Tuesday, October 7, 2025

മിസ്മാറിന്റെ സംഗീതം

മിസ്മാറിന്റെ സംഗീതം


കുറ്റ്യാടി ചുരത്തിന്റെ ആറാം വളവ് കഴിഞ്ഞപ്പോഴാണ് തണുപ്പ് അതിന്റെ സർവ്വ ശക്തിയും പുറത്തെടുത്തത് എന്ന് തോന്നുന്നു, ഒരു ദയയും ഇല്ലാതെ ഇട്ടിരിക്കുന്ന ജാക്കറ്റിനുള്ളിലേക്ക് തുളച്ചു കയറുകയാണ്, എന്നാലും ചുരത്തിന്റെ ഏറ്റവും മുകളിലെ വളവിൽ നിന്ന് താഴോട്ട്ല നോക്കുമ്പോൾ കാണുന്ന പുലർമഞ്ഞു വിരിച്ചിരിക്കുന്ന താഴ്ഭാഗവും ശീതകാറ്റിന്റെ താഴുകലിൽ ഒഴുകി എത്തുന്ന മനോഹരമായ കോടയും ഒരു കട്ടൻ ചായയും ഓർത്തപ്പോൾ മനസ്സ് മുഴുവൻ നൂറയെ കുറിച്ചുള്ള ഓർമ്മകൾ കൊണ്ട് നിറഞ്ഞു. ഒന്നും വകവെക്കാതെ നേരെ മേലേക്ക് പാഞ്ഞടുത്തു.

എത്രവട്ടം ഞങ്ങൾ അവിടെ പോയിട്ടുണ്ട് എന്ന് ചോദിച്ചാൽ കൃത്യമായി എന്റെ കയ്യിൽ കണക്കില്ല എന്ന് പറയാം, അവൾക് ആ ഒരു വ്യൂപോയിന്റ് വളരെ ഇഷ്ടമായിരുന്നു, രാത്രിയിലും പകലിലും മാറി മാറി ഇടയ്ക്കിടെ പോകുന്നത് പതിവായിരുന്നു.
ആ തണുത്ത അന്തരീക്ഷത്തിലെ പച്ചപ്പിന്റെയും പുൽതൈലചെടിയുടെയും ഗന്ധത്തോടൊപ്പം മാറിലേക്ക് ചാഞ്ഞു കെട്ടിപ്പിടിചുകൊണ്ട് ഇളം വെയിൽ ദേഹത്തെ തൊട്ടുണർത്തുന്നത് വരെ താഴോട്ട് നോക്കി നിന്നുകൊണ്ട് ആ മനോഹാരിതയെ വേണ്ടുവോളം അനുഭവിക്കാൻ നൂറക്ക് വല്ലാത്ത ഇഷ്ടമായിരുന്നു. 

മഞ്ഞിനോട് മല്ലിട്ടു മേല്പോട്ട് പോകാൻ മത്സരിക്കുന്ന നല്ല ചൂട് കട്ടൻ ചായയുടെ ആവി പറക്കുമ്പോൾ അവൾ അത് ആസ്വദിച്ചു ഊതി കുടിക്കുന്നത് ഞാൻ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. 
ഉദിച്ചുയരുന്ന സൂര്യന്റെ കിരണങ്ങൾ സാക്ഷിയാക്കി അവൾ പ്രണയം പങ്കുവെക്കുമ്പോൾ അവളുടെ ദീർഗ്ഗ ശ്വാസത്തിന്റെ ചൂടിനെയും പ്രകൃതി എന്റെ കണ്ണുകളിൽ കാണിച്ചു തരുമായിരുന്നു.

പ്രണയവും സന്തോഷവും കളിയും തമാശകളും സർവ്വ സുഖങ്ങളും സമ്മാനിച്ച എന്റെ പ്രിയപ്പെട്ട ജീവന്റെ പാതി വേർപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു., ഓർക്കാൻ തീരെ ഇഷ്ടമില്ലാത്ത ഞാൻ ഈ ലോകത്തിൽ ഏറ്റവും ഒറ്റപ്പെട്ട രാത്രി, നിസ്സഹായനായി നിർവ്വികാരനായി നിശ്ചലനായി നിന്നുപോയ ആ ദിവസം.. 

ഇന്നും കോടയും മഞ്ഞുപുതച്ച താഴ്വരയും പച്ചപ്പും സൂര്യ കിരണങ്ങളും ഒക്കെ അവിടെ ഉണ്ട്. പക്ഷെ അവർക്കൊന്നും പഴയ ഉന്മേഷമോ സന്തോഷമോ കാണാനില്ല. അന്ന് ഞങ്ങൾ ഒന്നായിരുന്നപ്പോൾ കാണിച്ചിരുന്ന കളിയും കുസൃതിയും ഒക്കെ അവരും മറന്നു തുടങ്ങിയെന്നു തോന്നുന്നു, പരസ്പരം ഒരുപാട് സ്നേഹിച്ച കൂട്ടുകാരിയെ കാണാത്തതിലുള്ള പരിഭവമാവാം എന്റെ മനസ്സ് മന്ത്രിച്ചു... അവർ ഇതൊക്കെ എങ്ങനെ മനസിലാക്കുന്നുവോ ആവോ, ആശുപത്രിക്കുള്ളിലെ നാല് ചുമരുകൾക്കിടയിലെ നീറുന്ന ഓർമ്മകളും കീറിമുറിക്കുന്ന വേദനകളും ആഴ്ചകളിൽ മൂന്ന് പ്രാവശ്യമുള്ള ഡയാലിസിസിൽ നിന്നും ഒക്കെ രക്ഷനേടി ശാന്തമായി അവൾ എന്റെ മടിയിൽ കിടന്നു ഉറങ്ങിയത് ഇന്നും ഒരു നോവായ് മനസ്സിൽ ഉണ്ട്


നൂറയെ ഞാൻ ആദ്യമായ് കാണുന്നത് കൂട്ടുകാരോടൊത്തുള്ള ഒരു പെരുന്നാൾ ട്രിപ്പ്പിൽ ആയിരുന്നു.വെള്ളമുണ്ടയിൽ എത്തിയ ഞങ്ങൾ അവിടെനിന്നും കേവലം 13 കിലോമീറ്റർ ദൂരപരിധിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ബാണാസുര സാഗർ ഡാമിലെക്കായിരുന്നു ഞങ്ങളുടെ ലക്ഷ്യം, പെരുന്നാൾ തിരക്ക് നല്ലരീതിയിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരുപാടു നേരത്തെ കാത്തിരിപ്പിനു ശേഷം ടിക്കറ്റ് എടുത്തു എൻട്രൻസിലൂടെ കടന്നു മുൻപോട്ട് നീങ്ങി, നാട്ടിൽ നല്ല ചൂടായിരുന്നിട്ടും അവിടെ എത്തിയപ്പോൾ കണ്ട നല്ല തണുത്ത കാലാവസ്ഥ ആ നടപ്പാത കയറാൻ ഞങ്ങൾക്ക് ആവേശം നൽകി, സാധാരണ നടപ്പാതകളെ അവഗണിച്ചു കൊണ്ട് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞങ്ങൾ മേലേക്ക് കുതിച്ചു, അല്പം റിസ്ക്കുണ്ടെങ്കിലും അതായിരുന്നു ത്രില്ല്, ശരീരം ചെറുതായി കിതയ്ച്ചു പോകുന്നെങ്കിലും തണുപ്പായതിനാൽ ക്ഷീണവും വിയർപ്പും ഞങ്ങളെ ശല്യം ചെയ്തിരുന്നില്ല, ഇരുവശങ്ങളിലും നട്ടുപിടിപ്പിച്ച റോസാപ്പൂക്കളും ചെക്കിയും മല്ലിയും സൂര്യഗാന്ധിയും പിന്നെ അവിടെ വിരുന്നു വന്ന പല ജില്ലകളിൽനിന്നുള്ള മൊഞ്ചത്തികളും അവിടുത്തെ കാഴ്ചകളെ മനോഹരമാക്കി,ഇടയ്ക്കാരുടെയൊക്കെയോ കമന്റ്‌ടികളും രസം പകർന്നു, ഒടുവിൽ മേലേക്ക് കയറിപ്പറ്റിയ ഞങ്ങളുടെ കണ്ണുകൾക്ക് കൺകുളിർക്കേ കാണാൻ പ്രകൃതി ഒരുപാട് അത്ഭുതങ്ങൾ കാഴ്ചവെച്ചിരുന്നു, ഡാമിന്റെ മേലെതട്ടിൽ ഞങ്ങൾ ഉല്ലസിച്ചിരിക്കുകയായിരുന്നു. 
ഒരുഭാഗത്തു മനോഹരമായ അണക്കെട്ട് മറു ഭാഗത് ദൂരെ ദൂരെയായ് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മലകളും പച്ചപ്പ്കൊണ്ട് അലങ്കരിച്ചു തിങ്ങി നിറഞ്ഞ കാടുകളും കാണാം... അവ രണ്ടിന്റെയും ഇടയിലായ് ആദ്യമായ് ഞാൻ അവളെ കണ്ടു...


മനോഹരമായ ആകാശ നീല കളറിൽ ഉള്ള ഗൗണും വെള്ള നിറത്തിലുള്ള ഷോളും ചുറ്റിയ സുന്ദരിയായ ഒരു മാലാഖ.... ഫാമിലിയോടൊത്ത് ഡാം കാണാൻ വന്ന അവൾ ഒറ്റ നോട്ടത്തിൽ തന്നെ എന്നെ വല്ലാതാകർഷിച്ചു. നെഞ്ചിലേക്ക് ഒരു വൈദ്യുത തരംഗം പോലെ എന്തോ ഒന്ന് കത്തി കയറിയ പോലെ.... ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി, അവൾ കണ്ണുകൾ വെട്ടിച്ചു മറ്റെങ്ങോ നോക്കി മുൻപോട്ട് നടന്നെങ്കിലും ഒരുപ്രാവശ്യം മാത്രം തിരിഞ്ഞ് നോക്കിയിരുന്നു, അവൾക്കും ചെറിയ ഒരു സ്പാർക് ഫീൽ ആയിരുന്നു എന്ന് പിന്നീട് അവൾ തന്നെ എന്നോട് പറഞ്ഞത് ഞാനോർക്കുന്നു , ഞാൻ പറഞ്ഞില്ലേ അവളുടെ കണ്ണുകളായിരുന്നു അന്നും എന്നെ വല്ലാതെ ആകർഷിച്ചത്. മറ്റുള്ളവരേക്കാൾ പറഞ്ഞറിയിക്കാൻ കഴിയാത്ത മനോഹാരിത ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു

ഒന്നുകൂടെ കാണാൻ വേണ്ടി കൂട്ടുകാരുടെ കണ്ണുവെട്ടിച്ചു ഒറ്റക്ക് പലഭാഗത്തു പോയി നോക്കി എങ്കിലുംഅവർ എവിടേക്കോ മറഞ്ഞിരുന്നു, നല്ലവണ്ണം ഒന്ന് കാണനോ ഒന്ന് മിണ്ടാൻ കൂടെ പറ്റിയിരുന്നില്ല എങ്കിലും തിരിച്ചു പോരാൻ നേരം എന്തോ അവിടെ നഷ്ടപ്പെടുത്തി പോരുന്ന ഫീൽ ആയിരുന്നു മനസ്സിന്. ഉള്ളിൽ നിറയെ അവളുടെ കണ്ണുകൾ, അവളുടെ പുഞ്ചിരികൾ.. എന്ത് ചെയ്യാം, അവസാനം നിരാശനായി തിരിച്ചു പോകാൻ മൂഡില്ലാതെ ബൈക്ക് കൂട്ടുകാരനെ ഏല്പിച്ചു ഞാൻ പിൻ സീറ്റിൽ ഇരുന്നു യാത്രയായി... വിടെടാ തെണ്ടി എന്നെ... ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ബാലൻസ് തെറ്റി അവൻ എന്നോട് ചിരിച്ചു കൊണ്ട്അലറി.. അവളെ കുറിച്ചുള്ള ഓർമ്മകളിൽ അവന്റെ പിന്നിലൂടെ തോളിൽ തലയും വെച്ച് കെട്ടിപ്പിടിച്ചത് കൂടെയുള്ള കൂട്ടുകാരെനെയായിരുന്നു... സ്വബോധത്തിലേക്ക് തിരിച്ചെത്തിയ ഞാൻ സംയമനം പാലിച്ചു അടങ്ങി ഇരുന്നു. അന്ന് എവിടെയൊക്കെയോ കറങ്ങി യെങ്കിലും ഞാൻ മറ്റൊന്നും കണ്ടിരുന്നില്ല.. കാണുന്നത് മുഴുവൻ അവളേ തന്നെയായിരുന്നു... നേരം വൈകിതുടങ്ങിയപ്പോൾ വീട്ടിലേക്ക് തിരിക്കാമെന്ന തീരുമാനമായെങ്കിലും ഒരു ദിവസം അവിടെ എവിടെങ്കിലും തങ്ങാൻ ആഗ്രഹം എല്ലാർക്കും ഉണ്ടായിരുന്നു. അല്ലങ്കിലും വേഗം തന്നെ വീട്ടിലേക്ക് പോയിട്ടെന്തിനാ ഞാൻ പറഞ്ഞു.

എനിക്കാണെങ്കിൽ അവളെ ഒരു നോക്ക് കൂടെ കണ്ടിരുന്നെങ്കിൽ എന്നായി പിന്നെ, അങ്ങനെ സുൽത്താൻ ബത്തേരിയിലെ ഒരു ഹോട്ടലിൽ റൂമെടുത്തു കൂടി, എല്ലാരും ക്ഷീണം കൊണ്ട് വേഗം ഉറങ്ങിയെങ്കിലും എന്റെ ഉറക്കം അന്നുമുതൽ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.അത്യാവശ്യം കോഴിപ്പേര് ഉള്ളത് കൊണ്ട് തന്നെ ഫ്രണ്ടിനോടൊന്നും അപ്പോൾ അവളെപ്പറ്റി ഷെയർ ചെയ്തില്ല, അതിനിടക്ക് ആരോ അവളെ കുറിച്ച് കമന്റ്‌ അടിച്ചിരുന്നത് ഞാൻ സൂത്രത്തിൽ വഴിതിരിച്ചു വിട്ടിരുന്നു, അടുത്തെവിടെയോ അവളുടെ സാന്നിധ്യം അറിയുന്നപോലെ... എന്റെ മനസ്സിൽ ഞാനിഷ്ടപ്പെടുന്ന സ്വപ്നങ്ങൾക്ക് കൂട്ടായി അവളും നിറഞ്ഞു. എപ്പോഴോ കണ്ണുകൾ അടഞ്ഞു ഉറക്കത്തിലേക്ക് വഴുതിവീണു. പിറ്റന്ന് രാവിലെ തന്നെ നാട്ടിലേക്ക് തിരിച്ച ഞങ്ങളിൽ ഞാൻ മാത്രം ആരുമറിയാതെ പോകുന്നവഴിയിൽ മുഴുവൻ ഓരോ ബസ്റ്റോപ്പിലും പെൺകുട്ടികൾ നിൽക്കുമ്പോൾ അവളെ തിരയും, ഓരോ വീടിന്റെ ഉമ്മറത്തും അവൾ എനിക്കായ് കാത്തു നില്കുമ്പോലെ അവളെ നോക്കി കൊണ്ടിരുന്നു, ബത്തേരി മുതൽ നിറവിൽപുഴവരെ ഉള്ള ഓരോ ഇരുഭാഗങ്ങളും ഒന്നൊന്നയ് ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല, എന്താണീ കാട്ട് കോഴി എന്ന രൂപത്തിൽ പെൺകുട്ടികൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. കാറ്റിനോടും മലകളോടും കിളികളോടും ഞാൻ അവളെ തിരക്കി, എങ്കിലും ഫലമില്ലായിരുന്നു. 

 നാട്ടിൽ തിരിച്ചെത്തിയിട്ടും ഒന്നുകൂടെ പോയി നോക്കിയാലോ എന്ന് ആലോചിച്ചു, കാണുന്ന കനവുകൾ അധികവും അവളുടെ മുഖം തന്നെ ആയിരുന്നു.. ഉറക്കമില്ലാതെയും ദിനചര്യകൾ താളം തെറ്റിയും ഒക്കെയായിക്കൊണ്ട് ദിവസങ്ങൾ കടന്നു പോയി...


ആരാണ് നീ.....
എവിടെയാണ് നീ.....
എന്താണ് നിന്നിലെ നിഗൂഡത .....

എന്തിനാണ് നീ എന്നെ മോഹിപ്പിക്കുന്നത്
എന്റെ നിദ്രകളിൽ എന്നെ പ്രണയ
സ്വപ്‌നങ്ങൾ കൊണ്ട് കുളിരണിയിക്കുന്നത്
 
അർദ്ധ രാത്രികളിൽ പാതിയുറക്കത്തിൽ
വന്നെന്റെ കൈകളിൽ നിൻ മൃദുലമാം
കൈകളാൽ കോർത്തിണക്കുന്നത്

എന്നെ തലോടുന്നത്
രാത്രി മഴകളിൽ മാറത്തു ചേർന്നെൻ
മേനിക്ക്‌ ഇളം ചൂടെകുന്നത്

ഇത്രയൊക്കെ അടുത്തിട്ടും എന്തേ
നീ നിന്റെ പേര് ചൊല്ലാതിരിക്കുന്നത്
പിന്തിരിഞ്ഞു പോകാനാഗ്രഹിക്കുന്നോരെൻ ബോധത്തെ 
വീണ്ടും ആഴങ്ങളിലേക്ക് വലിച്ചിഴക്കുന്നത് 

ഉണർന്നു നോക്കിയിട്ടു നീ ഇല്ലാതാകുമ്പോൾ കരളലിയിക്കുന്നത്
ഒന്നുകിൽ ഇരുൾ മറകൾക്കിടയിൽ നിന്നും പുറത്തു വരൂ.. അല്ലങ്കിൽ
എൻ ഓർമ്മകൾ മുഴുവൻ പറിച്ചെടുത്തു
ദൂരേക്ക് പോകൂ . .

എന്റെ ഹൃദയം ലോലമാണ് എനിക്കിനിയും വേദനിക്കാൻ വയ്യ . .
എന്റെ ഹൃദയം ലോലമാണ് എനിക്കിനിയും വേദനിക്കാൻ വയ്യ . .

ഒടുവിൽ ഞാൻ എന്റെ ഡയറി മടക്കി വെച്ചു...

എന്നും പോയി അന്വേഷിക്കൽ പ്രായോഗികം അല്ലാത്തത് കൊണ്ട് തന്നെ മനസ്സ് മെല്ലെ മെല്ലെ മറന്നു തുടങ്ങി.. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു ഞായറാഴ്ച അകന്ന ഒരു കുടുംബത്തിലെ കല്യാണത്തിന് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വയനാട് പോയപ്പോൾ യാദൃച്ഛികമായി വീണ്ടും കാണാൻ ഇടയായത് ഞങ്ങളുടെ ജീവിതത്തിലെ ഒരു ടേർനിങ് പോയിന്റ് ആയിരുന്നു.ശെരിക്കും ഞാൻ ഷോക്കായി പോയിരുന്നു, എന്റെ പ്രാർത്ഥനകൾ കെട്ട റബ്ബ് എനിക്കായ് അവളെ വീണ്ടും ഒരു നോക്ക് കാണാൻ എന്റെ മുൻപിലേക്ക് എത്തിച്ചിരിക്കുന്നു, അവിടെ വെച്ച് തന്നെ മനസ്സിൽ ഞാൻ ഒരു ശുക്റിന്റെ സുജൂദ് കൊണ്ട് റബ്ബിനോട് നന്ദി പറഞ്ഞു. 

മണവാട്ടി പെണ്ണിന്റെ കൂടെ അപ്സരസ്സ് കണക്കെ മാറ്റ്ഗോൾഡ് കളറിൽ കുഞ്ഞു കുഞ്ഞു വെളുത്ത മുത്തുകളാൽ മനോഹരമായ ഡിസൈൻ, മുടികൾക്കിടയിൽ രണ്ടു ചാണ് മുല്ലപ്പൂ അവളുടെ അഴക്കിനു മാറ്റ് കൂട്ടി, യാതൊരു മേക്കപ്പ് ന്റെയും സഹായമില്ലാതെ പുരികം ത്രെഡ് ചെയ്യാതെ ലിപ്റ്റിക് പോലും ഇല്ലാതെ തന്നെ തിളങ്ങി നിൽക്കുന്ന അവളെ വീണ്ടും കണ്ടപ്പോ അന്ന് ഉണ്ടായ അതേ ഒരു വൈദ്യുത താരംഗം എന്നിലൂടെ പറഞ്ഞുപോയി... അല്ലങ്കിലും അവൾക് യാതൊരു മേക്കപ്പ്ന്റെയും ആവശ്യം തന്നെ ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം,അത്രയ്ക്ക് ഖുബ്സൂറതായിരുന്നു എന്റെ മാലാഖ.
അത്ഭുതവും സന്തോഷവും കൊണ്ട് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായി...ആരും കാണാതെ ഞാൻ മനസ്സിൽ ആനന്ദ നൃത്തം ചവിട്ടി, പക്ഷെ അവൾ എന്നെ കണ്ടിരുന്നില്ല എന്ന് തോന്നി,ഇനി കണ്ടിട്ടും കാണാത്ത പോലെ നടിച്ചതാവുമോ? മനസ്സ് നെഗറ്റീവ് അടിച്ചു, അവളുമായി അടുക്കാൻ അവളുടെ അടുത്ത് ആരും അറിയാതെ ചെന്നെത്താൻ ഫുഡ്‌ സപ്ലൈ ചെയ്യുന്നവക്കിടയിൽ ഞാനും നുഴഞ്ഞു കേറി, കല്യാണ പെണ്ണിന്റെ അമ്മാവന്റെ മോനെപോലെ ഞാൻ കർമ്മ നിരാധനായി സപ്ലൈ തുടങ്ങി.

