാശം കണക്കെ ഉള്ള ചിരിയുമായി നൗശാദ്ക്ക വന്നു , പതിവുപോലെ സലാം പറഞ് ഇരുന്നു , ഓരോരുത്തരെ പേരും വിളിച്ചു ഹാജർ എടുക്കുമ്പോ വലീദ് ഹാജർ പറഞ്ഞപ്പോളാണ് ലീവിന്റെ കാര്യം തിരക്കിയത് . 

ഉമ്മാന്റെ (പേരിൽ അവൻ തന്നെ എഴുതിയ) കത്തും കാലിലെ കെട്ടും കണ്ടപ്പോൾ ആദ്യം മൂപ്പർക് വിശ്വാസം ആയിരുന്നെങ്കിലും അവന്റെ  മുഖത്തെ ഓവർ നിഷ്കു കണ്ടപ്പോൾ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ എന്ന് തോന്നിപ്പോയി .
അവനെയും അവന്റെ കുരുത്തക്കേടുകളും നല്ലോണം അറിയാവുന്നത് കൊണ്ട് തന്നെ അങ്ങനെ തോന്നിയതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ , നഷാദ്ഉസ്താദ് എണീറ്റ് വന്നു അവന്റെ കാൽ നന്നായി ഒന്ന് നോക്കി .

കെട്ടാൻ അറിയാത്ത ഏതോ ലാടൻ  (ഹബീബിന്റെ കാലിൽ മുറിവുണ്ടായപ്പോൾ കെട്ടിയ വെള്ളത്തുണി വാങ്ങിക്കൊണ്ടുവന്നു പള്ളികുളത്തിൽ ഇറങ്ങി ഇരുന്നു പുല്ലൂറ അസ്ലമിനെ ഒരുമണിക്കൂർ എടുത്ത്  കെട്ടിച്ച കെട്ടായിരുന്നു) കെട്ട് പോലെ തോന്നിക്കുന്ന വെള്ള ഡബിൾ മുണ്ട് ചീന്തി കെട്ടിയ ആ മുറിവിലേക്ക് ഒന്ന് അമർത്തിയതും ചെങ്ങായി ഇല്ലാത്ത കണ്ണീരിനാൽ കാറാൻ തുടങ്ങി . രണ്ടും കൽപിച്ചു അവനോട് കെട്ടഴിക്കാൻ പറഞ്ഞു . അള്ളോഹ് ചോര നിക്കൂല ഉസ്താദേ എന്ന അവന്റെ ആ വേദന യും പേടിയും കൂടെ കലർന്ന സ്വരം ചെറുതായി മൂപ്പരെ ഒന്ന്ചി ന്തിപ്പിച്ചു . പക്ഷെ ഒരു നെടുവീർപ്പിനു ശേഷം അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്തായാലും ഒന്ന് അഴിച്ചു നോക്കാം എന്ന മട്ടിൽ വീണ്ടും അഴിക്കാൻ ആവശ്യപ്പെട്ടു . 

ഇതെല്ലം ഓന്റെ അടവാ ഉസ്താദേ എന്ന ഒറ്റുകാരുടെ ബാഗ്രൗണ്ട് സപ്പോർട്ട് കൂടെ ആയപ്പോൾ അഴിക്കുകയല്ലാതെ വേറെ വഴി ഇല്ലാതെയായി,
ഓരോ കെട്ടും അഴിക്കുമ്പോളും വേദന കൊണ്ട് പുളയുന്ന അവനെ യാതൊരു ദയയും ഇല്ലാതെ ഉസ്താദ് കണ്ണുരുട്ടി കൊണ്ടിരുന്നു . പെൺകുട്ടികൾ ചിലർ ആ പഴുത്ത ആഴത്തിലുള്ള മുറിവ് കണ്ടാൽ വീട്ടിൽ പോയാൽ ഫുഡ്‌ പോലും ഇറങ്ങില്ലലോ എന്ന മട്ടിൽ മുഖം തിരിച്ചു ., അല്ലങ്കിലും പെൺകുട്ടികൾക്ക് അവനോട് പണ്ടേ ഒരു സോഫ്റ്റ്കോൺ ഉണ്ടായിരുന്നു എന്നാണ് അവൻ ഇടക്കിടക്ക് വീമ്പിളക്കാറുള്ളത്.  