ആളുകൾ എന്റെ ആവേശം കണ്ടു ആരെന്നറിയാതെ നോക്കുന്നുണ്ടായിരുന്നു. മനസ്സില്ല മനസ്സോടെ വന്ന കല്യാണത്തിന് ഭക്ഷണവും കഴിച്ചു പൈസ കവറും പെട്ടീലിട്ട് തടി സലാമത് ആക്കാൻ നിന്ന ഞാൻ അവളെ കണ്ടത് കൊണ്ട് മാത്രം ഏതോ അകന്ന ആ കുടുംബത്തിൽ ആരൊക്കെയോ ആയി, പിന്നീടെപ്പോഴോ എന്നെ കുറിച്ച് ആരോ നല്ല അഭിപ്രായം പറഞ്ഞു എന്ന് ബാപ്പ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു, അങ്ങനെ അവളുടെ ടേബിളിൽ ഞാൻ സ്ഥാനം പിടിച്ചു, ആദ്യമായ് എന്റെ കൈകൊണ്ട് അവൾക് ഞാൻ ഭക്ഷണം വിളമ്പി കൊടുത്തു, അല്പം നാണം ഉണ്ടെങ്കിലും കാണാത്ത പോലെ ഇരുന്നു. ഇടയ്ക്കിടെ തലയുയർത്തി എന്നെ നോക്കുന്നത് കണ്ട എനിക്കും ആവേശമായി.. വളരെ കുറച്ചേ ഫുഡ്‌ കഴിക്കാറുള്ളൂ എന്ന് തോന്നുന്നു.. അവൾ വേഗം കഴിച്ചുഎഴുനേറ്റ് കൂട്ടുകാരെ കാത്തു പന്തലിന്റെ ഒരു മൂലക്ക് ഒറ്റക്കിരിക്കുന്നത് കണ്ടപ്പോ കിട്ടിയ ടൈമിൽ മെല്ലെ ഞാനും അടുത്ത് ചെന്നിരുന്നു, സംസാരിക്കാനും പരിചയപ്പെടാനും ഉള്ള അവസരം കൂടെ ആയപ്പോൾ ശെരിക്കും ഹാപ്പി, ഒരു സ്വപ്നം പോലെ, ഒരു നിയോഗം പോലെ അവൾ എന്നിലേക്ക് എത്തുകയായിരുന്നു, സംസാരിച്ചു തുടങ്ങിയപ്പോൾ പണ്ടേപ്പോഴോ അറിയാവുന്ന ആളെ പോലെയായിരുന്നു അവളുടെ പെരുമാറ്റം,ഒരുപക്ഷെ റബ്ബ് ഞങ്ങളുടെ റൂഹിനെ പടച്ചു വെച്ചത് ലൗഹിൽ ഒരുമിച്ചായിരിക്കാം ഞാൻ മനസ്സിൽ കരുതി... 

അടുക്കാൻ വലിയ താമസം ഒന്നുമുണ്ടായിരിന്നില്ല. അവളുടെ ചുണ്ടുകളെക്കാൾ സംസാരിച്ചത് അവളുടെ കണ്ണുകളായിരുന്നു.ഒരു ലക്ഷണം ഒത്ത ഇൻട്രോവേർട്ട് ആയിരുന്നെങ്കിലും എനിക്ക് എന്താണെന്നറിയില്ല വല്ലാത്ത ഒരു പോസറ്റീവ് ഫീൽ ആയിരുന്നു ആ സമയം, ഒരു നീണ്ട ഗസലിനു ശേഷം പെട്ടിയിൽ ഇടാൻ തന്ന പൈസ കവറിന്റെ ഒരുഭാഗം മെല്ലെ കീറി എടുത്തു അതിൽ എന്റെ നമ്പർ എഴുതി അവളെ ഏൽപ്പിച്ചു.. ഒരായിരം പ്രണയ ലേഖനങ്ങളുടെ മൂല്യമുണ്ടായിരുന്നു ആ പത്തക്ക നമ്പറിന്.. ആരെങ്കിലും കാണുമോ എന്ന് ഭയന്നെങ്കിലും ഇനി ഒരവസരം ഇല്ലങ്കിലോ എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം അവളും അത് മെല്ലെ വാങ്ങിയത്. ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിച്ചിരുന്നു എങ്കിലും അകന്ന കുടുംബമാണെന്ന് കരുതിയാവാം വല്യ സീൻ ഒന്നും ഉണ്ടായിരുന്നില്ല. പുതുക്കത്തിലും കല്യാണ പാട്ടിന്റെ കൈകൊട്ടലുകൾക്കിടയിലും അവൾ എന്നെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു. ഏറെ കുറെ ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ആയ ദിവസമായിരുന്നു അത്. കല്യാണം കൂടെ അവളേം പരിചയപ്പെട്ട ഞാൻ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി..

അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ ഫ്രണ്ട് ന്റെ മൊബൈൽ നിന്ന് ഒരു കാൾ വന്നു എനിക്ക്. മറുവശത്തു നിന്ന് ശബ്ദമൊന്നുണ്ടായിരുന്നില്ല. അവളുടെ ഒരു മെസേജ് അല്ലങ്കിൽ കാൾ പ്രതീക്ഷിചു ദിവസങ്ങൾ തള്ളി നീക്കിയ എനിക്ക് പരിജയം ഇല്ലാത്ത നമ്പറിൽ നിന്ന് വന്ന ആ കാളിൽ വല്ലാത്ത പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഞാൻ കട്ട്‌ ചെയ്തിരുന്നില്ല.ഞാൻ ചോദിച്ചു നൂറയാണോ...മ്മ്.. ഒരു മൂളൽ മാത്രം... എന്ത് എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ ഞാനും എന്തൊക്കെയോ ചോദിച്ചു... കുറച്ചു സമയത്തിന് ശേഷം അവളുടെ മധുരമാർന്ന സ്വരത്തിൽ സംസാരം തുടർന്നു, ഒരു നീണ്ട സമയത്തിന് ശേഷം ആരോ.. ഇന്ന് ഇത്ര മതി മോളെ.. എന്ന് പറയുന്നത് കേട്ടു... കൂട്ടുകാരികൾ ഫോൺ വാങ്ങി കട്ട് ആക്കിയതാണെന്ന് തോനുന്നു...

ചില ദിവസങ്ങളിൽ മാത്രം ഉള്ള വിളികൾ ദിവസം കഴിയും തോറും അടുത്തടുത് വന്നു, ദിവസവും വിളിയായി, ഒടുവിൽ ശബ്ദം കേൾക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ ആരുമറിയാതെ ഞാൻ അവൾക്ക് ഒരു മൊബൈൽ സമ്മാനിച്ചു.അവൾ നന്നായി കവിതകൾ എഴുതുമായിരുന്നു, അവളുടെ ജീവനുള്ള കവിതകൾ ഓരോന്നും എന്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു, ഞാനും കവിതലിലൂടെ തന്നെ മറുപടി പറഞ്ഞു, അവളുടെ വാക്കുകൾക്ക് തേനിനെക്കാൾ മധുരം ഉള്ളത് പോലെ തോന്നി, അവളുടെ വർണ്ണനകൾ മനസ്സിൽ കുളിരുകൾ കോരിയിട്ടു, അപാരമായ കാന്ധിക ശക്തിയായിരുന്നു അവളുടെ വരികൾക്ക്, വാട്സ്ആപ്പ് ഉള്ളത് കൊണ്ട് തന്നെ ഓരോ നിമിഷങ്ങളും ഞങ്ങൾ പരസ്പരം അപ്ഡേറ്റ് ആയിരുന്നു വീഡിയോ കാളുകളും വാട്സ്ആപ്പ് സന്ദേശങ്ങളും കൊണ്ട് ഞങ്ങൾ പ്രണയം കൈമാറിക്കൊണ്ടിരുന്നു. പക്ഷെ അത് അതികം നാൾ നീണ്ടുനിന്നില്ല, ഒരുദിവസം കവിതകൾ എഴുതി അയക്കുന്നതിന്ടെക്ക്അവളുടെ ബാപ്പ മൊബൈൽ പിടിച്ചു, വീട്ടിൽ ആകെ പ്രശ്നമായി,അവൾ കാര്യങ്ങൾ ഒക്കെ ധൈര്യപൂർവ്വം അവതരിപ്പിച്ചു, പക്വമായ സംസാരം അവളുടെ വേറൊരു പ്ലസ് പോയിന്റ് ആയിരുന്നു. എന്നെ നേരിൽ കാണണം എന്ന് അവളുടെ ബാപ്പ വിളിച്ചറിയിച്ചു.

ആദ്യമായി അവളുടെ കണ്ണുകൾ നിറഞ്ഞുകണ്ടു. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായി തോന്നി.രാത്രി സമയം 12 മണി കഴിഞ്ഞിരുന്നു. ഉറക്കമില്ലാതെ ഞാൻ തിരിഞ്ഞും മറഞ്ഞും കിടന്നു. അവളെ അവർ ഉപദ്രപിക്കുമോ, എന്നെന്നേക്കുമായി എനിക്കാ പ്രണയത്തെ നഷ്ടപ്പെടുമോ, ഞങ്ങളെ വീട്ടുകാർ എതിർക്കുമോ, എന്റെ വീട്ടിൽ അംഗീകരിക്കുമോ.. ചിന്തകൾ പലതായി അലതല്ലി മറിഞ്ഞു. രാത്രിക്ക് സാധാരണക്കാളും ധൈർഗ്യം ഉള്ളതുപോലെ തോന്നി, ചീവീടുകളുടെ കരച്ചിൽ പതിവില്ലാതെ എന്നെ അസ്വസ്ഥാനക്കി, ഞാൻ ഇരു ചെവിയും പൊത്തിവെച്ച് ഉറങ്ങാൻ ശ്രമിച്ചു, രക്ഷയില്ല... എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു, വണ്ടിയുമെടുത്ത് അവളുടെ വീട്ടിലേക്ക് തിരിച്ചു. 
പനമരം റോഡിൽ പീച്ചെങ്കോട് ജുമാ മസ്ജിദിന്റെ പരിസരത്തു വണ്ടി നിർത്തി.. അവളുടെ വീട്ടിലേക്ക് വാഹനം കയറില്ലായിരുന്നു.. ഞാൻ കാൽനടയായി വീട്ടിലേക്ക് നടന്നു.. അവളുടെ ഉപ്പ അവിടെ തന്നെ ഉണ്ടായിരുന്നു. ചെറിയ ഒരു ഓടിട്ട വീടായിരുന്നു.. നല്ല കാപ്പിപ്പൊടിയുടെ മണം... രണ്ടു ഭാഗത്തും അത്യാവശ്യം വലിയ തേയില തോട്ടങ്ങൾ... വീടിന്റെ മൂലയിലായ് തുറമാങ്ങ ഉണ്ടാക്കാൻ വേണ്ടി പകുതി കീറിയ മാങ്ങയ്ക്ക് ഉള്ളിൽ ഉപ്പ് നിറച്ചു ഇട്ടത് കാണാം.. മുറ്റം നിറയെ പല വർണ്ണത്തിലും ഉള്ള റോസാ പൂക്കളും ചെറിയ ഇലകൾ ഉള്ള ബുഷ് ചെടികളും നിരനിരയായി കുഴിച്ചിട്ടത് കാണാൻ നല്ല ചന്തമുണ്ടായിരുന്നു... അദ്ദേഹം സലാം ചൊല്ലി കയറി ഇരിക്കാൻ പറഞ്ഞു... 
ഞാൻ ഇരുന്നു.. അല്പം ഗൗരവക്കാരൻ ആണെന്ന് തോന്നി.. തിങ്ങി നിറഞ്ഞ മുടികൾ ഉള്ള കുറ്റി താടിയും നീലകള്ളി ഷർട്ടിന്റെ കോളറക്ക് ഉള്ളിലായ് ഒരു ടൗവലും വെള്ള കള്ളിമുണ്ടും.. അദ്ദേഹതിന് എന്നെ മുൻപ് അറിയില്ല എങ്കിലും മനസ്സിലായിരുന്നു... വീടും സ്ഥലവും കാര്യങ്ങളും ഒക്കെ ചോദിച്ചറിഞ്ഞപ്പോൾ ഉപ്പാന്റെ ഉപ്പയുമായി പരിചയം ഉണ്ടായിരുന്നതായി പറഞ്ഞു., എനിക്ക് അല്പം സമാദാനം ആയപോലെ.. ഫോൺ ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ എതിർപ്പിനെ തുറന്ന് സംസാരിച്ചു. എങ്കിലും മാന്യമായി പെരുമാറുന്നത് എനിക്കും സംസാരിക്കാൻ ധൈര്യം തന്നു.. എനിക്ക് അവളോടുള്ള താല്പര്യം കേവലം ഒരു ഇഷ്ടമല്ല എന്നും ഞങ്ങൾ അത്രയ്ക്ക് സ്നേഹിക്കുന്നു എന്നും വീട്ടിൽ അറിയിച്ചു കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു... അവളുടെ ഉമ്മയായിരുന്നു ചായ കൊണ്ടു തന്നത്.. അവൾ അകത്തു ഉണ്ടെന്ന് എനിക്കറിയാം പക്ഷെ അകത്തോട്ടു നോക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നത് കൊണ്ടു ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തു നിന്ന്... എന്നോട് ദേഷ്യം ഉണ്ടാവും എന്ന് എനിക്കറിയാം എങ്കിലും അദ്ദേഹത്തിന്റെ മുഖത്തു കണ്ടപോലെ ഉള്ള ആളല്ല സംസാരിച്ചു തുടങ്ങിയപ്പോൾ എന്ന് മനസ്സിലായി... പക്ഷെ അത്രയ്ക്ക് ദൂരത്തേക്ക് ആകെ ഉള്ള ഒറ്റമോളെ കല്യാണം കഴിപ്പിച്ചു തരുന്നതിൽ അദ്ദേഹത്തിന് നല്ല പ്രയാസം ഉണ്ടായിരുന്നു... ആലോചിച്ചു പറയാം എന്ന് പറഞ്ഞു എന്റെ ഫോൺ തിരികെ തന്നു.. ഇനി ഇങ്ങനെ ഒന്നും ഉണ്ടാവരുത് എന്ന് താക്കീതും തന്നു... 
ഞാൻ സങ്കടത്തോടെ ആണെങ്കിലും മൊബൈൽ തിരിച്ചു വാങ്ങി മാന്യമായ സ്വീകരണവും സംസാരവും ഒക്കെ പോസ്റ്റിവ് ആയി കണ്ടു നാട്ടിലേക്ക് മടങ്ങി... പിന്നീട് അങ്ങോട്ട് വീണ്ടും കൂട്ടുകാരികൾ വഴി ബന്ധപ്പെട്ടു. എന്റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു.. അവർക്ക് വല്യ താല്പര്യം ഇല്ല എന്ന് ഒറ്റവാക്കിൽ തന്നെ എനിക്ക് മനസ്സിലായി.. എങ്കിലും ഒരു വിധത്തിൽ ഞാൻ ഒക്കെ ആക്കി വെച്ചു.. ഇനി അവിടെ നിന്നുള്ള തീരുമാനം അറിയാനായി മനസ്സ് കാത്തിരുന്നു... ഉപ്പാക്ക് ഇഷ്ടമില്ല ദൂരെ കല്യാണം കഴിക്കുന്നത്.. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ട് കൂടെ അവർക്ക് ഉണ്ടെന്നും ഞാൻ മനസ്സിലാക്കി..അവളെക്കാൾ വലിയതായി ഒരു സമ്പത്തും ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ അറിയിച്ചു... ഒടുവിൽ മകളുടെ മനസ്സ് നന്നായി അറിയാമായിരുന്ന ആ ഉമ്മയുടെ പക്വമായ ഇടപെടലിലൂടെ ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ സെറ്റ് ആയി... അൽഹംദുലില്ലാഹ്... പിന്നീട് അങ്ങോട്ട് ഞങ്ങളുടെ ദിനങ്ങളായിരുന്നു... എന്നും കാണാൻ വരും..നിറഞ്ഞു നിൽക്കുന്ന തേയില തോട്ടങ്ങൾക്കും തണുപ്പ് പുതച്ച അരുവികൾക്കും പൂത്തുനിൽക്കുന്ന കാപ്പി ചെടികൾക്കും ഞങ്ങൾ സുപരിചിതർ ആയി മാറി..
ഇടയ്ക്കിടെ ആരും കാണാതെ ക്ലാസ്സ്‌ കട്ട്‌ ആക്കി കുട്യാടി ചുരത്തിലേക്ക് പോകും... അവൾക് യാത്രകൾ വല്ലാത്ത ഇഷ്ടമായിരുന്നു....

ഉമ്മ നേരത്തെ വിടപറഞ്ഞിരുന്നു..ഉമ്മാന്റെ മൊഞ്ചാണ്ഉ അവൾക്മ്മാ കിട്ടിയതെന്ന് എല്ലാരും പറയാറുണ്ടായിരുന്നു... ഉമ്മാന്റെ തന്നെ ജീനിലൂടെ കൈമാറിക്കിട്ടിയ അസുഖമാവനാണ് സാധ്യത. നൂറയെ പോലെ തന്നെ യായിരുന്നു അവളുടെ ഉമ്മയും, അതെ മുഖം, അതേ കണ്ണുകൾ..സംസാരം പോലും അവളുടെ ഉമ്മാന്റെ യാ കിട്ടിയത് എന്ന് ഉപ്പ പറയാറുണ്ടായിരുന്നു, ശരീരം മാത്രം നീര് കൊണ്ടാവാം അവളെക്കാൾ ഒരുപാട് തടിച്ചിരുന്നു...അവസാന കാലം മെലിഞ്ഞു ഒട്ടിയ ഒരു എല്ലിൻ രൂപം മാത്രമായിരുന്നു ഞാൻ കണ്ടത്. ക്യാൻസറിന്റെ ഭീകരത ശെരിക്കും കണ്ടറിഞ്ഞ നിമിഷങ്ങൾ... ഇനി ആർക്കും ഇതുപോലൊരു രോഗം കൊടുക്കല്ലേ നാഥാ എന്ന് പ്രാർത്ഥിച്ച സന്ദർഭം....ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കത്തിൽ വീട്ടിൽ പിടിക്കപ്പെട്ട സമയം ഉപ്പ ആദ്യം എതിർത്തിരുന്നു എങ്കിലും ഉമ്മാന്റെ ഇടപെടുലകളായിരുന്നു ശെരിക്കും ഞങ്ങളെ ഒന്നിപ്പിച്ചതും, നൂറക്ക് അതേ രോഗം ഉണ്ടായിരുന്നു എന്നത് ഞങ്ങൾ വളരെ അടുത്ത ബന്ധുക്കൾ ഒഴിച് ബാക്കി എല്ലാവരിൽ നിന്നും മറച്ചു വെച്ചിരുന്നു. അവൾക് മാനസിക സപ്പോർട്ട് നൽകാൻ ഏതു സമയവും കൂടെ വേണം എന്നത് എനിക്ക് നിർബന്ധമായിരുന്നു.. സ്നേഹിച്ചു നടക്കുന്ന കാലത്തെ എന്റേത് മാത്രമാണെങ്കിലും അല്ലാഹുവിന്റെ മുൻപിൽ ഹറാമായ ബന്ധം തുടരുന്നതിൽ ഞങ്ങൾക്ക് പേടിയുണ്ടായിരുന്നു.. ഡോക്ടർ നൂറയെ ഒരിക്കലും തനിച്ചാക്കരുത് എന്ന് പ്രത്യേകം ഉപദേശിച്ചതും ഞങ്ങളെ പരിഭ്രാന്തനാക്കി.. 

ഒരുദിവസം ഉമ്മയുടെ അസുഖം മൂർച്ഛിച്ചപ്പോൾ ഞങ്ങൾ അവരെയും എടുത്ത് കോഴിക്കോട് ക്യാൻസർ സെന്ററിലേക്ക് പുറപ്പെട്ടു. അവിടെ ഉണ്ടായിരുന്ന ഉമ്മാനെ നോക്കികൊണ്ടിരുന്നത് ഡോക്ടർ ഇസ്ഹാഖ് ആയിരുന്നു, വളരെ നല്ല വ്യക്തിത്വം... സ്നേഹ സമ്പന്നനായ അദ്ദേഹം ഞങ്ങൾക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെ ആയിരുന്നു.. അദ്ദേഹം സ്വന്തം ഉമ്മാനെ പോലെ ആയിരുന്നു ട്രീറ്റ് ചെയ്തിരുന്നത്.. ചെക്കപ്പ് കഴിഞ്ഞു വയറിന്റെ ഇടതഭാഗത്തായി ഉള്ള ആ കാൻസർ വൈകാതെ കരിച്ചു കളയാൻ ഒരു ഓപ്പറേഷൻ പെട്ടന്ന് ചെയ്യണം എന്ന് പറഞ്ഞിരുന്നു.. അത്യാവശ്യമായി ബ്ലഡ് റെഡിയാക്കി വെക്കണം... ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു. വളരെ റയർ ഗ്രൂപ്പായിരുന്നു ഉമ്മാക്ക്... അതേ എ ബി നെഗറ്റീവ് തന്നെ ആയിരുന്നു നൂറക്കും,എന്റേത് ഒ പോസ്റ്റീവും. ഞാൻ വേറെ ആളെ സെറ്റ് ചെയ്തു തരാം എന്ന് പറഞ്ഞെങ്കിലും അവൾ സ്വയം റെഡിയായി ബ്ലഡ്‌ കൊടുക്കാൻ വേണ്ടി ടെസ്റ്റ്‌ ചെയ്തു. മാനസികമായും ശരീരികമായും തളർന്ന ഈ അവസ്ഥയിൽ ബ്ലഡ്‌ കൊടുക്കുന്നതിൽ ഞാൻ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവൾ ഉൾക്കൊണ്ടില്ല. ഒടുവിൽ റിസൾട്ട്‌ വന്നപ്പോൾ സിസ്റ്റർ എന്തോ ആസ്വഭാവികത പ്രകടിപ്പിച്ചിരുന്നു.. അവർ ഡോക്ടറെ വെയിറ്റ് ചെയ്തു.. അപ്പോഴാണ് അമിതമായ അളവിൽ വൈറ്റ് ബ്ലഡ് സെല്ലുകൾ (WBC) കണ്ടെത്തിയത്. നൂറയും ഞാനും തമ്മിലുള്ള ബന്ധം നന്നായി അറിയാവുന്ന ഡോക്ടർ എന്നെ വിളിച്ചു കാര്യങ്ങൾ വിവരിച്ചു തന്നു. പേടിക്കാനൊന്നുമില്ല.. എന്റെ ഒരു സംശയം മാത്രമാണെന്ന് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചെങ്കിലും എനിക്ക് എന്തോ അപകടം ഉണ്ടെന്ന് മനസ്സിൽ ഉറപ്പായിരുന്നു....എന്റെ കാലുകൾ നിലത്തു ഉറക്കാത്തത് പോലെ തോന്നി... ചുറ്റും ഇരുട്ട് പറന്നു.. എങ്ങനെ ഞാൻ അവളോട് ഇത് പറയും... ഇത് കേട്ടാൽ അവൾ എങ്ങനെ സഹിക്കും.. ഞങ്ങൾ കണ്ട സ്വപ്‌നങ്ങൾ.. മോഹങ്ങൾ.. ഞങ്ങളുടെ ജീവിതം.. യാ അല്ലാഹ്... എല്ലാം ഒന്നിന് മീതെ ഒന്നായ്... ഇത് എന്തൊരു പരീക്ഷണം...

ഉപ്പനോട് ഡോക്ടർ തന്നെ എന്റെ കൂടെ ഇരുത്തി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ആ മനുഷ്യന്റെ അവസ്ഥ വല്ലാത്ത കഷ്ടമായിരുന്നു.. സ്വന്തം ഭാര്യ ഏതു നിമിഷവും മരണത്തിനു കീഴടങ്ങാൻ കിടക്കുന്നു.. ഇപ്പോളിതാ ജീവനേക്കാൾ സ്നേഹിക്കുന്ന മകളും... അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എന്റെ ഉള്ള ശക്തി കൂടെ ചോർത്തി കളഞ്ഞു... പുറത്ത് നിന്ന് ഇതൊക്കെ കേട്ടിരുന്ന നൂറ വാതിൽ തുറന്ന് അകത്തേക്ക് കയറിവന്നു... എന്നെയും ഉപ്പനെയും പിന്നെ ഡോക്ടറെയും നിസ്സഹായതയോടെ ഒന്ന് നോക്കുക മാത്രം ചെയ്തു എങ്ങോട്ടോ ഇറങ്ങിപ്പോയി...


ഉപ്പയെ ഉമ്മന്റെ അടുത്ത് നിർത്തി ഞാൻ അവളെയും നോക്കി ഇറങ്ങി...

ഹോസ്പിറ്റലിൽ ന്റെ പുറത്തും അകത്തും ഒക്കെ അവളെയും നോക്കി ഞാൻ അലഞ്ഞു.. എവിടെയും കാണാൻ കഴിഞ്ഞില്ല.. റോഡിലും സൈഡിലും ഒക്കെ അവളെ തിരഞ്ഞു.. എനിക്ക് ആകെ പേടിയായി... ഞാൻ വീണ്ടും ഹോസ്പിറ്റൽ കോമ്പോണ്ടിൽ തിരയാൻ തുടങ്ങി... അറ്റമില്ലാത്ത മരുഭൂമിയിൽ കൈകുഞ്ഞിനെ നഷ്ടപ്പെട്ട മാതാവിനെ പോലെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും ഭ്രാന്തമായ് നടന്നു..

കുറച്ചു നേരത്തിനു ശേഷം ഹോസ്പിറ്റലിനോട് ചേർന്ന സ്ത്രീകളുടെ നിസ്കാര ഹാളിൽ നിന്ന് കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ഇറങ്ങിവന്നു... അവളുടെ കണ്ണുകളിൽ ഒരു ഭാവമാറ്റവും ഇല്ലാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.. അല്ലാഹുവിലുള്ള അചഞ്ചലമായ അവളുടെ വിശ്വാസമാവാം ദീർഗ്ഗ നേരത്തെ പ്രാർത്ഥനക്കു ശേഷം അവളിൽ ഈ മാറ്റം ഉണ്ടായത്..ഞാൻ ഊഹിച്ചു... പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു,... നമുക്ക് നമ്മുടെ ബന്ധം ഇവിടെ വെച്ച് നിർത്തിയാലോ.. ഞാൻ കാരണം നിങ്ങളുടെ ജീവിതം കൂടെ... ഇടറിക്കൊണ്ടുള്ള ആ ചോദ്യം എന്റെ തലക്കേറ്റ ഒരു വലിയ ആഘാതമായിരുന്നു.. 
മാനസികമായി തകർന്ന് കിടക്കുമ്പോൾ ഇതും കൂടെ കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോകുമോ എന്ന് ഞാൻ ഭയന്നു. തുളുമ്പാൻ നിൽക്കുന്ന കണ്ണുനീർ തുള്ളികൾക്കിടയിലൂടെ ഒരു നിഴലുപോലെ ഉള്ള അവളെ നോക്കി.. 

ആ കണ്ണുകളിൽ നോവിന്റെ കനലുകൾ എരിയുന്നത് എനിക്ക് കാണാമായിരുന്നു ഞാനില്ലാതെ നിനക്ക് കഴിയുമോ നൂറാ... ജാലാംശം വറ്റിയ വരണ്ട ചങ്ക് ഇടറികൊണ്ട് നിറഞ്ഞ വേദനയോടെ ഞാൻ സർവ്വ ശക്തിയും എടുത്ത് തിരിച്ചു ചോദിച്ചു..
ഇതിനു വേണ്ടിയാണോ നമ്മൾ സ്നേഹിച്ചത്.. അവൾ മിണ്ടുന്നുണ്ടായിരുന്നില്ല..അവളുടെ നക്ഷത്രകണ്ണുകൾക്ക് അപ്പോൾ തിളക്കം നഷ്ടപ്പെട്ടിരുന്നു.. നമ്മൾ സ്വപ്നം കണ്ടത് ഇങ്ങനെ പാതിവഴിയിൽ ഇട്ടെറിഞ്ഞു പോകാൻ വേണ്ടിയായിരുന്നോ.. അവളുടെ കവിളിലൂടെ ചുടുകണ്ണീർ ചാലുകൾ ഒഴുകാൻ തുടങ്ങി.. എനിക്കാണ് ഈ അവസ്ഥ എങ്കിൽ നീ എന്നെ വിട്ട് പോകുമായിരുന്നോ.... പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൾ ഇരുകൈകളും ചെവിയോട് ചേർത്ത് പൊട്ടിക്കരയാൻ തുടങ്ങി...

 എന്ത് വിഷമം ഉണ്ടെങ്കിലും എന്റെ നെഞ്ചിൽ തലവെച്ചു കരഞ്ഞാൽ എല്ലാം മാറുമെന്ന് പറഞ്ഞവൾ ഇപ്പോൾ എന്നിൽ നിന്ന് അകലുന്നതായി മനസ്സിലായി... അവൾ മനസ്സാൽ മരണം ഉറപ്പിച്ചിരിക്കുന്നു.. ഈ ഒരു അസുഖം അവളിൽ കൊണ്ടുവന്ന മാറ്റത്തെ ഞാൻ കൗതുകത്തോടെ ഒന്ന് നോക്കി... കഴിഞ്ഞുപോയ കാലങ്ങളിൽ പ്രായത്തിന്റെ പ്രസരിപ്പിലും പ്രണയത്തിന്റെ കോരിതരിപ്പിലും ചെയ്‌തുപോയ ചെറിയ ചെറിയ പാപങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് മനസ്സിൽ ഉറച്ചിരുന്നു. പരിധി വിട്ടുള്ള ബന്ധം ഒന്നും ഇല്ലങ്കിലും പരസ്പരം കാണാതെ യും മിണ്ടാതെയും ഒരു ദിവസം പോലും ഞങ്ങൾക്ക് വിട്ട് നിൽക്കാൻ കഴിഞ്ഞിരുന്നില്ല.. 

അവൾ എന്നെയും കൂട്ടി നേരെ ഉമ്മയുടെ അടുത്ത് പോയി,അവളുടെ അസുഖത്തെ കുറിച് ഉമ്മയെ അറിയിക്കേണ്ട എന്ന് ഡോക്ടർ പറഞ്ഞിരുന്നു..ഉമ്മാന്റെ ആയുസ്സിന്റെ നീളം ഏകദേശം ഡോക്ടർക്ക്‌ അറിയാമായിരിക്കാം... എന്റെ കൂടെ അവൾ ഹാപ്പിയായി കഴിയും എന്ന വിശ്വാസം ഉമ്മാക്ക് ഉള്ളത് കൊണ്ട് തന്നെ മകളെ ഓർത്തു അത്രവിഷമിക്കാറുണ്ടായിരുന്നില്ല.. അത്കൊണ്ട് തന്നെ അവളുടെ കാര്യം ഞങ്ങൾ എല്ലാം മറച്ചുവെച്ചു.. ആ പാവം ഇതും കൂടെ എങ്ങനെ സഹിക്കും...

നൂറക്ക് ഈ അവസ്ഥയിൽ മാനസികമായ സപ്പോർട്ട് കൊടുക്കൽ എന്റെ ബാധ്യതയായിരുന്നു.. ഞാൻ എന്റെ വീട്ടുകാരെ കുറിച് ഒന്നും ഓർത്തില്ല.. 
ഓരോ നോക്കും സംസാരവും ഹറാമിലൂടെ കടന്ന് പോകുന്നതിലും നല്ലത് അവളെ എനിക് ഹലാൽ ആക്കലല്ലേ.. എനിക്ക് അവളില്ലാതെ ഒരിക്കലും പറ്റില്ല.. പിന്നെ എന്തിനു ഇനിയും വൈകിപ്പിക്കണം.. സ്വയം ചോദിച്ചു... ഉപ്പാ.. ഞങ്ങളുടെ കല്യാണത്തിന്റെ കുറിച്ച് എല്ലാവരെയും പോലെ ഒരുപാട് സങ്കൽപ്പങ്ങൾ ഞങ്ങൾക്കും ഉണ്ടായിരുന്നു.. ഉമ്മയുടെ ഈ അവസ്ഥയും ഇപ്പോഴത്തെ സന്ദർഭവും കണക്കിലെടുത്തു ചോദിക്കുകയാണ്... മര്യാദ കേടാണെങ്കിൽ പൊറുക്കണം ഇപ്പോൾ ഇവിടെ വെച്ച് നിങ്ങളുടെ മകളെ എനിക്ക് എന്റെ ഭാര്യയാക്കി തരുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ... അവൾ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല.. അവളുടെ അസുഖത്തെ കുറിച് എല്ലാം അറിയാവുന്ന എന്നെ ഉപ്പ നിസ്സഹായനായി നോക്കി..അദ്ദേഹത്തിന് എന്നോട് എന്തൊക്കെയോ പറയാനുണ്ടായിരുന്നതായി എനിക്ക് തോന്നി.. ഇരു കൈകളും നീട്ടി ഉപ്പയെ ഒന്ന് കെട്ടിപ്പിടിച്ചു...ഒരു ദീർഗ്ഗ ശ്വാസത്തിനു ശേഷം ഉമ്മയെ യും നോക്കി.. ആ കണ്ണുകളും നിറയുന്നത് ഞാൻ കണ്ടിരുന്നു

 അടുത്ത ബെഡിൽ ഞങ്ങള്ക്ക് ഒരു അയൽക്കാർ ഉണ്ടായിരുന്നു.. ഞങ്ങളെക്കാൾ മുൻപ് അവിടെ ഉള്ളവർ. മലപ്പുറം മണ്ണാർക്കാട് ഭാഗത്തുള്ള ആളുകളായിരുന്നു... ഒരുപാട് കാലം കേരള ഇസ്ലാമിക്‌ ദഅവ വിങ്ങിന്റെ നേതൃ സ്ഥാനത് ഇരുന്ന അഹ്മദ് മൗലവി.. കന്യാകുമാരി മുതൽ കാസർഗോഡ് വരെ ദീനിന് വേണ്ടിയും സങ്കടനാ പ്രവർത്തനത്തിന് വേണ്ടിയും ഓടുന്നതിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ പോയ ഒരു മനുഷ്യൻ..

നരച്ച പുരികങ്ങളും ഒരു വെള്ള വലതൊപ്പിയും അലസമായി വിട്ടയച്ച നീണ്ട താടി രോമങ്ങളും ഉള്ള വെളുത്ത് മെലിഞ്ഞആൾ.... മരണത്തെ അല്പംപോലും അദ്ദേഹത്തിന് ഭയം ഉണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി... അല്ലങ്കിലും എല്ലാം അല്ലാഹുവിന്റെ വിധി പോലെ മാത്രമെ നടക്കൂ ല്ലേ.. അദ്ദേഹത്തിന്റെ ഭാര്യയും കൂടെ രണ്ടു മക്കളും ഉണ്ടായിരുന്നു... അതിൽ ഒരാൾ ഹാഫിസ് ആയിരുന്നു പേര് റഫീഖ് ഹികമി... സലാം ചൊല്ലി കയറിചെന്ന് മെല്ലെ ഞാൻ ഞങ്ങളുടെ അവസ്ഥയും നികാഹിന്റെ തീരുമാനങ്ങളും ഒക്കെ വിശദമായി അവതരിപ്പിച്ചു അവർ ഞങ്ങളുടെ മുറിയിലേക്ക് വന്നു..

 അപ്രതീക്ഷിതമായ ഈ ഒരു അവസ്ഥയിൽ എന്റെ കയ്യിൽ മഹാറായി ഒന്നും കരുതിയിരുന്നില്ല..അവൾക്ക് വേണ്ടി എന്തും വാങ്ങിക്കൊടുക്കാൻ തയ്യാറായിരുന്നു... പക്ഷെ സന്ദർഭം അതായിരുന്നില്ലല്ലോ.. എങ്കിലും അവിടെ വെച്ച് ഞാൻ കൈവിരലിൽ ഇട്ട ഫൈറൂസ് കല്ല് വെച്ച വെള്ളി മോതിരം ഊരി അവളെ കാണിച്ചു... സമ്മതമാണോ എന്ന് ചോദിച്ചു.. അവൾ നിറക്കണ്ണുകളോടെ തലയാട്ടി.. ഒടുവിൽ ആ രണ്ടു പേരെ സാക്ഷിയാക്കി ഉമ്മാന്റെ മുൻപിൽ വെച്ച് തന്നെ റഫീഖ് സാഹിബിന്റെ കാർമികത്വത്തിൽ നികാഹിന്റെ വചനങ്ങൾ ചൊല്ലിക്കൊണ്ട് ഉപ്പാന്റെ കൈപിടിച്ചു എന്റെ കയ്യിലേക്ക് അവളെ എന്നെന്നേക്കുമായി ഞാൻ എന്റേത് മാത്രമാക്കി.. വികാരനിർഭരമായ ആ നിമിഷത്തിൽ കണ്ടുനിന്നവർ ഒക്കെ നിറക്കണ്ണുകളോടെ ഞങ്ങളെ നോക്കിയിരുന്നു.. അവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച്ചിട്ടുണ്ടാവാം... അവൾ എന്റെ ചാരെ വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു... 

ഞാൻ കൊടുത്ത ആ വെള്ളിമോതിരം അവളുടെ കഴുത്തിലെ കട്ടികുറഞ്ഞ ചെറിയ മാലയിൽ ലോക്കറ്റ് ആക്കി ഇടുന്നത് ഞാൻ നോക്കി നിന്നു... ഉമ്മ ഡിസ്ചാർജ് ആയി വീട്ടിൽ പോകുമ്പോൾ മോൾക് നല്ല ഗോൾഡ് മാല തന്നെ വാങ്ങാം ട്ടോ.. ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളെ ഓർമിപ്പിച്ചു.. എന്ത് തന്നെ കിട്ടിയാലും ഈ മഹർ എന്റെ കൂടെ മരണം വരെ ഒട്ടിനിൽക്കും അവൾ പ്രതികരിച്ചു... നികാഹ് കഴിഞ്ഞതിൽ പിന്നെ അവൾ എപ്പോഴും എന്നോട് ചേർന്നിരിക്കുമായിരുന്നു..ഹലാൽ കൂടുതൽ മനോഹരമാണല്ലേ.. അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു.. ആ കുഞ്ഞു സന്തോഷത്തിനു ശേഷം ആഴ്ചകൾക്കുള്ളിൽ അവളുടെ ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു.. ഇന്നാലില്ലാഹ്..

ഉമ്മയുടെ മരണം അവളെ വീണ്ടും തളർത്തിയിരുന്നു.. ഉപ്പാന്റെ കാര്യമായിരുന്നു അതിലും കഷ്ടം... ആവശ്യത്തിന് ഫുഡ്‌ കഴിക്കാതെയായി.. ആരോഗ്യം ശ്രദ്ധിക്കാതെ നടക്കാനും.. ഒടുവിൽ വീടും പള്ളിയുമായി കഴിഞ്ഞു കൂടാൻ തുടങ്ങി.. ഇടക്കിടക്ക് ഖബറിന് അരികിൽ പോയി കുറെ നേരം ഇരിക്കുന്നത് കാണാം... നൂറയും ഒരുഭാഗത്ത്... എങ്കിലും എന്നാൽ ആവും വിധമുള്ള മെന്റൽസപ്പോർട്ടോടും കൂടെ മറ്റൊന്നും ചിന്തിക്കാൻ സമ്മതിക്കാതെ ഞാൻ അവളുടെ കൂടെ തന്നെ നിൽക്കുമായിരുന്നു.. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി... അല്പം മനസ്സ് ശാന്തമായി അവൾ യഥാർഥ്യങ്ങൾ ഉൾകൊള്ളാൻ തുടങ്ങി.. അള്ളാഹു നിശ്ചയിച്ച ആയുസ്സ് എത്രയാണോ അതുവരെ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ തന്നെ ഒന്നിച്ചു ജീവിക്കും എന്ന് തീരുമാനിച്ചു.. അവൾക് പതിയെ രോഗത്തെ ഭയമില്ലാതായി തുടങ്ങി... വീണ്ടും ജീവിതത്തിൽ നല്ല ദിനങ്ങൾ വന്നു ചേർന്നു...

ജീവിതത്തിന്റെ സുഖങ്ങൾ എല്ലാ അർഥത്തിലും ഞങ്ങൾ ആസ്വദിച്ചു വരികയായിരുന്നു... രോഗത്തോട് പോരാടാൻ ഉള്ള അവളുടെ ഉറച്ച മനസ്സോടുകൂടെ ഒരുഭാഗം ഞങ്ങൾ ചികിത്സയും തുടരുന്നുണ്ടായിരുന്നു...
മരിക്കാൻ പോകുന്നു എന്നറിഞ്ഞ മനുഷ്യന്റെ മാറ്റങ്ങൾ ഒക്കെ അവളുടെ ജീവിതത്തിലും എനിക്ക് കാണാൻ കഴിയുമായിരുന്നു... നിസ്കാരവും ദീനീ കാര്യങ്ങളിലും പഴത്തിനേക്കാൾ പക്വതയും സൂക്ഷ്മതയും അവളിൽ നിറഞ്ഞിരുന്നു. ഒരു പക്ഷെ ഞാനും അവളുടെ കൂടെ കൂടിയതിൽ പിന്നെ മാറ്റം വെച്ചു എന്ന് വേണം കരുതാൻ.. ഇന്നലെ കളിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ പരിതാപകരമായിരുന്നു എന്റെ അവസ്ഥ...
മാസങ്ങൾ കഴിഞ്ഞു പോയി... 
അവളുടെ ദുഃഖങ്ങളും വേദനകളും ഞങ്ങളുടെ പ്രണയങ്ങളും വരികൾ കൂട്ടിച്ചേർത് ഹൃദയത്തിൽ തറക്കുന്ന കവിതയായി ഒരു മിസ്മാറിന്റെ സംഗീതം പോലെ എന്നെ പാടി കേൾപ്പിക്കുമായിരുന്നു... അവളുടെ ശ്രുതി മധുരമായ ശബ്ദത്തിൽ അതിന്റെ വേദനയുടെ കാഠിന്യവും സ്വപ്നങ്ങളുടെ ആഴവും പ്രണയത്തിന്റെ മാസ്മരികതകയും നിറഞ്ഞു നിൽക്കുന്നത് കാണാമായിരുന്നു...

മൂടിക്കെട്ടിയ ആകാശത്തിലെ പാതി മറഞ്ഞ ചന്ദ്രനും.. നക്ഷത്രങ്ങളും... രാത്രി മഴയും അവളുടെ സംഗീതം ആസ്വദിക്കുമായിരുന്നു..

ഇടയ്ക്കിടെ അവൾ കുട്ടികളുടെ ചിരികളും കുസൃതി യും മാതൃ സ്നേഹത്തിന്റെ മതത്വത്തെ കുറിച്ചും കവിതകൾ എഴുതുമായിരുന്നു.. ഈ ഒരു അവസ്ഥയിൽ ഞങ്ങൾ പ്രഗ്നൻസിയെ പറ്റി ചിന്തിട്ടെ ഇല്ല.. അവൾക് ഒരു കുഞ്ഞിനെ കിട്ടാൻ എന്നേക്കാൾ കൂടുതൽ ആഗ്രഹവും ഉണ്ടായിരുന്നു.. അവളുടെ ഈ അവസ്ഥയിൽ താങ്ങാൻ കഴിയില്ല എന്നത് ഞങ്ങൾക്ക് രണ്ടുപേർക്കും നന്നായി അറിയാം.. കുട്ടികളുമായി ഉള്ള അവളുടെ അടുപ്പവും അവരോടൊത്തു ചിലവഴിക്കാൻ കഴിയുന്ന അവസരവും അവൾ ഒരിക്കലും പഴാക്കാറില്ല എന്നത് ഞാൻ കാണാറുണ്ട്. എനിക്കും സത്യത്തിൽ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അവൾക് വേണ്ടി എല്ലാം മാറ്റിവെച്ചതായിരുന്നു...

കാലത്തോടൊപ്പം അസുഖവും അവളിലൂടെ മുന്നോട്ട് കുതിച്ചു... ഒരിക്കൽ ചെക്ക്അപ്പിന് വേണ്ടി പോയ സമയത്താണ് ഡോക്ടർ ആ കാര്യം അറിയിച്ചത്.. അവൾ പ്രഗ്നൻറ് ആണെന്ന് കേട്ടതും ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയി.. സന്തോഷം ഉള്ള കാര്യമാണെങ്കിലും ഡോക്ടറുടെ അന്നത്തെ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങി കൊണ്ടിരുന്നു.. നൂറക് കൊടുക്കുന്ന മെഡിസിൻ ഡോസ് കൂടിയതാണ്.. ഈ അവസ്ഥയിൽ അവൾ അത് താങ്ങില്ല.. ഇനി അത്ഭുതം സംഭവിച്ചാലും റേഡിയേഷനുകളും മരുന്നുകളും കുട്ടിയെ പൂർണ ആരോഗ്യത്തോടെ നിങ്ങൾക്ക് ലഭിക്കില്ല എന്ന മുന്നറിയിപ്പും കാതുകളിൽ അലയടിച്ചു 

കാര്യം അവൾ അറിഞ്ഞതും ഞാനും ഡോക്ടറും അബോഷനെ കുറിച്ച് സൂചിപ്പിച്ചു.. പക്ഷേ അവൾ വഴങ്ങിയില്ല.. നമ്മൾ വേണ്ട എന്ന് തീരുമാനിച്ചിട്ടും അള്ളാഹു വേണം എന്ന് തീരുമാനിച്ചതിനെ ഞാൻ കൊല്ലാൻ സമ്മതിക്കില്ല എന്ന് അവൾ വാശിപിടിച്ചു... ഒരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞു.. ആരോഗ്യനിലയെ പറ്റി ഡോക്ടർ വിവരിച്ചു കൊടുത്തു.. എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മദിച്ചാൽ നിങ്ങളുടെ സൈൻസിനു എന്റെ ജീവിതം തിരിച്ചു നൽകാൻ കഴിയുമോ എന്ന അവളുടെ വാക്കുകൾ ഡോക്ടറെ പ്രതിരോധത്തിലാക്കി... കാര്യങ്ങൾ പതിയെ പറഞു മനസ്സിലാക്കാൻ എന്നെ ഉപദേശിച്ചു കൊണ്ടു ഡോക്ടർ ഞങ്ങളെ പറഞ്ഞയച്ചു... 

ഞാൻ അവളോട് കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴൊക്കെ അല്ലാഹുവിനെ കുറിച് എനിക്ക് മുന്നറിയിപ്പ് നൽകി.. അവളുടെ വാക്കുകൾക്ക് മുൻപിൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു... അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി പ്രതീക്ഷയുള്ളതും മനുഷ്യന്റെ ക്രൂരതയുടെ അഴങ്ങളെ തുറന്നു കാട്ടുന്നതുമായ കവിതകൾ ഒരു പ്രാർത്ഥനപോലെ ഞങ്ങളുടെ കൊച്ചുവീട്ടിൽ മുഴങ്ങി... അവൾ ദീർഗ്ഗനേരം പ്രാർത്ഥനയിൽ മുഴുകി.. അവൾക്ക് വേണ്ടി ഭക്ഷങ്ങൾ ഞാൻ പാകം ചെയ്യാൻ തുടങ്ങി.. ഓരോ നിമിഷവും അവളെ സഹായിചും സ്നേഹിച്ചും ധൈര്യം പകർന്നും ഞാൻ കൂടെ നിന്നു... 

ഒരു ബാപ്പയാകാൻ പോകുന്ന സന്തോഷം മനസ്സിനെ സന്തോഷം പകരുമ്പോളും അവളുടെ ആരോഗ്യം ഓർക്കുമ്പോൾ പതറിപോകുന്ന നിമിഷങ്ങൾ എന്നെ വരിഞ്ഞു മുറുക്കാൻ തുടങ്ങി... അഭയത്തിനായി റബ്ബിലേക്ക് മാത്രം കരങ്ങൾ നീട്ടി കരഞ്ഞു... ഒന്നാം മാസവും മൂന്നാം മാസവും അഞ്ചാം മാസവും കടന്നുപോയി..ഇക്റാ ഹോസ്പിറ്റൽ ആയിരുന്നു അവളെ കാണിച്ചിരുന്നത്. അവളുടെ പുൻപ് കാണിച്ച ഷീറ്റും ആരോഗ്യ അവസ്ഥകളും ഡോക്ടർ അറിഞ്ഞിരുന്നു.. ഡോക്ടർ ഇസ്ഹാഖ് തന്നെയായിരുന്നു ഈ ഡോക്ടറെ റെഫർ ചെയ്ത് തന്നതും... ഓരോ സ്കാനിംഗ് കഴിയുമ്പോളും അത്ഭുതം നിറഞ്ഞ വാക്കുകൾ അവളെ നോക്കിക്കൊണ്ടിരുന്ന ആ ലേഡി ഡോക്ടർ പങ്കുവെച്ചിരുന്നത് ഞങ്ങൾക്ക് നൽകുന്ന പ്രതീക്ഷയും ആനന്ദവും ചെറുതല്ലായിരുന്നു.. 

അവളുടെ ഉപ്പ അടുത്തുള്ള പള്ളിയിലെ മുഅദ്ദിൻ ആയി നാട്ടിൽ തന്നെ ആയിരുന്നു. വിശേഷങ്ങൾ ഒക്കെ എന്നും അറിയിക്കുമായിരുന്നു. ഇടക്ക് കാണാൻ വരും.. കുറെ സംസാരിക്കും.. ഇടക്ക് രണ്ടു മൂന്ന് ദിവസം വീട്ടിൽ നിൽക്കും.. തിരിച്ചു പോകും.. സ്ഥിരമായി ഞങ്ങളുടെ കൂടെ നിൽക്കാൻ പറഞ്ഞാൽ കേൾക്കുമായിരുന്നില്ല.. അവർക്ക് അവരുടെ നാടും വീടും ആ അന്തരീക്ഷവും അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു.. 

ആറു കഴിഞ്ഞപ്പോൾ നാട്ടിലെ ചടങ്ങുകൾ ഒക്കെ അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ആഘോഷിച്ചു..അവളുടെ ഉപ്പയും വന്നിരുന്നു.. നികാഹ് ആരുമറിയാതെ നടന്നതിന്റെ ചെറിയ പരിഭവങ്ങൾ ചില കുടുംബക്കാർക്കൊക്കെ ഉണ്ടായിരുന്നതിനു പകരമായി കൂട്ടൽ ചടങ്ങ് ഞങ്ങൾ അടിപൊളിയായി നടത്തി.. വെള്ള ഉടുപ്പിൽ തിളങ്ങിനിൽക്കുന്ന കൈനിറയെ വളകളും മാലയും മറ്റു ആഭരണങ്ങളും മുടിയിൽ നിറഞ്ഞു നിൽക്കുന്ന മുല്ലകളുമായി നിൽക്കുന്ന നൂറയെ ഒരു മണവാട്ടി കണക്കെ ഞാൻ നോക്കിനിന്നു.. അവളുടെ കണ്ണുകൾക്ക് അപ്പോൾ ഇരട്ടി തിളക്കമായിരുന്നു.. അവളുടെ ഭംഗി ഇരട്ടിയായ പോലെ തോന്നി...

ഹോസ്പിറ്റലിൽ പോകാനുള്ള സൗകര്യവും വീട്ടിൽ ആരും ഇല്ലാത്തതും കൊണ്ടു തന്നെ അവളെ ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ തന്നെ നിർത്താൻ തീരുമാനിച്ചിരുന്നു.. അവളുടെ ഉപ്പക്കും അതായിരുന്നു താല്പര്യവും... അവളുടെ ഉമ്മാക്ക് പകരം എല്ലാ കാര്യങ്ങളും ഒരുമയുടെ സ്ഥാനത് നിന്ന് എന്റെ ഉമ്മയായിരുന്നു നോക്കിയിരുന്നത്..

സന്തോഷത്തിന്റെ ദിനങ്ങൾക്ക് എന്നും ആയുസ്സ് കുറവായിരുന്നു... ഏഴാം മാസം പകുതി ആയപ്പോൾ പെട്ടന്നുണ്ടായിരുന്ന ബ്ലീഡിങ്ങിൽ ഞങ്ങൾ പകച്ചുപോയി.. അബോധവസ്ഥയിൽ ഉള്ള കൊണ്ടു പോകുമ്പോൾ എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. കുറ്റ്യാടി എത്തിയ ഞങ്ങൾ അടിയന്തര ചികിത്സക്ക് ശേഷം വേറെ ആംബുലൻസിൽ കോഴിക്കോടേക്ക് തിരിച്ചു.. അവളുടെ കിടപ്പും ആംബുലൻസിന്റെ അലർച്ചെയും എന്റെ മാനസികാവസ്ഥയെ താളം തെറ്റിച്ചു.... ഹോസ്പിറ്റലിൽ എത്തിയ അവളെ പെട്ടന്ന്തന്നെ ഐ സി യു വിൽ പ്രവേശിപ്പിച്ചു... പ്രാർത്ഥകൾ അല്ലാതെ ഒന്നും എന്റെ നാവിൽ ഉണ്ടായിരുന്നില്ല... ഉള്ളിൽ തിരക്കിട്ട ട്രീറ്റ്മെന്റ് നടക്കുമ്പോൾ പുറത്തെ സ്റ്റീൽ കസേരയിൽ ഇരുന്നു കൈകൾ ഉയർത്തി കരുണാമയനായ അല്ലാഹുവിനെ വിളിച്ചു തേടിക്കൊണ്ടിരുന്നു.. ഡോക്ടർ സമാധാന വാക്കുകൾ കൊണ്ടു സന്തോഷം അറിയിച്ചു. അല്പ സമയം കൊണ്ടു റൂമിലേക്ക് മാറ്റാം എന്ന് പറഞ്ഞു... അൽഹംദുലില്ലാഹ്....

അവിടെ തന്നെ അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞപ്പോൾ ഞങ്ങൾക്കും അതായിരുന്നു നല്ലത് എന്ന് തോന്നിയിരുന്നു... 
ഭക്ഷങ്ങൾ കഴിക്കാൻ പൊതുവെ മടിയായ അവളെ ഡോക്ടർ ശകാരിച്ചു.. ബോഡി യിലെ വൈറ്റമിൻസ്ന്റെ കുറവുകൾ കുട്ടിയെ ഏതുരീതിയിൽ ബാധിക്കും എന്നതിനെ പറ്റി ബോധവൽക്കരണം നൽകി... കയ്യിലുണ്ടായിരുന്ന ഓറഞ്ചു തോൽ കളഞ്ഞു ഓരോ അല്ലികളായി ഞാൻ അവളുടെ വായിലേക്ക് ഇട്ടു കൊടുത്തു.. ഇടയ്ക്കിടെ ഉമ്മ കാണാതെ അവൾ കടിച്ചതിന്റെ ബാക്കി എന്റെ വായിലേക്കും ഇട്ടു തന്നു..ഞങ്ങൾ മാത്രമായ നിമിഷങ്ങളിലേക്ക് എന്റെ മനസ്സ് ഒന്ന് യാത്രയായി.. വീട്ടിൽ എത്ര നേരം വൈകിയാലും അവൾ എന്നെയും കാത്ത് ഉറങ്ങാതെ ഭക്ഷണം കഴിക്കാതെ ഇരിക്കുമായിരുന്നു. ഞാൻ കഴിക്കുമ്പോൾ ഒരു ചെറിയ കുട്ടി കണക്കെ വാ തുറന്ന് അടുത്തിരിക്കും.. ഓരോ പ്രാവശ്യവും എന്റെ കൈകൾ കൊണ്ടു അവൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഞങ്ങളുടെ ഭക്ഷണത്തിന്റെ സ്വാദ് ഇരട്ടിക്കുമായിരുന്നു... അതിൽ പ്രണയത്തോടൊപ്പം അല്ലാഹുവിന്റെ ബറകത്തും ഉണ്ടായിരിക്കണം..ആദ്യമായി കല്യാണ വീട്ടിൽ നിന്ന് അവൾക്ക് വിളമ്പിക്കൊടുത്തതും അവൾ ആ സമയം ഓർമ്മിപ്പിക്കുമായിരുന്നു.. അവളുടെ ബാക്കി തിന്നാൻ ഒരു പ്രത്യേക സ്വാദ് ഉണ്ടെന്ന് ഞാൻ എന്നോ മനസ്സിലാക്കിയിരുന്നു... അവളുടെ ഉമിനീരും പ്രണയവും കലർന്നത് കൊണ്ടാവാം... സ്വന്തം കാര്യത്തെക്കാൾ എന്റെ കാര്യത്തിലായിരുന്നു അവൾക് എന്നും ആശങ്ക... 