എന്നാലും ബോയ്സ് ഉസ്താദിന് ഈ ഒരു കാര്യത്തിൽ കട്ട സപ്പോർട്ട് ആയിരുന്നു .ഒരു മനസ്സുഖം അത്ര തന്നെ, രാവും പകലും കൂടെ നടന്ന് ഉസ്താദിന് ഒറ്റി കൊടുത്ത ദുഷ്ടന്മാരെ നിസ്സഹായതയോടെ നോക്കി അവൻ അടുത്ത കെട്ടും അഴിച്ചു ,

ഒന്ന് രണ്ട് മൂന്ന് നാല്....  എന്താ വലീദേ കെട്ട് തീരുന്നില്ലല്ലോ എന്നായി ., ഒടുവിൽ, എല്ലാ കെട്ടും അഴിച്ചപ്പോൾ നല്ല വെളുത്ത കാലില് ഒരു മുള്ള് കൊണ്ട കലപോലും കാണ്മാനില്ല.... 

5 മീറ്റർ നീളത്തിലുള്ള വെള്ളമുണ്ടിന്റെ കെട്ടയിക്കാൻ പെട്ട പാടും ഓന്റെ ആക്ടിങ് ഉം ഒക്കെ കണ്ട മൂപ്പർ  ദേഷ്യവും,ചിരിയും സങ്കടവും ഒക്കെ കൂടെ ആകെ കിളിപോയ അവസ്ഥയിൽ ഈ ചെങ്ങായീനെ തല്ലണോ കൊല്ലണോ അതോ നാട് കടത്തണോ എന്നറിയാതെ അന്തംവിട്ട് നിന്നു,   

പലതരം അടവും കണ്ടു ശീലമുള്ള ഉസ്താദിനു പക്ഷെ ഇത്ര ഭയാനക വേർഷൻ ഇതാദ്യമായിരുന്നു.

ക്ലാസ്സിലാവട്ടെ ആകെ കൂട്ടച്ചിരിയും,ചെലോൽത് ശെരിയാകും ചെലോൽത് ശെരിയാക്കൂല., എന്തായാലും ഓന്റെ അന്ന് ശെരിയായില്ല എന്ന് ചുരുക്കം.

അതേസമയം ഭൂമി രണ്ടായി പിളർന്ന് ഉള്ളിലോട്ട് പോയാൽ മതിയായിരുന്നു എന്റെ റബ്ബേ എന്ന മട്ടിലുള്ള വലീദിന്റെ ആ നിൽപ്പും ഇന്നും ഓർക്കുമ്പോൾ ചിരി വരും...

(എൻ എം കെ)