 രണ്ടുദിവസത്തെ ട്രീട്മെന്റിനു ശേഷം വീട്ടിലേക്കു പോകാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.. അങ്ങനെ പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ ബാത്‌റൂമിൽ പോയിട്ട് പോകാം എന്ന് പറഞ്ഞു.. കാരണം രണ്ടു മണിക്കൂറോളം ഓടാൻ ഉള്ളതല്ലെ.. ബാത്‌റൂമിൽ പോയി വന്നു ഡ്രസ്സ് ഒക്കെ ചേഞ്ച്‌ ചെയ്തു ഉമ്മ യും ഉപ്പയും ബാഗും സാധനങ്ങളും എടുത്തു ലിഫ്റ്റിലേക് നടന്നു.. നൂറ എന്റെ കൈകളിൽ പിടിച്ചു റൂമിനു പുറത്തേക്ക് നടക്കുമ്പോൾ ഒരു വേദന പോലെ ഉണ്ടെന്ന് പറഞ്ഞു.. ഞാൻ അവരെ മടക്കി വിളിച്ചു.. 

ബെഡിൽ പോയി ഇരിക്കാം എന്ന് പറഞ്ഞു തിരിച്ചു നടക്കുമ്പോൾ പെട്ടന്ന് തലകറക്കം പോലെ ഉണ്ടെന്ന് പറഞ്ഞു എന്റെ മാറിലേക്ക് ചാഞ്ഞു. സിസ്റ്റർമാർ ഡോക്ടറെ വിളിക്കാൻ ഓടി... ഞാൻ മെല്ലെ കട്ടിലിലേക്ക് കിടത്തി.. അവൾ ഒന്ന് കണ്ണ് തുറന്നപ്പോൾ എനിക്ക് ആശ്വാസമായി.. കുഴപ്പമില്ല എന്ന് പറഞ്ഞു... അങ്ങനെ അവളുടെ തല എന്റെ മടിയിൽ വെച്ചു.. ഞാൻ അവളുടെ തലയിലൂടെ അവളെ തലോടി കൊണ്ടിരുന്നു... ഒന്നും ഉണ്ടാവില്ല എന്ന ഒരു സമാദാനം എനിക്കും തോന്നിയിരുന്നു... പ്രതീക്ഷകൾ തട്ടിമാറ്റി അവളുടെ അസുഖം ഭാവം മാറിയത് വളരെ പെട്ടന്നായിരുന്നു.. രണ്ടു വട്ടം ബ്ലഡ്‌ ശര്ധിച്ചത് ഞാൻ കണ്ടു.. പിന്നെ എന്റെ കണ്ണുകളിൽ ഇരുട്ടായിരുന്നു...

നൂറാ.. പതിഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചു നോക്കി... മനം മയക്കുന്ന പുഞ്ചിരിയോടെ വിളികേൾക്കുന്ന അവളിന്ന് മൗനയായിരിക്കുന്നു.. എങ്കിലും അവളുടെ വശ്യമായ ആ കണ്ണുകൾക്ക് അന്ന് പതിവിലും കൂടുതൽ തിളക്കമായിരുന്നു,വേദനയില്ലാത്ത ലോകത്ത് അവളുടെ കവിതകൾ മാറോടു ചേർത്ത് അവൾക്കിഷ്ടപ്പെട്ട ആ മിസ്മാറിന്റെ സംഗീതത്തോടെ പാടിക്കേൾപ്പിക്കാം എന്ന പ്രതീക്ഷയുടെ തിളക്കമാവാം... പെരുങ്കാൽ വിരൾ മുതൽ തലവരെ ഒരു മരവിപ്പ് പോലെയായിരുന്നു എനിക്ക്, ഒന്ന് ഉച്ചത്തിൽ കരയണം എന്നുണ്ടായിരുന്നു, ചങ്കിൽ പരുക്കനായ ഉരുളൻ കല്ല് തങ്ങിനിൽക്കുന്നു, ശബ്ദം പുറത്ത് വരുന്നില്ല, വരണ്ടു കിടക്കുന്ന വായിലെ അവശേഷിക്കുന്ന ഉമിനീർ ഇറക്കിനോക്കി അതിനും കഴിയുന്നില്ല.... ഇനി എന്ത് ചെയ്യണം എന്ന് പോലും എനിക്ക് നിശ്ചയമില്ലായിരുന്നു...

 അതെ എന്റെ നൂറ.. എന്റെ പ്രകാശം... എന്റെ ലോകം എന്റെ സ്വപ്‌നങ്ങൾ എല്ലാം എന്നെന്നേക്കുമായി ഇവിടെ അണഞ്ഞിരിക്കുന്നു..., ജീവിച്ചുകൊതി തീരും മുൻപേ അവൾ എന്നെയും ഏകനാക്കി ബർസഖി ലോകത്തേക്ക് പാറി പറന്നകന്നിരിക്കുന്നു.. ഈ കൈകൾ കൊണ്ടാണ് അവസാനായി ആ കണ്ണുകൾ ഞാൻ അടച്ചു കൊടുത്തത്. നിശ്ചലയായ് കിടക്കുന്ന അവളുടെ ശരീരത്തിന്റെ തണുപ്പ് ഇന്നും എന്റെ കൈകളിൽ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്.എന്നെയും കൂടെ കൊണ്ടുപോയിരുന്നെങ്കിൽ എന്ന് റബ്ബിനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് അവളുടെ തണുത്ത മുഖത്തോട് മുഖം ചേർത്ത് കിടന്ന എന്നിൽ നിന്നും ആരോ അവസാനമായി പറിച്ചു കൊണ്ടുപോയതും... പിന്നെ അങ്ങോട്ട് എല്ലാം യാന്ത്രികമായിരുന്നു...


ഞാൻ ഒറ്റക്കായിരുന്നു അവളെ കുളിപ്പിച്ചത്...അത് അവളുടെ വസിയ്യത്ത് പ്രകാരമായിരുന്നു... അവളുടെ ആഗ്രഹം പോലെ അവളെ കഫൻ ചെയ്തത്..അധികം ആരും തന്നെ കാണാൻ ഇല്ലാത്തത് കൊണ്ട് അവളുടെ തണുത്ത നെറ്റിയിൽ ചുണ്ടുകൾ അമർത്തി അവസാന ചുംബനവും കൊടുത്ത് ചലനമറ്റു കിടക്കുന്ന എന്റെ പ്രാണന്റെ മുഖവും മൂടികെട്ടി അവൾക് ഇഷ്ടപ്പെട്ട ഊദ് ന്റെ സുഗന്ധം ആ വെള്ള തുണിയിൽ പുരട്ടി കൊടുത്തു.അന്തരീക്ഷത്തിൽ അവളുടെ സുഗന്ധം പരക്കുന്നു... മിന്നാമിനുങ്ങളുടെ അകമ്പടിയോടെ ചെറിയ ചാറ്റൽ മഴയെ സാക്ഷിയാക്കി മാലാഖമാർ അവളെയും കൊണ്ടുപറന്നകലുന്നത് എനിക്ക് കാണാമായിരുന്നു.. അവൾക്ക് വേണ്ടി ഇമാമായി നിസ്കരിച്ചു...അവസാനമായി അവളുടെ മഗ്ഫിറത്തിന്ന് വേണ്ടി ഹൃദയം പൊട്ടി പ്രാർത്ഥിക്കുമ്പോൾ എന്റെ ശരീരമാ സകലം വിറക്കിന്നുണ്ടായിരുന്നു...അല്ലങ്കിലും ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്നതിന്റെ പരമാവതി വേദന തിന്നവളായിരുന്നു... അവൾക് പരമ കാരുണ്യവാനായ അള്ളാഹു പൊറുത്തു കൊടുക്കാതിരിക്കുമോ.... എന്റെ ഹൃദയം മന്ത്രിച്ചു...

 ആരാണ് ഈ കിടക്കുന്നത്.. എന്റെ ലോകം.. ഇന്നലെ വരെ എന്റെ കൈപിടിച്ച് സ്വപ്‌നങ്ങൾ നൈതവൾ.. എന്റെ പ്രിയപ്പെട്ടവളെ സാക്ഷിനിർത്തിയുള്ള അവസാന പ്രാർത്ഥനയിൽ ഞാൻ സ്വയം ഉരുകി തീർന്നിരുന്നു.. അവൾക്ക് വേണ്ടി എന്ത് ചെയ്തിട്ടും എനിക്ക് തൃപ്തി ആവുന്നുണ്ടായിരുന്നില്ല... ഇനിയും എന്തൊക്കെയോ അവൾക്ക് ചെയ്ത് കൊടുക്കാൻ ഉള്ളതുപോലെ.. ചുവന്ന മണ്ണിൽ ആറടി ആഴത്തിൽ കുഴിച്ച കബറിന്റെ ഉള്ളിലേക്ക് വാങ്ങി കിടത്തിയതും എന്റെ കൈകൾ കൊണ്ടായിരുന്നു.. ആ നനഞ്ഞ മണ്ണിന്റെ മണം എന്നെ ആസ്വസ്ഥാനക്കി..
അടിക്കബറിൽ ഇറക്കി കെടുത്തുന്നത് വരെ മാത്രമേ ഞാൻ കൂടെ നിന്നുള്ളൂ.. അവളുടെ മേലെ ഒരു പിടി മണ്ണ് പോലും ഇടാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.. അല്ലങ്കിലും ആ മേനിയിൽ ഞാൻ മണ്ണ് വാരി ഇടാനോ അസാധ്യം... എന്റെ കൈകൾക് അതിനു കഴിയില്ല... യഥാർത്ഥത്തിൽ മൂന്ന് പേരെയായിരുന്നു അവിടെ ഒന്നിച്ചു ഒരു കുഴിയിൽ കബറടക്കം ചെയ്തത്... ഒന്ന് എന്റെ നൂറയെ പിന്നെ എന്നെയും.. മൂന്നാമതായി ഒരാൾ കൂടെ ഉണ്ടായിരുന്നു ഈ ലോകം പോലും കാണാൻ ഭാഗ്യമില്ലാതെ പോയ ഞങ്ങളുടെ കുഞ്ഞിനെ.. ഒരു മൂന്ന് മാസം കൂടെ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരു നോക്ക് കാണാൻ കഴിയുമായിരുന്നു... അള്ളാഹു എന്തെങ്കിലും ഖൈർ അതിലും കണ്ടു കാണും.. 

ഞങ്ങൾക്ക്‌ മീതെ മീസാൻ കല്ലുകൾ ഇരു വശങ്ങളിലുമായി വെക്കപ്പെട്ടു.. അല്ലാഹുമ്മ ഉഫിർലഹാ... വർഹംഹാ.. 
ഞാൻ മെല്ലെ പിന്നോട്ട് മാറി കബറിലേക്ക് നോക്കി... ഇരുവശങ്ങളിലുമായി കഴിച്ചിട്ട മൈലാഞ്ചി ചെടികൾക്ക് എന്നോടെന്തൊക്കെയോ പറയാനുള്ളതുപോലെ തോന്നി.... പ്രാർത്ഥനക്കു ശേഷം എല്ലാരും ഞങ്ങളെ ആശ്വസിപ്പിചു കൊണ്ട് മടങ്ങി... 

ഞാനും ഒരു വൃദ്ധനായ മനുഷ്യനും മാത്രം അവിടെ ബാക്കിയായി...

No comments:

Post a Comment