Sunday, February 23, 2025

കണ്ണുകൾ നഷ്ടപ്പെട്ടവർ

തിമിരം കീറിമുറിച്ചുകൊണ്ട് 
അവർ തപ്പി തടയുന്നു 

ഉച്ച ഉച്ചിയെ ചുട്ടെരിക്കുന്നു 
ചിലർ തിരക്കിട്ട തിരച്ചിലിൽ തന്നെ 

കടൽത്തീരത്തു മണൽ അരിച്ചും  
മുങ്ങി കുളിച്ചും തിരഞ്ഞു കൊണ്ടിരിക്കുന്നു 

അച്ഛനമ്മമാർ വീടിന്റെ 
മുക്കിലും മൂലയിലും 

പ്രണയിനികൾ തിരയുന്നത് 
ഗുൽമോഹറിൻ ചുവട്ടിലാണ് 

അധ്യാപകർ പഠിപ്പിക്കപ്പെടാത്ത 
പുസ്തക താളുകളിൽ 

നേതാക്കൾ അണികൾക്കിടയിലും 
പാർട്ടി ഓഫീസുകൾക്കുള്ളിലും 

നിയമപാലകർ നിരപരാധികൾ 
ഉറങ്ങുന്ന ജയിലറകൾക്കുള്ളിലും 

കവികൾ പേനത്തുമ്പിലും 
കർഷകർ മണ്ണിൽ കുഴിച്ചും തിരയുന്നു 

ചിലർ കത്തുന്ന ചിതയിലും 
ഖബറിലും സെമിതേരികളിലും 
 
കണ്ണുകൾ കാണാതായാൽ 
തിരയാതെ വയ്യല്ലോ 

( എൻ എം കെ )

Friday, August 25, 2017

നാൻ മരിച്ചാൽ

ഞാൻ മരിച്ചാൽ

എന്നെ വെള്ള പുതച്ചു കിടത്തിയത്
കണ്ടു നിന്റെ ഹൃദയം തകരരുത്
പല്ലു കടിച്ചുപിടിച്ചെങ്കിലും
മെല്ലെ ഒന്ന് മന്ദഹസിച്ചീടണം

പ്രണയത്താൽ മാത്രം നീ  നോക്കി
യിരുന്നോരാ നോട്ടം  നോക്കിയൊരിത്തിരി
സമയം ഇരിക്കണം നിൻ
കൈകൾകോർത്തെന്നിലായ്

കവിളിലായ് മെല്ലെ നീ നുള്ളണം
പിന്നെ കുസൃതിയാൽ എന്നും
വിളിക്കുമാ കള്ളനെന്നെന്നെ
നീ ഇന്നും വിളിക്കണം

സ്നേഹത്താൽ നീ ചുംബിച്ചിടുമാ
ചുംബനം എൻ നെറ്റിയിൽ ഒന്നമർത്തി
ചുംബിക്കണം നിൻ മിഴികൾ മെല്ലെയടച്ചു സാധ്യമെങ്കിൽ മൂന്നുവട്ടം

ചലനമറ്റൊരെൻ ജഡം നിന്റെ
കണ്ണുകളിലേക്ക് നോക്കവേ
നിന്റെ മൃദുലമാം കൈകൾ
കൊണ്ടത്‌ മെല്ലെ അടക്കണം

പിഞ്ചോമന മക്കളെ കുളിപ്പി-
ക്കുമ്പോലെ എന്നെയും
നീ കുളിപ്പിക്കണം നല്ലോണം
കണ്ണിലൊന്നും സോപ്പ് തേക്കാതെ

അവസാനമായി മൂന്നു കഷ്ണം
തുണിയിൽ പൊതിഞ്ഞിടുമ്പോൾ
ആചുണ്ടുകൾ കൊണ്ടൊരു സലാം
ചൊല്ലണം ചെവിയിൽമെല്ലെ

നിന്നില്നിന്നുയരുമാ ചെമ്പക
സുഗന്ധതിലെന്നെ  പുരട്ടണം
നിന്റെ ഗന്ധം എനിക്കെന്റെ
ഖബറിൽ വമിക്കണം

ഉറ്റവർ എന്നെയും കട്ടിലിലേറ്റി
മറയുമ്പോൾ നീ മെല്ലെ വന്നു
ഉമ്മറ ജാലകവാതിലിലൂടെന്നെ
എത്തിനോക്കീടണം

നാൻ അകലുന്നതും നോക്കി
എന്നും ഇരിക്കുന്ന പോലെ
നീ അന്നുമിരിക്കണം - നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം-നിന്നെ
ക്കണ്ടു കൊണ്ടെനിക്ക്  യാത്രയാവണം-നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം...